Connect with us

Business

ഇറാന്‍ എണ്ണപ്പാടങ്ങളില്‍ ചുവടുറപ്പിക്കുന്നു; എണ്ണ വില വീണ്ടും താഴേക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇറാന് മേല്‍ ലോക ശക്തികള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതോടെ എണ്ണ വില വീണ്ടും കുറഞ്ഞു. ഒരു ബാരല്‍ എണ്ണക്ക് 28 ഡോളറിന് താഴെയാണ് നിലവിലെ വില. എണ്ണ അമിതമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന്റെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് വിതരണ രംഗത്തേക്ക് ഇറാനും കടന്നുവരുന്നത്. ഉപരോധം മൂലം എണ്ണ കയറ്റുമതിക്ക് ഇറാന് മേല്‍ ഇത്രകാലം നിയന്ത്രണമുണ്ടായിരുന്നു. ഇറാന്‍ ആണവ കരാറില്‍ ഒപ്പിട്ടതോടെ കഴിഞ്ഞ ദിവസം പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ചിരുന്നു.
ഒരു ബാരല്‍ എണ്ണക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 27.67 ഡോളറായി. 2003ന് ശേഷം എണ്ണ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇത്രയും കുറയുന്നത് ആദ്യമായാണ്. ഇറാന്‍ ഉപരോധ ഭീഷണിയില്‍ നിന്ന് പുറത്തുവന്നതോടെ പ്രതിദിനം പത്ത് ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ ഉപരോധം പിന്‍വലിക്കുമെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം ഉപരോധം പിന്‍വലിച്ചതുമാണ് എണ്ണ വില ഇത്രക്കും കുറയാന്‍ കാരണമായി പറയപ്പെടുന്നത്. എണ്ണ മാര്‍ക്കറ്റിലേക്ക് ഇറാനില്‍ നിന്നുള്ള എണ്ണ കൂടി എത്തുന്നതോടെ ഇനിയും വിലയില്‍ കുറവുവന്നേക്കാം.
ലോകത്തെ നാലാമത്തെ വലിയ എണ്ണപ്പാടങ്ങള്‍ ഉള്ള രാജ്യമാണ് ഇറാന്‍. നിലവില്‍ പത്ത് ലക്ഷം ബാരല്‍ എണ്ണയുടെ അധിക ഉത്പാദനവും വിതരണവും ആഗോള തലത്തില്‍ നടക്കുന്നുണ്ട്. ഇതിലേക്ക് ഇറാന്റെ എണ്ണ കൂടി എത്തുന്നതോടെ എണ്ണ വിലയില്‍ 70 ശതമാനം വരെ തകര്‍ച്ചയുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്രകാലം ഉപരോധ ഭീഷണിലായിരുന്നതിനാല്‍ വലിയ തോതില്‍ എണ്ണ ഇറാന്‍ വിപണിയിലേക്കെത്തിക്കും.
എണ്ണയുടെ അധിക വിതരണമാണ് നിലവിലെ വിലത്തകര്‍ച്ചക്ക് കാരണമായി പറയപ്പെടുന്നത്. ഇതിനിടക്കായിരുന്നു യു എസ് അവരുടെ ഷെയില്‍ ഓയില്‍ കയറ്റുമതി ചെയ്ത് എണ്ണ വിപണിയില്‍ സജീവമാകുന്നത്. ഇതേ സമയത്ത് തന്നെ എണ്ണക്കുള്ള ആവശ്യക്കാരും കുറഞ്ഞു. പ്രധാനമായും ചൈനയും യൂറോപ്പുമാണ് എണ്ണ വാങ്ങിയിരുന്നതെങ്കിലും അവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് എണ്ണ വാങ്ങുന്നതില്‍ നിന്ന് അവരെ പിന്നോട്ടടിപ്പിച്ചു. സ്വാഭാവികമായും വിപണിയില്‍ എണ്ണയുടെ ആധിക്യം ഉണ്ടാക്കുകയും വിലത്തകര്‍ച്ച തുടങ്ങുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളുടെ ഉത്പാദനം ആദ്യത്തെ തോതില്‍ നിന്ന് കുറക്കാതെ തുടര്‍ന്നുവന്നതും എണ്ണ വില കുറയുന്നതിന് കാരണമായി. ആവശ്യത്തിലേറെയുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി നീണ്ടുനില്‍ക്കുമെന്നും ഇത് വീണ്ടും എണ്ണ വില കുറയാന്‍ ഇടവരുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest