Connect with us

Wayanad

ഓമനയുടെയും മക്കളുടെയും ജീവിതം ദുരിത പൂര്‍ണം

Published

|

Last Updated

പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ നീരട്ടാടി ഓടക്കൊല്ലി കോളനിയില്‍ അരഡസനോളം കോളനിക്കിടയില്‍ വൈദ്യുതിയും ശുചിത്വമുറികളും ഇല്ലാത്ത ഏക വീടാണ് ഓമനയുടേത്. പരാതീനതകളും അര്‍ദ്ധ പട്ടിണിയുമായ ഓമനയടക്കം പന്ത്രണ്ട് പേര്‍ കഴിയുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നല്‍കിയ വീട്ടിലാണ്. എന്നാല്‍ വീടിന്റെ മേല്‍ക്കൂര ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയാണ് ഭീതിയോടെയാണ് പിഞ്ചു മക്കളടക്കം ഓമന ഈ കുടിലില്‍ കഴിയുന്നത്. 19 വര്‍ഷത്തിനിടയില്‍ 11 കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ ഓമനക്ക് ഇപ്പോള്‍ 36 വയസ്സായി. 13 കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയെങ്കിലും പ്രസവാനന്തരം രണ്ട് കുട്ടികള്‍ മരണപ്പെടുകയാണുണ്ടായത്. ഇളയ കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിന് മുമ്പ് ഭര്‍ത്താവിന്റെ മരണമാണ് ഓമനയുടെയും മക്കളുടെയും ജീവിതം താളം തെറ്റിച്ചത്.
പതിനഞ്ചാം വയസ്സിലായിരുന്നു ഓമനയുടെ കല്യാണം. പനമരം മാത്തൂര്‍ കോളനിയിലെ കറപ്പന്‍ കുളളി ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെയായിരുന്നു ഗോപാലന്‍. മരം കയറ്റിറക്കുന്ന ജോലിയായിരുന്നു ഗോപാലന്. ചെറുപ്പത്തിലേ ഉണ്ടായിരുന്ന വയറ് വേദന നാട്ടു വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് ചികിത്സ നടത്തിവരികയായിരുന്നു.
മരണത്തിന് തലേന്ന് വലരെ ജോലിക്ക് പോയിരുന്ന ഗോപാലന് അര്‍ദ്ധരാത്രിയാണ് വയറ് വേദന കലശലായത്. ആശുപത്രിയില്‍ എത്തിക്കാനുളള സാവകാശം പോലും ലഭിക്കാതെയാണ് ഗോപാലനെ മരണം തട്ടിയെടുത്തത്. ഗോപാലന്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. അതുവരെ ഭാര്യയെ ജോലിക്ക് വിടാന്‍ മടി കാണിച്ചു. തുടരെ തുടരെയുളള ഓമനയുടെ പ്രസവവും ഗോപാലന്റെ പെട്ടെന്നുളള മരണവും ഓമനയുടെ ശരീരം തളര്‍ത്തിയിരുന്നു.
ഭര്‍ത്താവുളളപ്പോള്‍ മൂന്ന് നേരവും നല്ല രീതിയില്‍ ഭക്ഷണം ലഭിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ഓമനയും മക്കളും അര്‍ദ്ധ പട്ടിണിയിലായി. പ്രായ പൂര്‍ത്തിയായ ശശിയും, സജിനയും, സജിത്തും കല്യാണം കഴിഞ്ഞ് വേറെയാണ് താമസം. ദാരിദ്ര്യം പിടി മുറുകിയപ്പോള്‍ 18 വയസ്സുളള സജിത ബന്ധു വീട്ടിലാണ് താമസം. ഇളയ കുഞ്ഞിനെ വിട്ട് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച മീന എന്നകുട്ടിക്ക് പഠിപ്പ് മുടക്കേണ്ടി വന്നു. അവളാണ് പകല്‍ സമയങ്ങളില്‍ മറ്റുളള കുട്ടികളെ പരിചരിക്കുന്നത്. ഓമനകൂലി പണി ചെയ്ത് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ഒരു നേരത്തെ ആഹാരത്തിന് മാത്രമെ തികയുകയുളളൂ. രാത്രി വെച്ച ഭക്ഷണത്തിന്റെ ബാക്കിവരുന്ന ഭാഗം കാലത്ത് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് കൊടുക്കും. പൂര്‍ണമായും കുട്ടികള്‍ക്ക് വിശപ്പടക്കാന്‍ കഴിയുന്നത് സ്‌കൂളിലെ ഉച്ചക്കഞ്ഞി കൊണ്ടാണ്.
സ്‌കൂളില്ലാത്ത സമയം പകല്‍ സമയം മിക്കപ്പോളും ഭക്ഷണം കഴിക്കാതെയാണ് കുട്ടികള്‍ നില്‍ക്കുന്നതെന്ന് ഓമന പറഞ്ഞു. മിക്ക സമയങ്ങളിലും അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ആശ്രയം. വസ്ത്രത്തിന്റെ കാര്യത്തിലും ദാരിദ്ര്യമാണ്. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഓമനയെയും കുടുംബത്തേയും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് അയല്‍പക്കത്തെ കോളനിക്കാര്‍ പറയുന്നത്.
പ്രസവത്തിനുശേഷം ഓമന സ്വന്തം നിലയിലായിരുന്നു പ്രസവാന്തര ശുശ്രൂഷ ചെയ്തിരുന്നത്. ആദ്യത്തെ പ്രസവത്തിന് അമ്മ ചെട്ടിയുടെ സഹായം ഉണ്ടായിരുന്നു. 13 മക്കളെയും പ്രസവിച്ചതിനു ശേഷം സ്വന്തം തന്നെയാണ് പൊക്കിള്‍ കൊടി മുറിച്ച് മാറ്റിയത്. എന്നാല്‍ മുതിര്‍ന്ന മക്കളുടെ സഹായവും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. ഒന്നാം ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ വരെ പഠിക്കുന്ന കുട്ടികള്‍ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പോലും സൗകര്യം ഇല്ല. കൊടും തണുപ്പിലും പിഞ്ഞ് കുട്ടികളെയും എടുത്ത് പുഴ പുറമ്പോക്കിലാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് ഓമന ഗദ്ഗദത്തോടെ പറഞ്ഞു.
കഴിഞ്ഞ ദിസവം പനമരത്തെ പി എച്ച് സി യിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ അരിയും പയറുമാണ് ഈ വീട്ടില്‍ അവശേഷിക്കുന്ന ഭക്ഷണമെന്ന് ഹെല്‍ത്ത് സ്റ്റാഫ് അംഗം സൗദാമിനി പറഞ്ഞു. കുഞ്ഞിന് മുലയൂട്ടാനുളള പാല്‍ പോലും കിട്ടുന്നില്ലെന്ന് ഓമന പറഞ്ഞു. ഭയം കൂടാതെ കിടന്ന് ഉറങ്ങാനുളള വീട് ലഭിക്കണമെന്നാണ് ഓമനയും കുടുംബവും പറയുന്നത്.
കോടികള്‍ ചെലവാക്കി ട്രൈബല്‍ വകുപ്പ് അധികൃതര്‍ ഇത്തരക്കാരുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴും ഈ വിധം പട്ടിണി കിടക്കുന്നത് കാണാതെ പോകുന്നത് ദുരിതമാണെന്ന് പ്രദേശവാസിയായ പടയന്‍ ഇബ്‌റാഹീം പറഞ്ഞു.

Latest