Connect with us

Kerala

സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ആദിവാസി കലകളും

Published

|

Last Updated

തിരുവനന്തപുരം:സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ ആദിവാസി കലകളും മത്സരയിനങ്ങളായി ഉള്‍പ്പെടുത്തും. സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മാന്വല്‍ പരിഷ്‌കരണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. കേരളീയ സമൂഹത്തില്‍ നിന്ന് അന്യം നില്‍ക്കുന്ന ആദിവാസി- ഗോത്ര വിഭാഗങ്ങളുടെ കലകളെക്കുറിച്ച് പുതിയ തലമുറയെ ബോധവാന്‍മാരാക്കാനും മതിയായ പരിശീലനം നല്‍കി രംഗത്ത് അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇവ അവതരിപ്പിക്കാന്‍ മാന്വല്‍ പരിഷ്‌കരണ സമിതി തീരുമാനിച്ചിരിക്കുന്നത്. മംഗലംകളി, വട്ടക്കളി എന്നീ ഇനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് അഡീഷനല്‍ ഡി പി ഐ ജോണ്‍ വി ജോണ്‍ സിറാജിനോട് പറഞ്ഞു.
ഈ വര്‍ഷം മുതല്‍ നാടന്‍ കലകള്‍ ഉള്‍പ്പെടുത്താന്‍ വകുപ്പ് തലത്തില്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇത്തരം കലകള്‍ പരിശീലിച്ച് രംഗത്ത് അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്തതും വിധി നിര്‍ണയത്തിന് വിദഗ്ധരായ വിധി കര്‍ത്താക്കളെ ലഭിക്കാത്തതുമാണ് പ്രധാന തടസമായി നിന്നത്. ഇതിനിടെ ഉപജില്ലാ തല മത്സരങ്ങള്‍ തുടങ്ങിയതും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് തടസമായി. ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മംഗലംകളിയും വട്ടക്കളിയും പ്രദര്‍ശന മത്സരമായി അവതരിപ്പിക്കും. തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് പ്രദര്‍ശന മത്സരം അരങ്ങേറുക. നിലവില്‍ 232 ഇനങ്ങളാണ് സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി രണ്ടെണ്ണം കൂടി വരുന്നതോടെ 234 ആകും.
മത്സരിക്കാന്‍ കുട്ടികള്‍ ഇല്ലാത്തതിനാലും വിധി കര്‍ത്താക്കളെ കിട്ടാത്തതിനാലും യക്ഷഗാനം, ചവിട്ട് നാടകം എന്നിവ ഉള്‍പ്പെടെ ഏഴ് ഇനങ്ങള്‍ ഇത്തവണ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡി പി ഐ, എം എസ് ജയ പറഞ്ഞു. കലോത്സവങ്ങള്‍ക്ക് വര്‍ഷങ്ങളായി വിധി നിര്‍ണയിച്ച് വരുന്ന വിധികര്‍ത്താക്കളെ മാറ്റി കലാ രംഗത്തെ വിദഗ്ധരായ പുതിയ ആളുകളെ അടുത്ത വര്‍ഷം മുതല്‍ വിധികര്‍ത്താക്കളായി നിയോഗിക്കുമെന്നും ഡി പി ഐ പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു വിനോദകലയാണ് വട്ടക്കളി. കല്യാണ നാളിലും തുടര്‍ന്നുള്ള രണ്ട് മൂന്ന് ദിനങ്ങളിലും കളികള്‍ നടത്തും. മതപരമായ ഗാനങ്ങളാണ് പാടുന്നത്. വധൂ-വരന്മാരെ വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കുന്നതായി വര്‍ണിക്കുന്ന പാട്ടുകളും ഇതിലുണ്ട്. മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനം കാണാന്‍ കഴിയുന്ന കലാരൂപമാണ് മംഗലംകളി. മാവിലന്‍, വേട്ടുവന്‍ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു സംഗീത നൃത്തരൂപമാണിത്. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളില്‍ കാണുന്ന സവിശേഷതയാര്‍ന്ന കലാവിശേഷമായ മംഗലംകളി അന്യം നില്‍ക്കുന്ന ഒരു ആദിവാസി കലയാണ്.
മത്സര രംഗത്ത് അനഭിലഷണീയമായ പ്രവണതകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മാന്വല്‍ പരിഷ്‌കരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്. അപ്പീലുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനും നിര്‍ദേശണുണ്ട്. കഴിഞ്ഞ തവണ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അപ്പീലുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഉണ്ടായിരുന്നത്. 1,000 അപ്പീലുകളാണ് രണ്ട് ദിവസം കൊണ്ട് ലഭിച്ചത്. കലോത്സവം മൂന്നാം ദിനം പിന്നിട്ടപ്പോഴേക്കും അത് 1,200ഓളം ആകുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രതിഭകളെ കണ്ടെത്താന്‍ ആഴ്ചയില്‍ ഒരു ദിവസം ഒരു പിരിയഡ് കലാ കായിക സാഹിത്യ മത്സരങ്ങളില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
മത്സര ഫലങ്ങള്‍ പലതും കോടതി കയറുന്ന അവസ്ഥയുമുണ്ട്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ചെയര്‍മാനും ഡി പി ഐ. എം എസ് ജയ കണ്‍വീനറുമായുള്ളതാണ് നിലവിലുള്ള മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞാലുടന്‍ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കും. കാലഹരണപ്പെട്ട കലോത്സവ മാന്വല്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

Latest