Connect with us

National

വിദ്യര്‍ഥികളെ ചില്ലിലൂടെ നടത്തിച്ച അധ്യാപകനെതിരെ അന്വേഷണം

Published

|

Last Updated

വഡോദര: ആത്മവിശ്വാസം വളര്‍ത്താന്‍ എന്നു പറഞ്ഞ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ട്യൂഷന്‍ ടീച്ചര്‍ ചില്ലുകഷണങ്ങള്‍ക്ക് മുകളിലൂടെ നടത്തിച്ചതായി പരാതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കോച്ചിംഗ് ക്ലാസ് നടത്തുന്ന രാകേഷ് പട്ടേല്‍ എന്ന അധ്യാപകനാണ് തന്റെ എഴുപതോളം വരുന്ന വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ക്ലാസ് മുറിയില്‍ പാകിയ കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെ നടത്തിച്ചത്. ഇതില്‍ ചില രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ ഭയം മാറ്റാനും ആത്മവിശ്വാസം ഉയര്‍ത്താനും വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് രാകേഷ് പട്ടേല്‍ പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും മുറിവേറ്റിരുന്നില്ലെന്നും രാകേഷ് പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും കലക്ടറേറ്റിലെ കുട്ടികള്‍ക്കായുള്ള വിഭാഗത്തിനും പോലീസിനും നിര്‍ദേശം നല്‍കിയതായി വഡോദര ജില്ലാ കലക്ടര്‍ അവന്തിക സിംഗ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിന്‍ഹ ചുദാസ്മയും വിഷയം ഗൗരവമായാണ് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ടവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ടെന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ട്യൂഷന്‍ അധ്യാപകനെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest