Connect with us

Qatar

വില വര്‍ധനയുടെ വഴിയേ ഒടുവില്‍ ഖത്വറും

Published

|

Last Updated

വില വര്‍ധന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ രാത്രി നഗരത്തിലെ പെട്രോള്‍ സ്റ്റേഷന് മുന്നില്‍ അനുഭവപ്പെട്ട തിരക്ക്‌

ദോഹ : സഊദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ധനവില ഉയര്‍ത്തിയപ്പോഴും പിടിച്ചു നിന്ന ഖത്വര്‍ ഒടുവില്‍ വില വര്‍ധന തിരഞ്ഞെടുത്തു. കുവൈത്തില്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഊദിക്കു പിറകേ ഒമാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളും ബജറ്റ് സൂചനയോടെയാണ് വില വര്‍ധന നടപ്പില്‍ വരുത്തിയത്. യു എ ഇയില്‍ വളരേ നേരത്തേ വിലര്‍ധന പ്രാബല്യത്തില്‍ വന്നു.
ഖത്വറില്‍ കമ്മി ബജറ്റാണ് അവതരിപ്പിച്ചതെങ്കിലും ഇന്ധനവിലയില്‍ മാറ്റം സൂചിപ്പിക്കപ്പെട്ടിരുന്നില്ല. 30 ശതമാനമാണ് ഇന്നു പുലര്‍ച്ചയോടെ നിലവില്‍വന്ന വിലയിലെ വര്‍ധന. ഡീസല്‍, ഗ്യാസ് വിലകളിലെ മാറ്റം സംബന്ധിച്ച് വ്യക്തതകളില്ല. അടുത്ത ദിവസം സര്‍ക്കാര്‍തലത്തില്‍ വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ വില വര്‍ധന രാജ്യത്തെ സാധനങ്ങളുടെ വിലയിലും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവിലും ഉയര്‍ച്ച വരുത്തുമെന്ന് നിരീക്ഷിക്കപ്പെടുന്നു. കൂടുതല്‍ അവലോകനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരും. നേരത്തെ അറിയിപ്പോ സൂചനകളോ ഇല്ലാതെ പെട്രോള്‍ വില വര്‍ധിപ്പിച്ചതായ വാര്‍ത്ത ജനത്തെ അമ്പരപ്പിച്ചു. അര്‍ധരാത്രി മുതല്‍ വില വര്‍ധന നിലവില്‍ വരുന്നതായ വാര്‍ത്ത പ്രചരിച്ചതോടെ പെട്രോള്‍ പമ്പുകളില്‍ തിരക്ക് അനുഭവപ്പെട്ടു. നീണ്ട ക്യൂവാണ് നഗരത്തിലെ പല പമ്പുകള്‍ക്കു മുന്നിലും ദൃശ്യമായത്. 2011ലാണ് ഇതിനു മുമ്പ് ഖത്വറില്‍ പെട്രോളിന് വിലവര്‍ധിച്ചത്. ഡീസലിന് 2014ല്‍ വില വര്‍ധിച്ചിരുന്നു.
സഊദി അറേബ്യയില്‍ 50 ശതമാനമായിരുന്നു ഇന്ധന നിരക്കു വര്‍ധന. ബഹ്‌റൈനിലും അമ്പതു ശതമാനത്തിനു മുകളിലാണ് നിരക്കു വര്‍ധന. ഇതുമാമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്വറിലെ വര്‍ധന കുറവാണെന്ന് അല്‍ ശര്‍ഖ് പത്രം അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ കൂടുതല്‍ ഇന്ധനവിലയുള്ള രാജ്യം യു എ ഇയാണ്. തൊട്ടു പിന്നില്‍ ഒമാനും. കുറഞ്ഞ വിലക്ക് ഇന്ധനം ലഭിച്ചിരുന്ന സഊദിയില്‍ ഇപ്പോള്‍ ഇന്ധനവില തീരേ ചെറുതല്ല. കഴിഞ്ഞയാഴ്ച നിലവില്‍ വന്ന വിലയനുസരിച്ച് ബഹ്‌റൈനില്‍ 91 പെട്രോളിന് ലിറ്ററിന് 125 ഫില്‍സ് (1.21 റിയാല്‍) നല്‍കണം. 95 പെട്രോളിന് 160 ഫില്‍സാണ് വില (1.55 റിയാല്‍). ഒമാനില്‍ 95 പെട്രോളിന് 1.51 റിയാലും 90 പെട്രോളിന് 1.32 റിയാലിനു തുല്യവുമാണ് പുതിയ വില.
സഊദി അറേബ്യയില്‍ 91 പെട്രോളിന് 0.73 റിയാലും 95 പെട്രോളിന് 0.87 റിയാലിനു തുല്യവുമാണ് വില. ഗള്‍ഫില്‍ വിലക്കുറവുള്ള രാജ്യം ഇപ്പോഴും സഊദിയാണ്. യു എ ഇയില്‍ 91 പെട്രോളിന് 1.50, 95: 1.57, 98: 1.67 റിയാലിനു തുല്യമാണ് വില. സഊദി ഒഴികെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്വറിലെ വില താഴെയാണ്. ഇന്ധന സബ്‌സിഡി ഒഴിവാക്കാന്‍ ഐ എം എഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.