Connect with us

Gulf

ഗതാഗത സുരക്ഷിതത്വം; ആര്‍ ടി എയും ദുബൈ പോലീസും ചര്‍ച്ച നടത്തി

Published

|

Last Updated

ദുബൈ: ദുബൈയിലെ ഗതാഗത സുരക്ഷ സംബന്ധിച്ച് പോലീസും ആര്‍ടി എ യും വിശദമായി ചര്‍ച്ച നടത്തിയതായി ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു. അല്‍വാസല്‍, ജുമൈറ റോഡ് പദ്ധതികളെ സംബന്ധിച്ചും ദുബൈ മെട്രോ വേള്‍ഡ് എക്‌സ്‌പോ സൈറ്റിലേക്ക് ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ചും ആണ് പ്രധാനമായും ചര്‍ച്ച നടത്തിയത്.
ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായി അല്‍ വാസല്‍, ജുമൈറ റോഡുകളില്‍ നിരവധി വഴിമാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവിടെയൊക്കെ ജനങ്ങളുടെ സുരക്ഷിതത്വം പ്രധാനമാണ്. ബുര്‍ജുല്‍ അറബ് ഭാഗത്തേക്ക് അല്‍ വാസല്‍ റോഡ് മുഴുവനായും തിരിച്ചുവിടും. ജുമൈറ റോഡ്, ഡിസംബര്‍ സെക്കന്റ് റോഡിലേക്ക് ഗതിതിരിച്ചുവിടും. ഇതിന് മുന്നോടിയായി കാല്‍നടയാത്രക്കാരുടെയും വ്യാപാരികളുടെയും സൗകര്യങ്ങള്‍ പരിശോധിക്കും.
ഇന്റര്‍നാഷനല്‍ സിറ്റി പദ്ധതിയുടെ ഭാഗമായി അമീര്‍, മനാമ റോഡുകളിലെ സുരക്ഷിതത്വം പരിശോധനക്ക് വിധേയമായി. അവീര്‍ റോഡിലാണ് ആദ്യം നവീകരണം നടക്കുക. പിന്നീട് മനാമ റോഡിന് വീതി കൂട്ടും. വേള്‍ഡ് 2020 പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള പദ്ധതികളും വലുതായി ചര്‍ച്ച ചെയ്തു. നഖീല്‍ ഹാര്‍ബര്‍ ആന്റ് ടവേര്‍സ് സ്റ്റേഷനില്‍ നിന്ന് എക്‌സ്‌പോ സൈറ്റിലേക്ക് 15 കിലോമീറ്ററാണുള്ളത്. ഇതില്‍ 11 കിലോമീറ്റര്‍ എലിവേറ്റഡ് ട്രാക്ക് ആയിരിക്കും.
നാല് കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. ഏഴ് സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതില്‍ രണ്ട് എണ്ണം ഭൂഗര്‍ഭ സ്റ്റേഷനുകളായിരിക്കും. ഇതിന്റെ നിര്‍മാണത്തിലെ സുരക്ഷിതത്വം ചര്‍ച്ച ചെയ്തു. ദുബൈ ട്രാം മേഖലയിലെ വാഹന ഗതാഗതവും കാല്‍നടയാത്രക്കാരുടെ പ്രയാസങ്ങളും ചര്‍ച്ചക്ക് വിധേയമായതായും മതര്‍ അല്‍തായര്‍ അറിയിച്ചു. ആറ് മാസം കൂടുമ്പോള്‍ ആര്‍ ടി എയും പോലീസും ഉന്നത തല യോഗം ചേരും. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, മേജര്‍ ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.