Connect with us

Gulf

ഒമാനില്‍ എന്‍ഒസി നിയമം കൂടുതല്‍ കര്‍ശനമാക്കി

Published

|

Last Updated

മസ്‌കത്ത്: ഒമാനില്‍ എന്‍ഒസി നിയമം കൂടുതല്‍ കര്‍ശനമാക്കി. നിലവിലെ വിസ കാന്‍സല്‍ ചെയ്താല്‍ രണ്ട് വര്‍ഷം കഴിയാതെ മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് എന്‍ഒസി നിര്‍ബന്ധമാണെന്ന നിയമം ആയിരുന്നു ഒമാനില്‍ നിലനിന്നത്. എന്നാല്‍, ഇനി മുതല്‍ എന്‍ഒസി ലഭിച്ചാലും ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

എന്നാല്‍, അതേ കമ്പനിയില്‍ പുതിയ വിസയില്‍ രാജ്യത്ത് എത്താനും തൊഴിലെടുക്കാനും സാധിക്കും. ഈ മാസം മുതലാണ് പുതിയ പരിഷ്‌കരണം ഏര്‍പ്പെടുത്തിയത്. എന്‍ഒസി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് നിയമം ശക്തമാക്കി പരിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഒസി നിയമത്തില്‍ മാറ്റം വരുന്നതായി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം ശക്തമായിരുന്നു. ഈ അവസരത്തിലാണ് മാറ്റങ്ങള്‍ വ്യക്തമാക്കി റോയല്‍ ഒമാന്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

എന്‍ഒസി നിയമത്തില്‍ പ്രയാസം അനുഭവിക്കുന്ന വിദേശികള്‍ക്ക് അധികൃതരുടെ പുതിയ നീക്കം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. എന്‍ഒസി ലഭിച്ചാലും തൊഴില്‍ മാറാന്‍ അവസരം നഷ്ടപ്പെടുന്ന നിയമ പരിഷ്‌കരണം സാധരണക്കാരായ തൊഴിലാളികളെയാണ് കൂടുതല്‍ ബാധിക്കുക.
ഒമാനില്‍ നിന്ന് ജോലി മാറ്റത്തിന് സാഹചര്യം ഒരുങ്ങിയിട്ടും എന്‍ഒസി ലഭിക്കാത്തതിന്റെ പേരില്‍ പഴയ ജോലിയില്‍ തന്നെ തുടരേണ്ടി വരുന്ന മലയാളികളടക്കമുള്ള നിരവധി പേരാണ് രാജ്യത്തുള്ളത്. ഇവരടക്കമുള്ളവര്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ രണ്ട് വര്‍ഷം നാട്ടില്‍ കഴിയണം.

Latest