Connect with us

Gulf

അറുപത് ശതമാനം തൊഴിലാളികള്‍ വേതനമുറപ്പു സംവിധാനത്തില്‍

Published

|

Last Updated

ദോഹ: വേതനമുറപ്പു സംവിധാന (ഡബ്ല്യു പി എസ്)ത്തില്‍ 60 ശതമാനം തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ശില്‍പ്പശാലയില്‍ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള 320ലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടുണ്ട്. വേതനമുറപ്പു സംവിധാനത്തെ പരിചയപ്പെടുത്താന്‍ അറബ് ലേബര്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ഇപ്പോഴും ശില്‍പ്പശാല നടത്തുന്നുണ്ട്.
തൊഴില്‍ മന്ത്രാലയത്തിലെ വേതനമുറപ്പു സംവിധാന വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തൊഴില്‍ നിയമവും വേതനമുറപ്പു സംവിധാനവും നടപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിതെന്ന് തൊഴില്‍ പരിശോധനാ വകുപ്പ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു. ഭേദഗതി ചെയ്ത തൊഴില്‍ നിയമവും വേതനമുറപ്പു സംവിധാനവും സംബന്ധിച്ച ബോധവത്കരണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് മന്ത്രാലയം ശില്‍പ്പശാല നടത്തിയിട്ടുണ്ട്. ആഴ്ചയിലൊരിക്കലുള്ള ശില്‍പ്പശാല രണ്ട് മാസം കൂടി നീണ്ടുനില്‍ക്കും.
സാലറി ഇന്‍ഫര്‍മേഷന്‍ ഫയല്‍ (എസ് ഐ എഫ്) നിര്‍മിക്കുന്നതും പേയ്‌മെന്റുമായി അത് ബന്ധിപ്പിക്കുന്നതും കമ്പനികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ശില്‍പ്പശാല. എസ് ഐ എഫ് ഖത്വര്‍ സെന്‍ട്രല്‍ ബേങ്കിലേക്ക് അയക്കുകയാണ് വേണ്ടത്. ഈ ഫയലിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേതില്‍ കമ്പനിയുടെ അടിസ്ഥാന വിവരങ്ങളും രണ്ടാമത്തേതില്‍ തൊഴിലാളികളുടെ എണ്ണം, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ഖത്വര്‍ ഐ ഡി, ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍, തൊഴില്‍ വിശദാംശങ്ങള്‍ തുടങ്ങിയവയുമാണുണ്ടാകുക. തൊഴില്‍ വിശദാംശത്തില്‍ എത്ര മാസമായി ജോലി ചെയ്യുന്നു, തൊഴില്‍ ദിനങ്ങള്‍, അധിക വേതനം, ഓവര്‍ടൈം, ചെലവുകള്‍, കിഴിവുകള്‍, നല്‍കിയ മൊത്തം വേതനം തുടങ്ങിയവ ഉള്‍പ്പെടുത്തണം. ബേങ്ക് ഇത് മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ കമ്പനികള്‍ക്ക് വേതനമുറപ്പു സംവിധാനത്തില്‍ ചേരാം.
തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ ചില കമ്പനികള്‍ ഇപ്പോഴും പഴയ സംവിധാനം തുടരുന്നതായും ഇത് അസ്വീകാര്യമാണെന്നും അല്‍ ഗാനിം പറഞ്ഞു. ഇത് രണ്ടാം ഘട്ട ബോധവത്കരണമാണ്. പഴയ സംവിധാനമനുസരിച്ച് വേതനം നല്‍കുന്നുണ്ടോയെന്നതും തൊഴിലാളികള്‍ക്ക് സമയത്തിന് വേതനം ലഭിക്കുന്നുണ്ടോയെന്നതും തുടര്‍ച്ചയായി പരിശോധിക്കുക എളുപ്പമല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസത്തേക്ക് എല്ലാ ബുധനാഴ്ചകളിലുമാണ് ശില്‍പ്പശാല നടക്കുക. അത്യാവശ്യമാണെങ്കില്‍ സമയം ദീര്‍ഘിപ്പിക്കും. ഏത് കമ്പനിക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാം. അറബി, ഇംഗ്ലീഷ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി 80 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പദ്ധതിയുടെ തുടക്കത്തില്‍ ബേങ്കുകളില്‍ നിന്നും ബേങ്കുകള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. നിരവധി കമ്പനികള്‍ ഒന്നിച്ച് അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതിനാലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്.