Connect with us

Malappuram

കാര്യാട് കടവ് പാലം അടുത്ത മാസം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ കാര്യാട് കടവ് പാലം അടുത്തമാസം ആദ്യത്തില്‍ ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി പാലം ഉദ്ഘാടനം ചെയ്യാനുള്ള വിധത്തില്‍ ത്വരിതഗതിയിലാണ് പ്രവൃത്തി നടക്കുന്നത്.
ഇരുകരയിലേക്കുമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. മൂന്നിയൂര്‍ വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടലുണ്ടി പുഴക്ക് കുറുകെ കാര്യാട് കടവിലാണ് പാലം പണി പുരോഗമിക്കുന്നത്. അടുത്തമാസം പകുതിയോടെ പണി പൂര്‍ത്തീകരിച്ച് പാലം തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. 12 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. പുഴക്ക് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. പുഴയില്‍ ഏഴ് തൂണുകളാണ് പാലത്തിനുള്ളത്. എട്ട് മീറ്റര്‍ വീതി റോഡിനും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പാലത്തിന് ടാറിംഗ് മാത്രമാണ് ബാക്കിയുള്ളത്.
വള്ളിക്കുന്ന് പഞ്ചായത്തിലെ കൂട്ടുമൂച്ചി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന് 160 മീറ്റര്‍ നീളമാണുള്ളത്. റോഡിന് പാലം തുടങ്ങുന്നിടത്ത് 21 മീറ്ററോളം വീതിയുണ്ട്. അവസാനത്തേക്ക് 15 മീറ്റര്‍ വീതിയാണുള്ളത്. അതേ സമയം മൂന്നിയൂര്‍ കളിയാട്ടമുക്ക് ഭാഗത്ത് അപ്രോച്ച് റോഡിന് 165 ലധികം നീളമുണ്ട്. കളിയാട്ടമുക്ക് ഭാഗത്ത് അപ്രോച്ച് റോഡിന്റെ ഒരു വശത്തുള്ള ഭിത്തി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
10 വര്‍ഷം മുമ്പാണ് പാലം പ്രവൃത്തി ആരംഭിക്കുന്നത്. 2005ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം കെ മുനീറാണ് പാലത്തിന് തറക്കല്ലിട്ടത്. അപ്രോച്ച് റോഡിനുള്ള സ്ഥലം അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാതെ പാലം പണി പകുതിയില്‍ മുടങ്ങുകയായിരുന്നു. പാലത്തിനായി അഞ്ച് തൂണിന്റെ പ്രവൃത്തി പൂര്‍ത്തിയായ സമയത്താണ് സ്ഥല പ്രശ്‌നത്താല്‍ പാലം പണി പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത്. ശേഷം ഇപ്പോഴത്തെ എം എല്‍ എ അഡ്വ. കെ എന്‍ എ ഖാദിറിന്റെ ശ്രമത്താലാണ് പാലം പ്രവൃത്തി വീണ്ടും തുടങ്ങാനായത്. പാലം പൂര്‍ത്തിയായാല്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, വള്ളിക്കുന്ന്, മൂന്നിയൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും
പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലയിലുള്ളവര്‍ക്ക് കളിയാട്ടക്കാവിലേക്കും മുട്ടിച്ചിറ ശുഹാദാക്കളുടെ പള്ളിയിലേക്കും മൂന്നിയൂരിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. മൂന്നിയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് ഉള്ളാണത്തേക്കും, യൂ സിറ്റിയിലേക്കും, വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷനിലേക്കുമുള്ള യാത്ര സുഖമമാകും. കാത്തിരിപ്പിനൊടുവില്‍ പാലം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

Latest