Connect with us

Palakkad

എസ്‌ക്യുലേറ്ററും റാമ്പും പ്രഖ്യാപനത്തിലൊതുക്കി; കാല്‍നടയാത്രക്കാരുടെ പാളം കടക്കല്‍ ദുരിതത്തില്‍

Published

|

Last Updated

പാലക്കാട്: നഗരത്തെ രണ്ടാക്കി വിഭജിച്ച ശകുന്തള ജംഗ്ഷനിലെ റെയില്‍വെ ഗേറ്റടച്ച് ഒരു വര്‍ഷം പിന്നിട്ടും കാല്‍നടയാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല. പട്ടിക്കര മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത ദിവസംതന്നെ രാത്രി റെയില്‍വേ അധികൃതര്‍ ഇവിടത്തെ ഗേറ്റ് അടക്കുകയായിരുന്നു. എന്നാല്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികമായി അടച്ചതാണെന്ന് പറഞ്ഞ റെയില്‍വേ പിന്നീട് എന്നന്നേക്കുമായി ഇതിലൂടെയുള്ള വാഹനഗതാഗതവും കാല്‍നടയാത്രയും നിഷേധിക്കുകയായിരുന്നു.
പാതയുടെ പണി ഏകദേശം പൂര്‍ത്തിയായപ്പോള്‍ ഗേറ്റിനിരുവശത്തുമായി നീളത്തില്‍ ഇരുമ്പുദണ്ഡുകള്‍കൊണ്ട് അട ക്കുകയും പിന്നീട് പൂര്‍ണ്ണമായി കൊട്ടിയടക്കുകയും ചെയ്തു. ഗേറ്റ് അടക്കുന്നത് മൂലമുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ 2 കോടി രൂപയാണ് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്.
ഗേറ്റിലെ ഡ്യൂട്ടിക്കായുള്ള ഗേറ്റ് കീപ്പര്‍മാര്‍, ഗേറ്റ് അടയ്ക്കല്‍ തുറക്കല്‍ പ്രവൃത്തിക്കായുള്ള വൈദ്യുതി, മറ്റിതര ചിലവുകള്‍ കണക്കാക്കിയാണ് റെയില്‍വേ അധികൃതര്‍ ഇത്രയും തുക ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിലേക്കായി നഗരസഭ25 ലക്ഷം രൂപ നല്‍കിയാല്‍ ബാക്കി സംഖ്യ സര്‍ക്കാരും വഹിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നഗരസഭ 25 ലക്ഷം പോയിട്ട് ഒരു രൂപ പോലും നല്‍കിയില്ല. ഗേറ്റടച്ചതിനെതിരെ പ്രതിഷേധ ശക്തമായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഗേറ്റിനു മുകളില്‍ എസ്‌ക്യുലേറ്ററും റാമ്പുമൊക്കെ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും നടപടിയായില്ല. ഗേറ്റടച്ചത് മൂലം വൃദ്ധരടക്കമുള്ളവര്‍ ഗേറ്റിന് പകരം കടക്കാനായുള്ള കുത്തനെയുള്ള ഇരുമ്പ് കോണിപ്പടി കയറാന്‍ ബുദ്ധിമുട്ടുകയാണ്.
ഗേറ്റ് അടച്ചതിനെതിരെയുള്ള പ്രതിഷേധവും തണുത്തു. ഇനി ഗേറ്റ് തുറക്കാന്‍ സാധ്യമല്ലെന്നാണ് നിലാപാടാണ് റെയില്‍വേക്ക്. അതേസമയം ഇനി എന്ത്‌ചെയ്യണമെന്നറിയാതെകാല്‍നടയാത്രക്കാര്‍ ദുരിതം പേറി സഞ്ചാരം തുടരുകയാണ്.

Latest