Connect with us

Kerala

ലാവ്‌ലിന്‍ രാഷ്ട്രീയായുധമാക്കി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: എസ് എന്‍ സി ലാവ്‌ലിന്‍ കേസിലെ സര്‍ക്കാറിന്റെ നടപടി നിയമ വകുപ്പിന്റെ ഉപദേശം മറികടന്ന്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നീക്കം.
തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ നായകന്‍ പിണറായി വിജയന്‍ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണിതെന്നതും ശ്രദ്ധേയമാണ്. സി പി എമ്മിന്റെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തില്‍ വിഭാഗീയതക്ക് മൂര്‍ച്ചകൂട്ടിയ പ്രധാന ആയുധം എന്ന നിലയില്‍ ലാവ്‌ലിന്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നിലനില്‍ക്കുന്ന വി എസ്- പിണറായി ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പുതിയ നീക്കം സഹായിക്കുമെന്നും യു ഡി എഫ് കണക്ക് കൂട്ടുന്നു. നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥിന്റെ ഉപദേശം മറികടന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയത്. നിയമപരമായ നടപടിക്കപ്പുറം രാഷ്ട്രീയ തീരുമാനമാണ് ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്ന് ഇതില്‍ വ്യക്തം.
ഹരജി നല്‍കുന്നതിന് മുമ്പ് നടപടിക്രമം എന്ന നിലയിലാണ് സര്‍ക്കാര്‍ നിയമവകുപ്പിന്റെ നിലപാട് തേടിയത്. സി ബി ഐ വാദിയായ കേസില്‍ സംസ്ഥാനസര്‍ക്കാറിന് പങ്കില്ലെന്ന നിലപാടാണ് നിയമ സെക്രട്ടറി സ്വീകരിച്ചത്.
നേരത്തെ നല്‍കിയതിന് വിരുദ്ധമായ പുതിയ സത്യവാങ്മൂലം നല്‍കാന്‍ കഴിയില്ല. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാറിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് വൈദ്യുതി വകുപ്പ് നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിന് വിരുദ്ധമായി പുതിയ സത്യവാങ്മൂലം നല്‍കാന്‍ കഴിയില്ലെന്ന് നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടി. പരസ്പര വിരുദ്ധമായ സത്യവാങ്മൂലം നിയമപരമായി നിലനില്‍ക്കില്ല. സി ബി ഐ ഉന്നയിച്ച വാദങ്ങള്‍ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കുകയല്ലാതെ സംസ്ഥാന സര്‍ക്കാറിന് പ്രത്യേകമായൊരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് സര്‍ക്കാറിനെ അറിയിച്ചിരുന്നു.
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിനു മേല്‍ ഒന്നരപതിറ്റാണ്ട് കാലം കരിനിഴല്‍ വീഴ്ത്തിയതാണ് ലാവ്‌ലിന്‍ കേസ്. ലാവ്‌ലിന്‍ ഇടപാടില്‍ സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ഇതിന്റെ ആനുകൂല്യം പിണറായി വിജയന് ലഭിച്ചില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് ആരോപിച്ചായിരുന്നു സി ബി ഐ പ്രതി ചേര്‍ത്തത്. സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് പാര്‍ലിമെന്ററി രംഗത്തേക്ക് തിരിച്ചുവരാന്‍ പിണറായി വിജയന്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി നയിക്കുന്ന സി പി എമ്മിന്റെ കേരള മാര്‍ച്ച് നാളെയാണ് കാസര്‍കോട് നിന്ന് ആരംഭിക്കുന്നത്. എ കെ ആന്റണി സര്‍ക്കാറാണ് ലാവ്‌ലിന്‍ ഇടപാടില്‍ ആദ്യം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
ലാവ്‌ലിന്‍ കേസിലെ നിയമയുദ്ധം ഇവിടെ തുടങ്ങുകയായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സി ബി ഐ അന്വേഷണത്തിനുള്ള നടപടികള്‍ മന്ദീഭവിച്ചു. ഇതോടെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജിയെത്തി. കേരള സര്‍ക്കാര്‍ ശക്തമായി വാദിച്ചിട്ടും സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു ഡിവിഷന്‍ ബഞ്ച് ഉത്തരവ്. സി ബി ഐ 2009 ജനുവരി 22ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ ജി കാര്‍ത്തികേയന്‍ ഗൂഢാലോചനയുടെ പിതാവാണെന്ന് പറഞ്ഞിട്ടും പ്രതിയാക്കാത്തതെന്തെന്ന് കോടതി തിരക്കി. തുടരന്വേഷണത്തിനും ഉത്തരവായി.
തുടരന്വേഷണത്തിലും പക്ഷേ കാര്‍ത്തികേയന്‍ പ്രതിയായില്ല. ഗവര്‍ണറുടെ വിവാദതീരുമാനത്തിലൂടെ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കൂടി സംഘടിപ്പിച്ച സി ബി ഐ പിണറായിയെ പ്രതിചേര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി അംഗീകരിച്ച സി ബി ഐ കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

Latest