Connect with us

Malappuram

വാഹന പരിശോധനക്കിടെ യുവാവിന് മര്‍ദനം: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വാഹന പരിശോധനക്കിടെ യുവാവിനെ പോലീസ് മര്‍ദിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൂക്കോട്ടുംപാടം എസ് ഐയോടും മര്‍ദനത്തിനിരയായ യുവാവിനോടും വിശദീകരണം തേടുമെന്ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. കെ പി മറിയുമ്മ, അഡ്വ. വി വി ജോഷി എന്നിവര്‍ അറിയിച്ചു.

തൃപ്രങ്ങോട് പഞ്ചായത്തിലെ പെരുനല്ലൂരില്‍ സ്വന്തം സ്ഥലത്ത് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വസ്തു-കൃഷികള്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷന്‍ പറഞ്ഞു. പരാതിക്കാരിക്ക് സംരക്ഷണം നല്‍കുന്നതില്‍ പോലീസ് ജാഗ്രത കാണിക്കണമായിരുന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി. ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച മോട്ടോര്‍പുരയിലെ ഷീറ്റില്‍ നിന്ന് അഞ്ചു വയസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് അയക്കും.
മൂന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച കേസില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിച്ചു. ഫാര്‍മസിസ്റ്റ് ഗ്രേഡ്- രണ്ട് തസ്തികയില്‍ ജില്ലയില്‍ ഒഴിവുണ്ടെങ്കില്‍ ഉടന്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. നികുതി സ്വീകരിക്കുന്നില്ലെന്ന് പെരിന്തല്‍മണ്ണ താലൂക്കിലെ പാങ്ങ് സ്വദേശിനി നല്‍കിയ പരാതിയില്‍ നികുതി സ്വീകരിക്കുന്നതിന് നടപടിയെടുക്കാന്‍ ആര്‍ ഡി ഒക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഞ്ചാവ് ഉപയോഗിച്ചുവെന്ന് പറഞ്ഞ് തിരൂരില്‍ യുവാവിനെ എസ് ഐ പിടികൂടി സ്റ്റേഷനില്‍കൊണ്ടുപോയി അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണത്തിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
സംഭവത്തില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമല, വളാംകുളം, പരിയാപുരം പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം പ്രദേശത്തെ എല്‍ പി സ്‌കൂള്‍ യു പി ആയി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഒടമല മഹല്ല് കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷയിലാണ് ശിപാര്‍ശ. സിറ്റിംഗില്‍ 37 പരാതികള്‍ പരിഗണിച്ചു. ആറെണ്ണം തീര്‍പ്പാക്കി. മലപ്പുറത്ത് അടുത്ത സിറ്റിംഗ് ഫെബ്രുവരി 18 ന് നടക്കും.

---- facebook comment plugin here -----

Latest