Connect with us

Gulf

എമിറേറ്റ്‌സ് ഐഡിയെ ജനസംഖ്യാകണക്കെടുപ്പിന് ആധാരമാക്കുന്നു

Published

|

Last Updated

അബുദാബി: എമിറേറ്റ്‌സ് ഐഡി ജനസംഖ്യാ കണക്കെടുപ്പിന് ആധാരമാക്കി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ എമിറേറ്റ്‌സ് ഐഡിയില്‍ ജനനതിയതി രേഖപ്പെടുത്തും. ഇതില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. പിന്‍വശത്താണ് ജനനത്തിയതി. കാര്‍ഡിന്റെ മുന്‍വശം കാര്‍ഡുടമയുടെ ഫോട്ടോയടക്കം വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും മാറ്റംവരുത്താന്‍ കഴിയുന്നതല്ലെന്ന് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മാമരി അറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ഒരൊറ്റ കാര്‍ഡിലൂടെ ലഭ്യമാക്കുകയെന്ന രീതിയാണ് ലക്ഷ്യമിടുന്നത്.

ലോകത്തെ തന്നെ ഏറ്റവും മികച്ച ഐ ഡി കാര്‍ഡ് എന്ന പദവി ഉറപ്പാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി വ്യക്തിയുടെ ആരോഗ്യ സംബന്ധമായ മുഴുവന്‍ വിവരങ്ങളും എമിറേറ്റ്‌സ് ഐ ഡി കാര്‍ഡില്‍ ഉള്‍പ്പെടുത്തും. യു എ ഇയുടെ ഈ നടപടിക്ക് മികച്ച പ്രതികരണമാണ് ആതുര കേന്ദ്രങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്നത്. ആശുപത്രികളില്‍ പോകുന്ന രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ കൂടെ കൊണ്ട് നടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ മെച്ചം. ആരോഗ്യ മേഖലയിലെ മികച്ച ചുവടുവെപ്പായും ഇതിനെ വിലയിരുത്തുന്നു. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ ഈ സേവനം എളുപ്പത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന ഗുണവും ഉണ്ട്.
തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഇലക്ട്രോണിക് ചിപ്പില്‍ വിവര ശേഖരണത്തിനായി 12 കോളങ്ങള്‍ അടങ്ങുന്ന പ്രത്യേക സ്ഥലവും നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ പേര്, വയസ്സ്, ജനനത്തീയതി, ജനന സ്ഥലം, മേല്‍ വിലാസം, ഫോട്ടോ, വിരലടയാളം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം രക്തഗ്രൂപ്പ്, പകരാവുന്ന രോഗങ്ങള്‍, അലര്‍ജി, അവയവ ദാന സമ്മത പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ ആരോഗ്യ സംബദ്ധമായ വിവരങ്ങളും ലഭ്യമായിരിക്കും.
ശാരീരിക ന്യൂനതകള്‍, ജന്മ വൈകല്യങ്ങള്‍, വ്യക്തി ഇതിനകം വിധേയമായ ശസ്തക്രിയ, ശസ്തക്രിയയില്‍ കൈക്കൊണ്ട നടപടി ക്രമങ്ങള്‍, രോഗ പ്രതിരോധ കുത്തിവെപ്പുകളും മരുന്നുകളും, ദീര്‍ഘനാളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍, ശരീരത്ത് ഘടിപ്പിച്ച വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍ തുടങ്ങിയ മറ്റു വിശദ വിവരങ്ങളും ഇതില്‍ അടങ്ങിയിരിക്കും.

Latest