Connect with us

National

വിമാനപകടത്തില്‍ പരുക്കേറ്റ സുഭാഷ് ചന്ദ്രബോസ് മരിച്ചത് ആശുപത്രിയില്‍വെച്ചെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

മുംബൈ: സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയെന്ന് പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് വെബ്‌സൈറ്റായ ബോസ്ഫയല്‍സ്.ഇന്‍ഫോയാണ് നേതാജിയുടെ ദുരൂഹ മരണത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് സാക്ഷികളെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. നേതാജിയോടൊപ്പം പ്രവര്‍ത്തിച്ച ആര്‍മി കേണല്‍ ഹബീബുര്‍ റഹ്മാന്‍ ഖാന്‍, നേതാജിയെ ചികിത്സിച്ച ആശുപത്രിയിലെ നഴ്‌സ് സാന്‍ പി ഷാ, രണ്ട് ജപ്പാനീസ് ഡോക്ടര്‍മാര്‍, ഒരു ദ്വിഭാഷി എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഹബീബുര്‍റഹ്മാന്‍ ഖാനും നേതാജിയോടൊപ്പം വിമാനത്തിലുണ്ടായിരുന്നു. ഇരുവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും നേതാജി മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം 1945 ആഗസ്റ്റ് 24ന് ഹബീബുര്‍റഹ്മാന്‍ നല്‍കിയ മൊഴി വെബ്‌സൈറ്റ് പുറത്തുവിട്ടുണ്ട്.

1945 ഓഗസ്റ്റ് 18ന് രാവിലെ ടൂറേനില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തായ് വാനിലെത്തിയ ബോസും ഹബീബും അവിടെ നിന്നും വിമാനത്തില്‍ കയറി. വിമാനം അധികം ഉയരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്‌ഫോടനമുണ്ടാകുകയും ബോസും ഹബീബും തെറിച്ചുവീഴുകയും ചെയ്തു. തുടര്‍ന്ന് നേതാജിയുടെ വസ്ത്രത്തില്‍ തീപടരുന്നത് ശ്രദ്ധയിലപ്പെട്ട ബോസ് വസ്ത്രങ്ങള്‍ വലിച്ചൂരി. 15 മിനുട്ടിനുള്ളില്‍ തന്നെ ഇരുവരെയും തൊട്ടടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവിടെ വെച്ചാണ് നേതാജി മരിച്ചതെന്നും ഹബീബുര്‍റഹ്മാന്‍ ഖാന്റെ മൊ ഴിയില്‍ പറയുന്നു.

“അധികം വൈകാതെ ഇന്ത്യ സ്വാതന്ത്ര്യം നേടും. സ്വതന്ത്ര ഇന്ത്യ നീനാള്‍ വാഴട്ടെ” എന്നാണ് നേതാജിയുടെ അവസാന വാക്കുകള്‍ എന്നും ഹബീബുര്‍റഹ്മാന്റെ മൊഴിയില്‍ പറയുന്നു.