Connect with us

Kozhikode

ചികിത്സക്കിടെ കാണാതായ മാതാവിനെയും മകളെയും കുറിച്ച് വിവരമില്ല

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ കാണാതായ മാതാവിനെയും മകളെയും കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ആശുപത്രിയില്‍ നാല്‍പ്പത്തി ആറാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന 20 വയസ്സുകാരി ശ്രേയയെയും കൂട്ടിരുന്ന ശ്രേയയുടെ മാതാവ് ഗിരിജ (45) യെയുമാണ് ദുരൂഹ സാഹചര്യത്തില്‍ ഡിസംബര്‍ 21 മുതല്‍ കാണാതായത്.
ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചാണ് ശ്രേയയെ നവംബര്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈല്‍ഡ് ലൈനിന്റെയും പാലിയേറ്റീവ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ശ്രേയയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സക്കിടെ ഇവരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. തലശ്ശേരി കിഴക്കെ കതിരൂര്‍ സ്വദേശിയായ കോപ്പാടിക്കണ്ടി രവീന്ദ്രന്റെ ഭാര്യയും മകളുമാണ് ഗിരിജയും ശ്രേയയും. സാമ്പത്തികമായി വളരെ പ്രയാസത്തില്‍ കഴിയുന്ന രവീന്ദ്രന്‍ കുടുംബസമേതം അഞ്ച് വര്‍ഷമായി കോഴിക്കോട് പെരുമണ്ണയില്‍ വാടക വീട്ടിലാണ് താമസം. നഗരത്തിലെ ഒരു തുണി മൊത്ത വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇയാള്‍. ഭാര്യയെയും മകളെയും കുറിച്ച് പറ്റാവുന്നിടത്തോളം അന്വേഷിച്ചെന്നും പക്ഷെ, യാതൊരു വിവരവും കിട്ടിയില്ലെന്നും രവീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രവീന്ദ്രന്റെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
20 വര്‍ഷത്തോളം രവീന്ദ്രനും കുടുംബവും ബെംഗളൂരുവില്‍ താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ ബെംഗളൂരുവില്‍ ഉള്‍പ്പടെ അന്വേഷണം നടത്തി. ഇരിട്ടിയിലാണ് ഗിരിജയുടെ വീട്. ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട് രവീന്ദ്രന്‍.