Connect with us

Palakkad

ബാര്‍ വിഷയത്തില്‍ സി പി എം നിലപാട് വ്യക്തമാക്കണം: വി എം സുധീരന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ദൗത്യമാണ് ജനരക്ഷായാത്ര മുന്നോട്ട് വെയ്ക്കുന്നതെന്നും, രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുകയാണെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജനരക്ഷാ യാത്രയ്ക്ക് മണ്ണാര്‍ക്കാട്ട് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെഴുതണം, എന്ത് തീരുമാനങ്ങളെടുക്കണം എന്ന് തീരുമാനിക്കുന്നത് ഇപ്പോള്‍ ആര്‍ എസ് എസ് ആണ്. ഇത് രാജ്യത്തിന് തന്നെ അപമാനമാണ്.
വര്‍ഗീയ ശക്തികളുടെ ഇടപെടലില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളൂ. സി പി എമ്മിന് അവരുടെ ആദര്‍ശം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍കിട കുത്തകകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതിന് ഉദാഹരണമാണ് നന്ദിഗ്രാം ഇപ്പോഴും ആവര്‍ത്തിക്കുമെന്ന് അവര്‍ പറയുന്നത്. ഇതിന്റെ പരിണിത ഫലമാണ് ബംഗാളിലെ സി പി എമ്മിന്റെ പതനം വ്യക്തമാക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. ലഹരിവിമുക്ത കേരളത്തിന് സര്‍വ്വവിധ പിന്തുണയും ലഭിച്ചത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ സുധീരമായി തീരുമാനം എടുത്തതുകൊണ്ടാണ് മദ്യനയത്തില്‍ മാറ്റമുണ്ടായത്. ബാര്‍ അടച്ചുപൂട്ടിയതില്‍ രണ്ട് കക്ഷികള്‍ മാത്രമാണ് ആശങ്കാകുലരായത്. ഒന്ന് ബാര്‍ ഉടമകളും മറ്റൊന്ന് സി പി എമ്മും. ബാര്‍ വിഷയത്തില്‍ സി പി എമ്മിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ ഫാസിസത്തിനും മദ്യവര്‍ജ്ജനത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ഒരേയൊരു മുന്നണി യു ഡി എഫ് മാത്രമാണ്. സി പി എം നേതാക്കള്‍ പലരും സി ബി ഐ നിരീക്ഷണത്തിലാണ്. അതുകൊണ്ടാണ് അവര്‍ ബി ജെ പിയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ കേരളത്തില്‍ ബി ജെ പി – സി പി എം കൂട്ടുകെട്ട് ഉണ്ടാവാന്‍ ഇനിയും സാധ്യതയുണ്ട്. ഇതാണ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്താന്‍ കാരണമായത്. വികസന കാര്യത്തില്‍ സി പി എം തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. വികസനമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. വികസനത്തെ സംബന്ധിച്ചിടത്തോളം യു ഡി എഫ് നടപ്പാക്കുന്നത് ഒരു തുടര്‍ പ്രക്രിയയാണെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest