Connect with us

Editorial

മത്സരയോട്ടം: നടപടി വ്യാപകമാക്കണം

Published

|

Last Updated

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സയോട്ടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഹൈക്കോടതി. ഇതു സംബന്ധിച്ച് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഡ്വ. കാളീശ്വരം രാജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലപാട് തേടിയിരിക്കുന്നു, സര്‍ക്കാറിനോട് കോടതി. മത്സരയോട്ടം കര്‍ശനമായി തടയുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പുവരുത്താനും ജില്ലാ കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, അസി. പൊലീസ് കമ്മീഷണര്‍, റീജ്യനല്‍ ആര്‍ ടി ഒ എന്നിവരടങ്ങുന്ന സ്ഥിരം അവലോകന സമിതി രൂപവത്കരിക്കുക, സമിതിയുടെ നടപടി സംബന്ധിച്ച് ആറ് മാസത്തിലൊരിക്കല്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുക, നഗരത്തില്‍ ഒരു കി..മീറ്ററിന് മൂന്ന് മിനിറ്റ് എന്ന തോതില്‍ ബസുകളുടെ സമയയം പുനഃക്രമീകരിക്കുക, അമിത വേഗത്തില്‍ ഓടിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് പിഴ, നിയമലംഘനം ആവര്‍ത്തിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സുകളും ബസിന്റെ പെര്‍മിറ്റും നിശ്ചിത കാലത്തേക്ക് റദ്ദ് ചെയ്യല്‍, ജീവനക്കാര്‍ക്ക് കലക്ഷന്‍ അടിസ്ഥാനത്തിലുള്ള ശമ്പളത്തിന് പകരം അടിസ്ഥാനവേതന സംവിധാനം തുടങ്ങിയവയാണ് അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശങ്ങള്‍.
കഴിഞ്ഞ ജുണില്‍ കൊച്ചി വൈറ്റിലയില്‍ മത്സരയോട്ടം ചോദ്യം ചെയ്ത യുവാവിനെ ബസിലെ ജീവനക്കാര്‍ മര്‍ദിക്കുന്നത് ജഡ്ജി നേരിട്ടുകണ്ടതിനെത്തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുത്താണ് നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നത്. രണ്ട് ബസുകളുടെ മത്സരയോട്ടത്തിനിടെ ഒരു ബസിലെ ജീവനക്കാര്‍ മറ്റേ ബസില്‍ കയറി പ്രശ്‌നങ്ങളുണ്ടാക്കിയതില്‍ കുപിതരായ ബസ് ജീവനക്കാര്‍ പ്രസ്തുത യാത്രക്കാരന്‍ വൈറ്റിലയില്‍ ഇറങ്ങിയപ്പോള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. അതുവഴി വന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാറാണ് യുവാവിനെ ബസ് ജീവനക്കാരില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കൊച്ചിയില്‍ നടന്ന സംഭവമെന്ന നിലയില്‍ നഗരത്തിലെ ബസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യമാണ് കോടതി പരിഗണനയില്‍ ഇപ്പോഴുള്ളത്. എന്നാല്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും കൊച്ചിയിലോ ഏതാനും നഗരങ്ങളിലോ പരിമിതമല്ല. സംസ്ഥാന വ്യാപകമാണ്. വളയം പിടിച്ചുകഴിഞ്ഞാല്‍ മുന്നില്‍ പോകുന്ന ബസിനെ മറികടന്നു അതിന്റെ മുന്നിലെത്താമെന്ന ഭ്രാന്തമായ വാശിയാണ് പല ഡ്രൈവര്‍മാര്‍ക്കും. ഇതിനിടെ ചെറിയ വാഹനങ്ങളെയും കാല്‍നാട യാത്രക്കാരെയുമൊക്കെ തട്ടിത്തെറിപ്പിക്കും. മറ്റൊരു വണ്ടിക്കും സൈഡ് കൊടുക്കാതെ നിയമം തെറ്റിച്ചു റോഡുകളുടെ നടുവിലൂടെയോ വലതുവശത്തു കൂടെയോ ഓടിക്കുക, മറ്റു ബസ്സുകള്‍ ഓവര്‍ടേക്ക് ചെയ്തു കയറിപ്പോകാതിരിക്കാന്‍ റോഡിന്റെ നടുവില്‍ നിര്‍ത്തി ആളെ ഇറക്കുക, യാ്രതക്കാര്‍ ഇറങ്ങിത്തീരുന്നതിനു മുമ്പ് വണ്ടിവിടുക തുടങ്ങിയ പരാക്രമങ്ങളും സാധാരണയാണ്. ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ നിലവില്‍ തന്നെ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പാക്കുന്നതില്‍ കടുത്ത ഉദാസീനതയും അനാസ്ഥയുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മത്സയോട്ടവും അതെതുടര്‍ന്നുണ്ടാകുന്ന വാക്കേറ്റവും സംഘര്‍ഷവും കണ്ടാല്‍ തന്നെ താനറിഞ്ഞില്ലെന്ന മട്ടില്‍ തിരിഞ്ഞു കളയുകയാണ് പോലീസുകാര്‍. നോക്കുകുത്തികളെ പോലെയാണ് ഇത്തരം ഘട്ടങ്ങളില്‍ പോലീസിന്റെ സമീപനമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്താനിടയായതിന്റെ സാഹചര്യമിതാണ്. കൊച്ചിയില്‍ നടേ പറഞ്ഞ സംഭവത്തില്‍ ബസ് ജീവനക്കാര്‍ യുവാവിനെ മര്‍ദിക്കുമ്പോള്‍ തൊട്ടടുത്ത ഔട്ട് പോസ്റ്റില്‍ പോലീസ് നില്‍പ്പുണ്ടായിരുന്നുവെങ്കിലും യുവാവിന്റെ രക്ഷക്കെത്താതെ അയാള്‍ കൃത്യവിലോപം കാണിക്കുകയായിരുന്നു.
സ്വകാര്യ ബസുകള്‍ക്കൊപ്പം കെ എസ് ആര്‍ ടി സി ബസുകളും ഓടുന്ന റൂട്ടുകളിലാണ് മത്സയോട്ടം കൂടുതല്‍. റൂട്ടില്‍ പുതുതായി കെ എസ് ആര്‍ ടി സി ബസിന് പെര്‍മിറ്റ് നല്‍കിയാല്‍, അത് നഷ്ടത്തിലാക്കി സര്‍വീസ് നിര്‍ത്തിക്കാനുള്ള എല്ലാ അടവുകളും സ്വകാര്യ ബസുകള്‍ സ്വീകരിക്കും. ഈ ലക്ഷ്യത്തില്‍ കെ എസ് ആര്‍ ടി സിക്കു പിറകെ സര്‍വീസ് നടത്തേണ്ട സ്വകാര്യ ബസുകള്‍ അതിന് മുമ്പേ എത്താനായി സമയം തെറ്റിച്ചും അമിത വേഗത്തിലും ഓടുന്നു. യാത്രക്കാര്‍ കയറിക്കഴിഞ്ഞാലും ചില സ്വകാര്യ ബസുകള്‍ പിറകിലുള്ള കെ എസ് ആര്‍ ടി സി ബസ് വരുന്നതു വരെ സ്റ്റോപ്പുകളില്‍ കാത്തുകിടക്കും. അത് വന്നുകഴിഞ്ഞാല്‍ പിന്നെ മരണപ്പാച്ചിലാണ്. ഇത് അപകടങ്ങള്‍ക്ക് വഴവെക്കുന്നു. അടുത്തിടെ കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍ ബസുകള്‍ ആരംഭിച്ചപ്പോള്‍ സ്വകാര്യ ബസുകള്‍ തലങ്ങും വിലങ്ങുമായി സമയം തെറ്റിച്ച് ഓടി അവക്ക് വിലങ്ങിടാന്‍ ശ്രമിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
അമിക്കസ്‌ക്യൂറി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയാല്‍ മത്സയോട്ടവും അപകടങ്ങളും ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കോടതിയുടെ നീക്കത്തോട് സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുന്നതോടൊപ്പം ഇത് കൊച്ചി നഗരത്തില്‍ പരിമിതപ്പെടുത്താതെ സംസ്ഥാന വ്യാപകമായി നടപ്പാക്കാനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.