Connect with us

Kozhikode

ലൈറ്റ് മെട്രോ: പ്രവൃത്തി ഉദ്ഘാടനം അടുത്ത മാസം

Published

|

Last Updated

കോഴിക്കോട്: ജില്ലയുടെ സ്വപ്‌നപദ്ധതിയായ ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം അവസാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് പഞ്ചായത്ത്, സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു.
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആവശ്യമായ മുഴുവന്‍ തുകയും അടുത്ത ബജറ്റില്‍ വകയിരുത്തും. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ആറ് റോഡുകളുടെ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ഇനി പൂര്‍ത്തിയാകാനുള്ള നഗരപാത വികസനത്തിനായി ഒരുമിച്ച് സ്ഥലം ഏറ്റെടുത്ത് നിര്‍മാണം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി അന്താരാഷ്ട്ര, ദേശീയ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കോഴിക്കോട്ട് സ്‌പോര്‍ട്‌സ് വില്ലേജിനുള്ള സാധ്യതയുണ്ടെന്നും അനിയോജ്യമായ സ്ഥലം കണ്ടെത്തി വില്ലേജ് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കല്ലായി പുഴയെ മാലിന്യമുക്തമാക്കുന്നതിനായി 4.9 കോടി അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ പുഴയിലെ ചളിപുറത്തെടുക്കും.
കനോലി കനാലിനെ മാലിന്യമുക്തമാക്കുന്നതിനായി നിലവില്‍ മൂന്ന് നിര്‍ദേശങ്ങളാണ് കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിക്കു മുമ്പിലുള്ളത്. ഇതില്‍ അനിയോജ്യമായ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ചേംബര്‍ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി മോഹന്‍ മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി എം എ മെഹബൂബ് ചേംബറിന്റെ നിവേദനം സമര്‍പ്പിച്ചു. ട്രഷറര്‍ എ ശ്യാംസുന്ദര്‍, കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, പി വി ഗംഗാധരന്‍, കെ വി ഹസീബ് അഹമ്മദ് സംസാരിച്ചു.

Latest