Connect with us

Business

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ഖത്വറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

Published

|

Last Updated

ദോഹ: യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുള്ള പ്രമുഖ ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ഖത്വറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അഞ്ചു ഗള്‍ഫ് നാടുകളിലും സാന്നിധ്യമുള്ള കമ്പനി ഖത്വറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ആറു മാസത്തിനകം ദോഹയില്‍ സാന്നിധ്യമുണ്ടാകുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.
മിഡീല്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ റീ ഇന്‍ഷ്വറന്‍സ് ഡസ്‌ക് ആരംഭിക്കും. കമ്പനിയുടെ ബി ടു സി മോണിറ്റര്‍ ഇന്‍ഷ്വറന്‍സ് പോളിസി കഴിഞ്ഞ ദിവസം ദുബൈയില്‍ ലോഞ്ച് ചെയ്തു. ലണ്ടനില്‍ കമ്പനിയുടെ റീഇന്‍ഷ്വറന്‍സ് ഡസ്‌ക് 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ കമ്പനിയുടെ പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ദുബൈ ഫിനാന്‍ഷ്യല്‍ സെന്ററിലെ ഡസ്‌ക് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും കമ്പനി ചെയര്‍മാനും എം ഡിയുമായ ജി ശ്രീനിവാസ പറഞ്ഞു.
ലോകത്ത് 27 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി നേരിട്ടുള്ള ബ്രാഞ്ചുകളിലൂടെയും ഏജന്‍സികളിലൂടെയും പ്രവര്‍ത്തിക്കുന്നു. മൂന്നു സബ്‌സിഡയറി കമ്പനികളുമുണ്ട്. ലോകാടിസ്ഥാനത്തില്‍ 2.7 ബില്യന്‍ ഡോളറിന്റെ ബിസിനസാണ് കഴിഞ്ഞ വര്‍ഷം കമ്പനി നടത്തിയത്. ഗള്‍ഫില്‍ യു എ ഇയും ഒമാനുമാണ് കൂടുതല്‍ ബിസിനസ് നേടിത്തരുന്ന രാജ്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.