Connect with us

International

ഇസ്‌റാഈല്‍ ഗ്യാസും വൈദ്യുതിയും വെട്ടിക്കുറച്ചു; ഫലസ്തീനികള്‍ ദുരിതത്തില്‍

Published

|

Last Updated

ജറൂസലം: ഗാസ മുനമ്പിലേക്ക് ഇസ്‌റാഈല്‍ ഗ്യാസ് റദ്ദ് ചെയ്തതോടെ ഫലസ്തീന്‍ ജനത ദുരിതത്തിലായി. ഗ്യാസ് വിതരണത്തിന്റെ തോത് നേര്‍ പകുതിയായാണ് ഇസ്‌റാഈല്‍ വെട്ടിക്കുറച്ചത്. ഇതോടെ കൊടും തണുപ്പില്‍ ഫലസ്തീന്‍ ജനത ജീവിതം മുന്നോട്ട് നീക്കാന്‍ പാടുപെടുകയാണ്. കഴിഞ്ഞ മാസം ആദ്യത്തിലാണ് ഗ്യാസ് വിതരണം നേര്‍ പകുതിയായി കുറച്ചത്. ഇതോടെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന കാറുടമകള്‍ വെട്ടിലായി. പെട്രോളിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ ഗ്യാസിലേക്ക് മാറിയിരുന്നു. ഗ്യാസിന് കൃത്രിമ ക്ഷാമം ഉണ്ടാക്കുക വഴി ഫലസ്തീന്‍ ജനതയെ ഹമാസിനെതിരെ തിരിക്കുകയാണ് ഇസ്‌റാഈലിന്റെ ലക്ഷ്യം. പാചക വാതകത്തിനുള്ള ഗ്യാസ് വിതരണം ചെയ്യുന്നത് ഇസ്‌റാഈല്‍ നിര്‍ത്തിവെച്ചിട്ട് നാലാഴ്ച പിന്നിട്ടുവെന്ന് അന്തരാഷ്ട്ര മിഡില്‍ ഈസ്റ്റ് മീഡിയ സെന്റര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനുകാര്‍ക്ക് ആവശ്യമായതിന്റെ 15 ശതമാനം ഗ്യാസ് മാത്രമാണ് ഇസ്‌റാഈല്‍ വിതരണം ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു. ഇരുപത് ശതമാനത്തിലധികം വീടുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും പാചക വാതക സിലിന്‍ഡറുകള്‍ ഇല്ലെന്ന് യൂറോ മെഡിറ്ററേനിയന്‍ മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റാമി അബ്ദു പറഞ്ഞു. പാചക വാതകത്തിന് പുറമേ വൈദ്യുതിയുടെ അളവും ഇസ്‌റാഈല്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ വൈദ്യുതി ലഭിക്കുന്നിടത്ത് നാല് മുതല്‍ എട്ട് മണിക്കൂര്‍ നേരത്തേക്കാണ് ഇപ്പോള്‍ വൈദ്യുതി ലഭിക്കുന്നത്.

Latest