Connect with us

Gulf

വിദൂര വിദ്യാഭ്യാസത്തിന് മന്ത്രിസഭ അനുമതി നല്‍കി

Published

|

Last Updated

ദോഹ: രാജ്യത്ത് വിദൂര വിദ്യഭ്യാസ കോഴ്‌സുകള്‍ക്ക് മന്ത്രിസഭയുടെ അനുമതി. ഉന്നത വിദ്യഭ്യാസ സമിതി നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള സംവിധാനത്തിനാണ് ഇന്നലെ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. വിദൂര വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
ജി സി സിയുടെ ഏകീകൃത കസ്റ്റംസ് താരിഫ് ഭേദഗതി ചെയ്യുന്നതിനും അതില്‍ ഉപഖണ്ഡികകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ് പറഞ്ഞു.
ഖത്വറിലെ ബിസിനസ് സാഹചര്യം അന്താരാഷ്ട്ര റിപോര്‍ട്ടുകളിലെ സൂചനകള്‍ പ്രകാരം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ പഠിക്കാന്‍ ഒരു സാങ്കേതിക സമിതിയെ നിയോഗിക്കാനും മന്ത്രിസഭ തീരൂമാനിച്ചു. ധന-വാണിജ്യ മന്ത്രാലയം പ്രതിനിധിയും ബന്ധപ്പെട്ട മറ്റ് രണ്ടു പ്രതിനിധികളും ഉള്‍പ്പെട്ടതായിരിക്കും സമിതി. ബിസിനസ് സാഹചര്യം സംബന്ധിച്ച അന്താരാഷ്ട്ര സംഘടനകളുടെ പഠനങ്ങളും വിശദീകരണങ്ങളും സമിതി പഠിച്ച് ഖത്വറില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ദേശീയനയം രൂപവത്കരിക്കുന്നതിന് സമിതി ഉണ്ടാക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയം പ്രതിനിധിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓര്‍ഗനൈസേഷന്‍, ഖത്വറിലെ ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചായിരിക്കും കമ്മിറ്റി പ്രവര്‍ത്തിക്കുക.

Latest