Connect with us

International

പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് യു എസ് കോണ്‍ഗ്രസ് വിലക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് എട്ട് എഫ്- 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള നീക്കം യു എസ് കോണ്‍ഗ്രസ് തടഞ്ഞു. കോണ്‍ഗ്രസ്, നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പാക് പത്രം “ഡോണ്‍” ആണ് ചൊവ്വാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാക്കിസ്ഥാനോട് കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയിട്ടുണ്ട്. പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഒബാമ ഭരണകൂടത്തിന് സെനറ്റില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പഠാന്‍കോട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാക് ഭരണകൂടം ചില നടപടികള്‍ കൈക്കൊള്ളുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ തടഞ്ഞുവെക്കല്‍ നിര്‍ദേശം അമേരിക്കന്‍ കോണ്‍ഗ്രസ് മാറ്റാനുള്ള സാധ്യതയും ഇല്ലാതില്ല.
പഠാന്‍കോട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കാനും പാക് ഭരണകൂടം ഇത്തവണ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നടപടി എടുക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. തങ്ങള്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ ഭീകരവാദികള്‍ക്കെതിരെയുള്ള നടപടികളില്‍ വിവേചനം കാണിക്കുന്നില്ലെന്ന് കൂടി അവര്‍ പരസ്യമായി പ്രഖ്യാപിക്കണം. പാക്കിസ്ഥാന്‍ പറയുന്ന വാക്കുകളെ പിന്തുണക്കുന്ന പ്രവര്‍ത്തികളും അവിടെ നിന്നുണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.