Connect with us

Gulf

മേഖലയിലെ സമാധാനത്തിന് റഷ്യ- ഖത്വര്‍ സഹകരണം

Published

|

Last Updated

ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി
കൂടിക്കാഴ്ച നടത്തുന്നു

ദോഹ: മേഖലയില്‍ രൂപപ്പെടുന്ന അസ്വസ്ഥകള്‍ ഇല്ലായ്മ ചെയ്ത് സ്ഥിരതയും സഹകരണവും ഉറപ്പു വരുത്തുന്നതിന് റഷ്യയും ഖത്വറും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ. റഷ്യന്‍ പര്യടനം നടത്തുന്ന ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്നലെ മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായത്.
സിറിയ, ഫലസ്തീന്‍, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളുടെ സുരക്ഷിതത്വത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സമാധാന പ്രവര്‍ത്തനം നടത്തുന്നതിന് ഇരു രാജ്യങ്ങളും യോജിപ്പിലെത്തി. ഭീകരതക്കെതിരെ ശക്തമായ നലപാട് സ്വീകരിക്കും. മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങളും സമീപകാലത്തുണ്ടായ മാറ്റങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചക്കുവന്നു. ലോകസമാധാനത്തിനു വേണ്ടി റഷ്യ നടത്തുന്ന ഇടപെടലുകള്‍ അമീര്‍ പ്രകീര്‍ത്തിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചില രാജ്യങ്ങളുടെ സ്ഥിരതക്കു വേണ്ടിയുമാണ് രണ്ടു രാജ്യങ്ങളും നിലക്കൊള്ളുന്നതെന്ന് അമീര്‍ എടുത്തു പറഞ്ഞു. റഷ്യന്‍ പര്യടനം ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന രംഗത്ത് സഹകരിക്കുന്നതിനുള്ള അമീറിന്റെ ആത്മവിശ്വാസമാണ് ഈ വാക്കുകളില്‍ പ്രകടമായതെന്ന് ക്യു എന്‍ എ അഭിപ്രായപ്പെട്ടു.
അമീറിന്റെ റഷ്യന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ മേഖലയില്‍ സഹകരിക്കുന്നതിന് വഴിതുറക്കും. റഷ്യ സന്ദര്‍ശിക്കാനുള്ള അമീറിന്റെ സന്നദ്ധതയെ പുടിന്‍ അഭിനന്ദിച്ചു. ഗ്യാസ് ഉള്‍പ്പെടെയുള്ള ഊര്‍ജ മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഊര്‍ജമേഖലയിലെ നിക്ഷേപ സാധ്യതകള്‍ ആരാഞ്ഞു. ഗ്യാസ് കയറ്റുമതി രാജ്യങ്ങളായ ഖത്വറിനും റഷ്യക്കും ഈ മേഖലയില്‍ കൂടുതല്‍ സഹകരണ സാധ്യതകളുണ്ട്. നിലവില്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ എടുത്തു പറഞ്ഞു. അമീറിനെ അനുഗമിക്കുന്ന ഉന്നതത ല സംഘവും റഷ്യന്‍ മന്ത്രിമാരുള്‍പ്പെടുന്ന സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്നലെ റഷ്യന്‍ ഡയറക്്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ക്രില്‍ മിട്രീവ്, ചെചന്‍ റിപ്പബ്ലിക് പ്രസിഡന്റ് റംസാന്‍ കാദിറോ, റഷ്യന്‍ ഫെഡറല്‍ അസംബ്ലി ചെയര്‍പേഴ്‌സന്‍ വാലന്റിന മാറ്റ് വിയങ്കോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.