Connect with us

Malappuram

മതസൗഹാര്‍ദത്തിന്റെ പ്രസക്തി ഉണര്‍ത്തി ഉപരാഷ്ട്രപതി

Published

|

Last Updated

മലപ്പുറം: ഇന്ത്യയുടെ രണ്ടാമത്തെ പൗരനെ വരവേറ്റ് മലപ്പുറം. കോഴിക്കോട് നിന്ന് ദേശീയ പാത വഴി മലപ്പുറത്തേക്ക് എത്തുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ സ്വീകരിക്കാന്‍ റോഡരികുകളില്‍ ജനങ്ങള്‍ തമ്പടിച്ചിരുന്നു. പഴുതടച്ച സുരക്ഷയൊരുക്കിയാണ് അദ്ദേഹത്തെ മലപ്പുറത്തെ വേദിയിലും തുടര്‍ന്ന് കോഴിക്കോട്ടും എത്തിച്ചത്.
രാവിലെ കോഴിക്കോട്ട് നിന്ന് പുറപ്പെട്ടതുമുതല്‍ ഇദ്ദേഹം സഞ്ചരിച്ച വഴികളിലൂടെ ഈ സമയം മറ്റു വാഹനങ്ങളൊന്നും കടത്തി വിട്ടില്ല. ഇത് പൊതു ജനങ്ങളെ ഏറെ വലച്ചു. കോഴിക്കോട്ടെയും മലപ്പുറത്തെ വന്‍ പോലീസ് വ്യൂഹം തന്നെ അദ്ദേഹത്തെ അനുഗമിച്ചു. ആയിരത്തോളം പോലീസുകാരെയാണ് ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്നത്. റോഡ് അരികിലും പ്രധാന ടൗണുകളിലുമെല്ലാം പോലീസ് നിലയുറപ്പിച്ചിരുന്നു. മത മൈത്രി സമ്മേളനം നടന്ന മലപ്പുറത്തെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദേഹ പരിശോധനക്ക് ശേഷം മൂന്ന് ഘട്ടങ്ങളില്‍ പരിശോധന കഴിഞ്ഞ ശേഷമാണ് അകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. മഫ്തിയില്‍ പോലീസ് ആളുകളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സല്‍മ അന്‍സാരിയും കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും മലപ്പുറത്തേക്ക് വരികയുണ്ടായില്ല. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു യാത്ര.
ഓഡിറ്റോറിയം തികഞ്ഞ നിശബ്ദതയിലായിരുന്നു. മണിക്കൂറുകളോളം കാത്തിരുന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്യൂട്ടണിഞ്ഞെത്തിയ ഉപരാഷ്ട്രപതിക്ക് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇരിപ്പിടം കാണിച്ചുകൊടുത്തു.
ദേശീയ ഗാനത്തിന് ശേഷമാണ് അദ്ദേഹവും മറ്റ് വേദിയിലുണ്ടായിരുന്നവരും കസേരയിലിരുന്നത്. പതിനഞ്ച് മിനിറ്റോളം നീണ്ട ഉപ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവും പാലിക്കപ്പെടേണ്ടതിന്റെ ആവശ്യമാണ് ഉണര്‍ത്തിയത്. കേരളത്തിന്റെ മത സൗഹാര്‍ദത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. സഹിഷ്ണുതയുടെ രാഷ്ട്രീയം എന്നി വിഷയത്തില്‍ നടന്ന സെമിനാറില്‍ ശശിതരൂര്‍ എം പി, ഡോ. ഡി ബാബുപോള്‍, കെ പി രാമനുണ്ണി, മുനവറലി ശിഹാബ് തങ്ങള്‍, ഓണംമ്പള്ളി മുഹമ്മദ് ഫൈസി, ഫൈസല്‍ ബാബു പ്രസംഗിച്ചു.

Latest