Connect with us

Articles

തട്ടാമുട്ടി രാഷ്ട്രീയവും ദൈവരഹിത മതങ്ങളും

Published

|

Last Updated

ദൈവം ഒരു മനുഷ്യനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അയാള്‍ക്ക് കുറെ ശിഷ്യന്മാരെ നല്‍കുമെന്ന് പറഞ്ഞത്- നമ്മുടെ കാലത്ത് ഏറെ ഉദ്ധരിക്കപ്പെട്ടു കേള്‍ക്കാറുള്ള- ഓഷോ രജനീഷ് ആണ്. ഇദ്ദേഹം പല കാര്യങ്ങളിലും ഒരുതരം കറുത്ത ഫലിതത്തിന്റെ ഉപജ്ഞാതാവായിരുന്നല്ലോ. അദ്ദേഹം പറഞ്ഞതെല്ലാം ആദ്ദേഹത്തിന് മുമ്പ് മറ്റു പല ഗുരുക്കന്മാരും പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചതാണ്. സോണിയ ഗാന്ധി, ശ്രീനാരായണ ഗുരുവിനെ വെള്ളാപ്പള്ളി നടേശനും കുമ്മനം രാജശേഖരനുമൊക്കെ തട്ടിയെടുത്തു സ്വന്തമാക്കാന്‍ പരിശ്രമിക്കുന്നതിന്റെ അപകടം വിവരിക്കുന്നത് കേട്ടപ്പോള്‍ ഓഷോ പറഞ്ഞതിന്റെ അന്തരാര്‍ഥത്തെ കുറിച്ച് ചിന്തിച്ചുപോയി. പത്ത് പ്രാവശ്യം പിഴച്ചുപെറ്റവള്‍ ആദ്യത്തെ അവിഹിത ഗര്‍ഭധാരണയെ വിമര്‍ശിക്കുന്നതിന് തുല്യമായിട്ടുണ്ട് ഈ കുറ്റപ്പെടുത്തല്‍.
വിമാനമോ മറ്റു വാഹനങ്ങളോ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടു പോകുന്നതിനെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ “ഹൈജാക്കിംഗ്” എന്നൊരു പ്രയോഗം നിലവിലുണ്ട്. എന്നാല്‍ ആത്മീയ ഗുരുക്കന്മാര്‍, ആദര്‍ശ രാഷ്ട്രീയ നേതാക്കള്‍ രക്തസാക്ഷികള്‍ ഇവരെയൊക്കെ അവരുടെ മരണശേഷം തട്ടിക്കൊണ്ടു പോയി സ്വന്തമാക്കുന്നവരെ വിശേഷിപ്പിക്കാന്‍ ആധുനിക ഭാഷകളിലൊന്നും അനുയോജ്യ വാക്കുകളില്ല. അതുകൊണ്ടാണ് മലയാള ഭാഷാ ശൈലിക്കിണങ്ങുംവിധം തട്ടാമുട്ടി രാഷ്ട്രീയം എന്ന് പ്രയോഗിച്ചത്. ഈ പ്രവണതക്ക് നൂറ്റാണ്ടുകളുടെയല്ല. സഹസ്രാബ്ദങ്ങളുടെ തന്നെ പഴക്കമുണ്ട്. സ്വന്തമായി യാതൊരു സമ്പത്തും ഉണ്ടാക്കാന്‍ കഴിവില്ലാത്തവര്‍ പൂര്‍വികരുടെ സമ്പത്തും സ്വന്തമാക്കി വമ്പന്മാരായി ഭാവിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതൊരു തരം ഹൈജാക്കിംഗ് ആണ്.
ഇവര്‍ സാക്ഷാല്‍ ദൈവത്തെ തന്നെ ഹൈജാക്ക് ചെയ്തു ബന്ധിയാക്കിയിരിക്കുന്നു. മതവും ദൈവവും തമ്മിലുള്ള നാഭീനാള ബന്ധത്തെ യാതൊരു ദാക്ഷിണ്യവും കൂടാതെ വെട്ടിമുറിച്ച് ദൈവത്തെ തട്ടിക്കൊണ്ടു പോയി ബന്ധിച്ചിരിക്കുകയാണ്. ഇവരുടെ ആദ്യനടപടി തങ്ങളുടെ ഇച്ഛക്ക് വിരുദ്ധമായ ഒരു ദൈവത്തെ വെച്ചുവാഴിക്കാന്‍ അനുവദിക്കുകയില്ലെന്നതാണ്.
യേശുക്രിസ്തുവാണ് ചരിത്രത്തില്‍ ഇങ്ങനെ സ്വന്തം അനുനായികളാല്‍ വഞ്ചിക്കപ്പെട്ട ആദ്യത്തെ ലോക ഗുരു. എല്ലാവരും കൂടി അദ്ദേഹത്തെ ദൈവമാക്കി. അതോടെ യഥാര്‍ഥ ദൈവം ക്രൈസ്തവ ലോകത്തോട് സലാം പറഞ്ഞ് പിന്‍വാങ്ങി. ക്രിസ്തുവിന്റെ അനുയായികള്‍ എന്ന അര്‍ഥത്തില്‍ സ്ഥാപിതമായ ക്രിസ്ത്യന്‍ ചര്‍ച്ച് ക്രിസ്തുവിനെ തന്നെ പാതി വഴിയില്‍ ഉപേക്ഷിക്കുകയും അദ്ദേഹത്തിന്റെ അമ്മയേയും ആദ്യകാല ശുദ്ധാത്മാക്കളേയും ദൈവങ്ങളാക്കുകയും അവരുടെ നാമത്തില്‍ പള്ളികള്‍ പണിത് പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പുകാരായി അവരോധിതരാകുകയും ചെയ്തു. അതോടെ ലോകത്തെ ക്രിസ്ത്യാനികള്‍ ഇല്ലാതാകുകയും പകരം ചര്‍ച്ചിയാനികള്‍ പ്രബലപ്പെടുകയും ചെയ്തു.
ഇത് പാശ്ചാത്യ മതാത്മകതയുടെ ഹ്രസ്വ ചരിത്രം. പൗരസ്ത്യ നാടുകളിലും സ്ഥിതിഗതികള്‍ ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല. ബ്രഹ്മാവും വിഷ്ണുവും ശിവനും മാത്രമല്ല വര്‍ധമാന മഹാവീരനും ശ്രീബുദ്ധനുമൊക്കെ അനുയായികളുടെ വികലമായ വ്യാഖ്യാനങ്ങളുടെ കൂരമ്പേറ്റ് പിടഞ്ഞു വീഴുകയും നാടുവിട്ട് പോകുകയും ചെയ്തു. തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ ലൈംഗിക സുഖത്തിനായി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സമര്‍ഥിക്കാന്‍ ഐ എസ് ഭീകരന്മാര്‍, ശരീഅത്തും ഹദീസും ഉദ്ധരിക്കുന്നതും നമ്മള്‍ ഇതിനകം കേട്ടു. സ്വന്തം രാഷ്ട്രീയ നിലപാടുകളോട് യോജിക്കാത്തതിന്റെ പേരില്‍ പെറ്റമ്മയെ പരസ്യമായി വെടിവച്ച് കൊന്ന ഐ എസ് തീവ്രവാദിയെ കുറിച്ച് സിറിയയില്‍ നിന്നുള്ള വാര്‍ത്തകളില്‍ നമ്മള്‍ വായിച്ചു. ഇത്തരം ഹീനകൃത്യങ്ങളെല്ലാം മനുഷ്യര്‍ ദൈവത്തിന്റെ കണക്കില്‍ എഴുതിച്ചേര്‍ത്ത് സ്വയം നീതീകരിക്കുന്നതാണാശ്ചര്യം. ഇതെല്ലാം ആലോചിക്കുമ്പോള്‍ ഗുരുവും അയ്യങ്കാളിയുമൊക്കെ വെള്ളാപ്പള്ളിയുടെയും കുമ്മനത്തിന്റെയും തോളില്‍ കയറി സവാരി ചെയ്യുന്നതില്‍ സോണിയ ഉത്കണ്ഠപ്പെടേണ്ടതൊന്നുമില്ല.
മാഡത്തിന്റെ ചരിത്രം ആര്‍ക്കാണറിയാത്തത്? ഇപ്പോള്‍ ചില സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അവരുടെ മുഖപത്രങ്ങള്‍ വഴി ചില ഗവേഷണങ്ങളൊക്കെ തുടങ്ങിയിരിക്കുന്നു. പറഞ്ഞു പഴകിയ കുറ്റങ്ങളാണ് അവരുടെ മാതാപിതാക്കളെ കുറിച്ചും അവരുടെ മതരാഷ്ട്രീയ നിലപാടുകളെ കുറിച്ചുമൊക്കെ പുതിയ വെളിപാടുപ്പെകളെന്ന നിലയില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ദര്‍ശന്‍ ഇപ്പോള്‍ ആവര്‍ത്തിച്ചത്. ഇതിലൊന്നും വലിയ അര്‍ഥമില്ല. അവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഗാന്ധി നെഹ്‌റു പൈതൃകത്തോട് അവര്‍ക്കുള്ള കൂറാണ് നമുക്ക് പ്രധാനം. ഗാന്ധിയും കോണ്‍ഗ്രസും തമ്മിലെന്ത്? ഈ ചോദ്യം പുതിയ തലമുറയില്‍ നിന്ന് ഉയരുമ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനേ ഇന്നത്തെ കോണ്‍ഗ്രസിന് കഴിയൂ. നെഹ്‌റുവിലേക്ക് വരുമ്പോഴും സ്ഥിതി മറിച്ചല്ല. നെഹ്‌റുവിന്റെ നേതൃപാടവവും ധൈഷണിക ഗിരിമയും ഇന്നേത് കോണ്‍ഗ്രസുകാര്‍ക്കാണുള്ളത്?
കേരളത്തില്‍ നിന്നുള്ള ഒരു എ കെ ആന്റണിയിലാണ് ഈ വക ഗുണങ്ങള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭുതങ്ങളാണ് ഇന്ന് കേരളത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം ഈ സ്തുതിപാഠകര്‍ മറക്കുന്നു. സ്വയം അഴിമതിക്കതീതനായിരിക്കുമ്പോള്‍ തന്നെ അഴിമതിക്കും കെടുകാര്യസ്ഥതക്കും അഭയം നല്‍കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചിട്ടില്ല എന്നതാണ് ചരിത്രം. ആ പാരമ്പര്യമാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധി. ചാരായത്തിന് പകരം ബ്രാണ്ടി, ബ്രാണ്ടിക്കു പകരം ബിയര്‍, വൈന്‍ ഇത്തതരം പരിഷ്‌കാരങ്ങളിലൂടെ മാനിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും എന്ന നിലപാടിലെ ആത്മാര്‍ഥതാരാഹിത്യം സാമാന്യ ബുദ്ധിയുള്ളവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകെ തകര്‍ത്തുകൊണ്ട് സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന് വാതില്‍ തുറന്നുകൊടുത്തതും ആന്റണിയാണ്.
കോണ്‍ഗ്രസിനെ കേരളത്തിലെ പ്രബല കക്ഷിയായി വളര്‍ത്തിയ കെ കരുണാകരന്‍ പ്രതിയോഗിയാകുന്നു എന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ മൂലക്കിരുത്താന്‍ ആന്റണിയും അനുയായികളും എടുത്തണിഞ്ഞ ആദര്‍ശ കുപ്പായം കണ്ട് പല ശുദ്ധാത്മാക്കളും രോമാഞ്ചം കൊണ്ടു. മുന്നണി രാഷ്ട്രീയമെന്ന ഊരാക്കുടുക്കില്‍ നിന്ന് കേരളത്തിനൊരുകാലത്തും രക്ഷയില്ലെന്ന അവസ്ഥക്ക് സുത്രധാരത്വം വഹിച്ചു എന്ന ബഹുമതിയായിരിക്കും ചരിത്രം ആന്റണിക്ക് പതിച്ചു നല്‍കാന്‍ പോകുന്നത്. ഏതാണ്ടിതൊക്കെ തന്നെയാണ് ഗാന്ധിജിയേയും നെഹ്‌റുവിനേയും ഹൈജാക്ക് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും പയറ്റിയത്.
കോണ്‍ഗ്രസിന് ബദലാകുമെന്ന് പ്രതീക്ഷിച്ച വിവിധ ബ്രാന്‍ഡ് സോഷ്യലിസ്റ്റ് കക്ഷികളും സോഷ്യലിസത്തിനും ജനാധിപത്യത്തിനുമൊക്കെ അവര്‍ക്കു തോന്നിയ പോലുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ചമച്ച് പല കഷണങ്ങളായി വിഭജിക്കപ്പെട്ടു. രാജ്യത്തിന്റെ ഐക്യമെന്നത് ഒരു മിഥ്യാ സ്വപ്‌നമായി പരിണമിച്ചു. മതപരമായ വേര്‍തിരിവുകളേക്കാള്‍ കൂടുതല്‍ അപകടകാരിയായ സമുദായ സമവാക്യങ്ങളാകും ഇനിയങ്ങോട്ട് രാജ്യത്തിന്റെ ഭാവിയുടെ ദിശാ സൂചകമാകുക എന്നാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് തെളിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനേയും ഇടതുപക്ഷ കക്ഷികളേയും തിരസ്‌കരിച്ച് ബി ജെ പി കൂടാരത്തില്‍ ചേക്കാറാന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പിന്നാക്ക ഹിന്ദു ഐക്യ നിരയെ കളത്തിലിറക്കുക എന്ന പരീക്ഷണത്തിന് ആര്‍ എസ് എസ് പച്ചക്കൊടി കാണിച്ചത്. ഇതിന്റെ അമരക്കാരനാകാന്‍ കുമ്മനത്തെ പോലെ യോഗ്യനായ മറ്റാരും കേരളത്തിലില്ലെന്ന് ആരും സമ്മതിക്കും. അദ്ദേഹം കേരളത്തിലെ ഹിന്ദുക്കളുടെ മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ടിട്ട് എത്രയോ കാലമായി.
മിക്ക ഹൈന്ദവ ക്ഷേത്രങ്ങളിലേയും ഉത്സവത്തിനനുബന്ധമായി പണ്ട് നടത്തിയിരുന്ന കഥകളിയും കഥാപ്രസംഗവും കരിമരുന്ന് പ്രയോഗവുമൊക്കെ ഏറേക്കുറെ അവസാനിച്ചു കഴിഞ്ഞു. അതിന് പകരം കുമ്മനത്തിന്റെ മണിക്കൂറുകള്‍ നീണ്ട പ്രസംഗമാണ് ഫലപ്രദമെന്ന് ഉത്സവക്കമ്മിറ്റിക്കാര്‍ക്ക് ബോധ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. അഥവാ ഈ കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അവരെ ആ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാകത്തില്‍ ക്ഷേത്ര നിയമങ്ങള്‍ തിരുത്തണം എന്നാണ് കേരളത്തിലെ ഹൈന്ദവ ദൈവ ശാസ്ത്രത്തിന്റെ അഭിനവ ആചാര്യന്മാര്‍ അനുയായികളെ ബോധവത്കരിക്കുന്നത്. അതിനായി അവര്‍ ശങ്കരാചാര്യരുടെ പഴയ വര്‍ണാശ്രമ വിശകലനമൊക്കെ മാറ്റി വെച്ച് തത്കാലം നാരായണനെ പിടികൂടിയിരിക്കുകയാണ്. അയ്യങ്കാളിയേയും എന്തിന് പ്രത്യക്ഷ രക്ഷാ സഭയുടെ ആചാര്യന്‍ പൊയ്കയില്‍ അപ്പച്ചനെ പോലുള്ള പിന്നാക്കസമുദായ സമുദ്ധാരകരേയും വരെ സംഘ്പരിവാറിന്റെ ഫഌക്‌സ് ബോര്‍ഡുകളില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. തട്ടിക്കൊണ്ടു പോകല്‍ രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതൊന്നും അത്ര അസംഭവ്യമെന്ന് ആരും കരുതേണ്ടതില്ല. ഇത് കേരളമല്ലേ ഇവിടെ എന്തും സംഭവിക്കാം. (9446268581)

 

Latest