Connect with us

Articles

ഫാസിസം വരുന്ന വഴികളും തടയേണ്ട രീതികളും

Published

|

Last Updated

ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരമേറ്റതോടെ ജനാധിപത്യം പതുക്കെ ഹൈന്ദവ ഫാസിസത്തിലേക്ക് നടന്നടുക്കുന്നു എന്ന തോന്നല്‍ ഇന്ത്യക്കാരുടേത് മാത്രമല്ല; മോദിക്ക് പിന്നില്‍ ചരട് വലിക്കുന്ന വിദേശ കോര്‍പറേറ്റുകള്‍ക്ക് പോലും അതറിയാം. അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ ജനാധിപത്യം തകരുമോ നിലനില്‍ക്കുമോ എന്ന കാര്യത്തിലൊന്നും ആശങ്കപ്പെടേണ്ട കാര്യമില്ല. ലാഭം ഏത് വഴിയിലൂടെ എളുപ്പത്തില്‍ എത്തിപ്പിടിക്കാം എന്ന ചിന്ത മാത്രമാണ് ആഗോള കുത്തക ഭീമന്മാരെ നയിക്കുന്നത്. അതിനു പറ്റിയ ഒരുപകരണം സൃഷ്ടിച്ചെടുക്കുക എന്നത് മാത്രമാണ് ലോക മുതലാളിത്വം ലക്ഷ്യം വെക്കുന്നത്. അതിലവര്‍ വിജയിക്കുന്നിടത്താണ് ഫാസിസവും കടന്നുകയറുന്നതില്‍ വിജയിക്കുന്നത്. അതിനര്‍ഥം രണ്ടും പരസ്പര പൂരകമാണെന്നാണ്. ഇന്ത്യ ഏതാണ്ട് ഈ വഴിയില്‍ സഞ്ചരിക്കുന്ന മൂന്നാം ലോകരാജ്യങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു എന്നിടത്താണ് മോദിയും ബി ജെ പിയും കൂടി ഇന്ത്യാ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.
മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറും ആഗോളവത്കരണ ശക്തികള്‍ക്ക് പരവതാനി വിരിച്ച് ഇന്ത്യയിലേക്ക് അധിനിവേശത്തിന്റെ അദൃശ്യശക്തികളെ ആനയിച്ചു കൊണ്ടുവന്നവര്‍ തന്നെയാണ്. പക്ഷേ, വര്‍ഗീയമായി ജനതയെ വിഭജിച്ചെടുക്കുന്നതില്‍ അവര്‍ വല്ലാതെ താത്പര്യം പ്രകടിപ്പിച്ചവരല്ലായിരുന്നു. ആ ഒരു പ്ലസ് പോയിന്റ് മാത്രമേ കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് ബി ജെ പിയുമായി താരതമ്യം ചെയ്യുമ്പോള്‍ നല്‍കാനാകൂ. സാമ്പത്തിക ഉദാരവത്കരണത്തിലൂടെ ഇന്ത്യയെ അധിനിവേശ ശക്തികള്‍ക്ക് അടിയറവെക്കുന്ന സമീപനം ശക്തിയാര്‍ജിക്കുന്നത് തന്നെ നരസിംഹ റാവുവിന്റെ കാലത്താണ്. അര്‍ജന്റീനയിലും ബ്രസീലിലുമൊക്കെ സംഭവിച്ച കടക്കെണികള്‍ അത്ര രൂക്ഷതയോടെയല്ലെങ്കിലും ഇന്ത്യയേയും വിഴുങ്ങാന്‍ പാകത്തില്‍ വളര്‍ച്ച പ്രാപിച്ചത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ വികല സാമ്പത്തിക നയങ്ങള്‍ മൂലമായിരുന്നു.
എന്നാല്‍, അധികാരം എത്തിപ്പിടിക്കുന്നതിനു മുമ്പ് ബി ജെ പിയും ആര്‍ എസ് എസും സ്വദേശി ഉത്പന്നങ്ങളെക്കുറിച്ചും വൈദേശിക കടന്നുകയറ്റത്തെക്കുറിച്ചും പ്രചാരണങ്ങള്‍ കൊഴുപ്പിച്ചപ്പോള്‍ പലരും വിചാരിച്ചു ഇന്ത്യയിലേക്ക് വിദേശ മൂലധനശക്തികള്‍ക്ക് എളുപ്പത്തില്‍ കടന്നു കയറാന്‍ ബി ജെ പി ഭരണത്തില്‍ കഴിയുമായിരിക്കില്ല എന്ന്. പക്ഷേ, എല്ലാ ശുഭാപ്തി വിശ്വാസത്തിനും അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം. ആര്‍ എസ് എസിന്റെ കടിഞ്ഞാണ്‍ വന്നതോടെ മോദി ഭരണത്തിന് വര്‍ഗീയ മുഖം, ഏതാണ്ടെല്ലാവരും പ്രവചിച്ചത് തന്നെയായിരുന്നു. അപ്പോഴും വിദേശമൂലധന ശക്തികളെ സ്വീകരിക്കുന്നതില്‍ മന്‍മോഹനോളം മുന്നേറില്ല ബി ജെ പിയും മോദിയും എന്ന ഒരു തോന്നല്‍ മൊത്തത്തില്‍ ജനത്തിനുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണത്തേയും കടത്തിവെട്ടി ആഗോള ഭീമന്മാരെ സുഖിപ്പിക്കുന്നതില്‍ മുന്നേറാന്‍ മോദിക്ക് ഒരു വര്‍ഷം പോലും വേണ്ടിവന്നില്ല. പിന്നെ വര്‍ഗീയവത്കരണം സമസ്ത മേഖലകളിലേക്കും കടന്നുകയറാനും അത് തികഞ്ഞ ഫാസിസ്റ്റ് ലക്ഷണം പ്രകടിപ്പിക്കാനും തീരേ കാലതാമസം ഉണ്ടായില്ല.
ഇന്ത്യയെപ്പോലെ ഒരു മതേതര പാരമ്പര്യമുള്ള രാജ്യത്ത് ഫാസിസം എളുപ്പത്തില്‍ വേര് പിടിക്കില്ല എന്നൊക്കെ നാം ആശ്വാസം കൊള്ളുന്നത് കൊള്ളാം. ഒന്നാമത് നിരവധി ജാതികളാലും ഉപജാതികളാലും വിഭിന്നങ്ങളായ ഭാഷാ സംസ്‌കാരങ്ങളാലും കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയെ ഹൈന്ദവതയെന്ന ഒരു ഏക ശിലാ വിഗ്രഹത്തിനു മുമ്പില്‍ തളച്ചിടുകയെന്നത് അസാധ്യമായ ഒന്നാണ്. ജാതിയില്‍ താഴ്ന്നവര്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും സവര്‍ണ ഹിന്ദുവിന് ലഭി ക്കുന്ന ആനുകൂല്യങ്ങളും ഭരണനേട്ടങ്ങളും ഒരിക്കലും ആര്‍ എസ് എസും ബി ജെ പിയും വകവെച്ച് കൊടുക്കില്ല എന്നതും സത്യം തന്നെ. എന്നാലും അവരുടെയൊക്കെ ഉള്ളിലുള്ള ഹിന്ദു എന്ന മതവികാരത്തെ പൊലിപ്പിച്ച് നിര്‍ത്തുന്നതില്‍ മോദി തന്നെ വിജയിപ്പിച്ച പരീക്ഷണചരിത്രം നമുക്ക് മുമ്പിലുള്ളത് മറക്കാനാകില്ല.
ഗുജറാത്ത് കലാപവേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമോത്സുകരായി മുന്നോട്ടുവരാന്‍ ഗുജറാത്തിലെ ജാതിയില്‍ താഴ്ന്ന ഹിന്ദുക്കളെയാണ് മോദിയും ആര്‍ എസ് എസും ഉപയോഗിച്ചത്. അതില്‍ അന്നവര്‍ വിജയിച്ചുവെങ്കില്‍ അന്നത്തെ തന്ത്രങ്ങളുടെ പതിന്മമടങ്ങ് ശക്തി പ്രയോഗിക്കാന്‍ ഇന്ന് ഇന്ത്യയുടെ ഭരണചക്രം തന്നെ തീവ്ര ഹൈന്ദവശക്തികളുടെ കൈയിലുണ്ടെന്നോര്‍ക്കണം. അതിനെ ചെറുത്ത് തോല്‍പ്പിക്കണമെങ്കില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സവര്‍ണരഹിതരായ ഹിന്ദു വിശ്വസികള്‍ക്കിടയിലേക്ക് മതേതര ചിന്തകളും മാനവികതയുടെ മഹനീയ സന്ദേശങ്ങളും എത്തിക്കുകയല്ലാതെ മാര്‍ഗമില്ല. അതിന് കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനത്തിന് ഇന്നത്തെ നിലയില്‍ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. ബി ജെ പിയെ പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനും അവരോടു യോജിച്ചുനില്‍ക്കുന്നവര്‍ക്കും കഴിയുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. പക്ഷേ, ഫാസിസ്റ്റ് അസഹിഷ്ണുതക്കെതിരെയുള്ള പ്രാചാരണങ്ങള്‍ കൊഴുപ്പിച്ചുകൊണ്ടല്ല താത്കാലികമായ വിജയങ്ങള്‍ കോണ്‍ഗ്രസ് നേടിയെടുത്തത് എന്നു കാണണം.
വിലക്കയറ്റം മൂലം പൊറുതിമുട്ടിയതും സാമ്പത്തിക രംഗത്തുണ്ടായ വലിയ തകര്‍ച്ച മൂലം ജനജീവിതം സമസ്ത മേഖലയിലും തകര്‍ന്നടിഞ്ഞതും കാരണമാണ് ബി ജെ പി ഭരണത്തിന് പല സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടത്. ഈ തിരിച്ചടികളെ അവര്‍ മറികടക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശ്വാസകരമായ സാമ്പത്തിക നടപടികള്‍ കൊണ്ടുവന്നുകൊണ്ടാകില്ല. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും തുറുപ്പുചീട്ടായി അവര്‍ കണക്കാക്കുന്നത് തീവ്ര ഹൈന്ദവവികാരം എന്നുള്ളതു തന്നെയാണ്. അതുകൊണ്ടാണ് അയോധ്യയില്‍ ക്ഷേത്രം പണി ഇനി നീട്ടിക്കൂട എന്ന തരത്തിലുള്ള പ്രചാരണം കൊഴുപ്പിക്കുന്നതും അതനുസരിച്ചുള്ള ചില നീക്കങ്ങള്‍ക്ക് ഇപ്പോള്‍ വേഗം വര്‍ധിപ്പിക്കുന്നതും. പശുവിറച്ചിയുടെ പേരിലുള്ള അടുക്കളവൈരം ആളിക്കത്തിക്കുന്നതില്‍ നിന്ന് പിന്മാറാത്തതും അതുകൊണ്ടാണ്. ഈ ഫാസിസ്റ്റ് തന്ത്രം കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചെലവാകും എന്നു തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്.
ആഗോള മുതലാളിത്വത്തിന്റെ അജന്‍ഡയില്‍ ഈ പ്രത്യക്ഷമായ ഫാസിസ്റ്റ് വത്കരണം വരുന്നില്ലെങ്കിലും അവര്‍ക്ക് വേണ്ടത് നിയന്ത്രണങ്ങളില്ലാത്ത ബിസിനസ് ഉദാരവത്കരണത്തിനു ഇന്ത്യന്‍ മണ്ണ് പാകപ്പെടുത്തി എടുക്കുക എന്നതാണ്. അതിനു ഒത്താശ ചെയ്യുന്നതോടെ ഭരണകൂടം നടത്തുന്ന ഏതു ഫാസിസ്റ്റ് തന്ത്രത്തിനും മുതലാളിത്വം കൂട്ടുനില്‍ക്കും. ലോകത്തുണ്ടായ എല്ലാ ഫാസിസ്റ്റ് ഭരണവും അതാതു കാലത്തെ ആഗോള കുത്തകകളുടെ പിന്തുണയോടെ ആയത് ഈ തരത്തില്‍ തന്നെയാണ്. ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന ആശയം തന്നെ ലോകത്തിനു സമ്മാനിച്ച ദിമിത്രോവ് ഫാസിസത്തിന് ഏറ്റവും വലിയ പിന്തുണയാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതില്‍ അടിവരയിട്ട് പറഞ്ഞ കാര്യം കുത്തക മൂലധനവും ബൂര്‍ഷ്വാസിയുടെ ഭരണകൂട ഉപകരണങ്ങളും വഹിക്കുന്ന പങ്കാണ്.
സൂക്ഷ്മമായി കാര്യങ്ങളെ വിലയിരുത്തിയാല്‍ ഇന്ത്യയിലും അതേ തന്ത്രം തന്നെയാണ് പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ബോധ്യമാകും. തൊഴിലാളികളുടെ കൂലിയടക്കമുള്ള കാര്യങ്ങളില്‍ വന്‍ വെട്ടിക്കുറവ് നടത്തുക, പാവപ്പെട്ടവന് ആശ്വാസമായേക്കാവുന്ന സബ്‌സിഡികള്‍ ഒന്നൊന്നായി എടുത്തുകളയുക, സമരം ചെയ്യാനുള്ള ഏറ്റവും മൗലികമായ അവകാശത്തെ പോലും കവര്‍ന്നെടുക്കുക… ഇതൊക്കെ ചെയ്തുകൊണ്ട് മുന്നേറുന്ന മോദി ഭരണകൂടം ലക്ഷ്യമിടുന്നത് ആഗോള മുതലാളിത്വത്തെ പരമാവധി തൃപ്തിപ്പെടുത്തിക്കൊണ്ട് ഫാസിസത്തിലേക്കുള്ള ചുവടുവെപ്പിനു ആക്കം കൂട്ടുക എന്നത് തന്നെയാണ്. അതില്‍ വിജയിച്ചുകഴിഞ്ഞാല്‍ തത്കാലം ഒരു ഭരണമാറ്റം സംഭവിച്ചാല്‍ കൂടി ഫാസിസത്തിന് വളക്കൂറുള്ള മണ്ണായി ഇന്ത്യന്‍ ഭൂമികയെ നിലനിര്‍ത്താനാകുമെന്ന് അവര്‍ക്കറിയാം.
അതുകൊണ്ടു തന്നെ ഫാസിസത്തിനെതിരായുള്ള ചെറുത്തുനില്‍പ്പ് സമ്പൂര്‍ണ വിജയത്തിലെത്തണമെങ്കില്‍ ലാഭക്കൊതി മാത്രം ലക്ഷ്യമാക്കി ഇന്ത്യയെ കാല്‍ക്കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന എല്ലാതരം കുത്തകകള്‍ക്കെതിരെയും അതിശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. അതിന് ഇന്ത്യയില്‍ മൊത്തം വേരോട്ടമുള്ള ജനപക്ഷ ശക്തികള്‍ ഇനിയും വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതു തന്നെയാണ് പ്രശ്‌നം. ഫാസിസത്തിന് വിത്തിറക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ മണ്ണ് പരുവപ്പെടുത്തിയെടുക്കുന്നതില്‍ ഇവര്‍ക്കുള്ള പ്രതീക്ഷയും വളര്‍ന്നുവരേണ്ട ജനപക്ഷ രാഷ്ട്രീയ ശക്തികളുടെ ബലക്കുറവ് തന്നെയായി രിക്കണം. ഫാസിസം ഭൂരിപക്ഷ മതത്തിന്റെ അനുയായികളെ ബ്രെയിന്‍ വാഷ് ചെയ്ത് വളര്‍ച്ച പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു മതങ്ങളുടെ ബാനറുകളില്‍ സംഘടിച്ചുകൊണ്ട് അതിനെ ചെറുക്കാന്‍ ഒരിക്കലും സാധ്യമാകില്ലെന്ന തിരിച്ചറിവും ഉണ്ടായെ തീരൂ. കാരണം അതോടെ വളര്‍ന്നുപന്തലിക്കുന്ന മതവൈരം ഭൂരിപക്ഷ വര്‍ഗീയതക്ക് വളമാകും എന്നുറപ്പാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ സവര്‍ണ ഫാസിസ്റ്റുകള്‍ മതത്തിന്റെ പേരിലുള്ള അസഹിഷ്ണുത വളര്‍ത്താന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതും. അപ്പോള്‍ ഫാസിസത്തിനെതിരായ മര്‍മമറിഞ്ഞ ചികിത്സ ആരംഭിക്കേണ്ടത് ആഗോള കുത്തകകള്‍ക്കെതിരെയുള്ള നിലപാടുകള്‍ കടുപ്പിച്ചും വര്‍ഗീയതക്കെതിരെയുള്ള മതനിരപേക്ഷതയെ പരമാവധി കൂട്ടിയോജിപ്പിച്ചുമാകണം.

 

Latest