Connect with us

Kerala

പാലുകാച്ചി, ഊട്ടുപുര ഉണര്‍ന്നു പ്രതിഭകള്‍ക്ക് ഇനി പഴയിടം രുചി

Published

|

Last Updated

തിരുവനന്തപുരം: കൗമാരകലാമേളക്ക് ഭക്ഷണമൊരുക്കാനുള്ള ഊട്ടുപുരയുണര്‍ന്നു. പാലുകാച്ചിയാണ് ഊട്ടുപുരക്ക് ഉണര്‍വേകിയത്. തൈയ്ക്കാട് പോലീസ് ഗ്രൗണ്ടില്‍ തയ്യാറായ രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഊട്ടുപുരയുടെ പാലുകാച്ചല്‍ കര്‍മം നിര്‍വഹിച്ചു. ചടങ്ങിന് ശേഷം സദ്യക്കാവശ്യമായ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ ശേഖരം മന്ത്രി പരിശോധിച്ചു. യുവജനോത്സവത്തിന് ഭക്ഷണമൊരുക്കാനായി മേളക്കൊരു നാളീകേരം പദ്ധതിയിലൂടെ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്ന് ശേഖരിച്ച നാളീകേരം ഇന്നലെ ഊട്ടുപുരയിലെത്തി. ഭക്ഷണത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന് പുറമെ മേളയുടെ ഭക്ഷണമൊരുക്കലിന് സ്‌പോണ്‍സര്‍മാരുടെ പിന്തുണയും ഉണ്ട്. ഭക്ഷണത്തിന് മാത്രം വേണ്ടത്ര തുക അനുവദിച്ചിട്ടില്ല എന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
3000 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണപ്പന്തലാണ് പോലീസ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം ഉച്ചയൂണിന് മാത്രം 12,000 മുതല്‍ 15,000 പേരെ വരെ പ്രതീക്ഷിക്കുന്നു. മേയര്‍ വി കെ പ്രശാന്ത്, ഡി പി ഐ.എം എസ് ജയ, എ ഡി പി ഐ ജോണ്‍സ് വി ജോണ്‍, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡയറക്ടര്‍ എസ് സത്യന്‍, പാചക ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരി, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വട്ടപ്പാറ അനില്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പഴയിടം മോഹനന്‍ നമ്പൂതിരി തയാറാക്കിയ അരവണ പായസം വിതരണം ചെയ്തു. 25ാം തീയതി വരെ രാപകലില്ലാതെ ഊട്ടുപുര സജീവമായിരിക്കും. പ്രഭാതഭക്ഷണം, ഉച്ചക്ക് പായസം ഉള്‍പ്പെടെ സദ്യ, വൈകുന്നേരം ചായയും ലഘുഭക്ഷണവും രാത്രി സദ്യ എന്നിങ്ങനെയാണ് ഭക്ഷണക്രമം.