Connect with us

Ongoing News

തലസ്ഥാനത്തെ പുളകമണിയിച്ച് ഘോഷയാത്ര

Published

|

Last Updated

തിരുവനന്തപുരം: കൗമാര കലാമേളയുടെ വരവറിയിച്ച് തലസ്ഥാനത്തെ പുളകമണിയിച്ച് സാംസ്‌കാരിക ഘോഷയാത്ര. കലാരൂപങ്ങളുടെ സംഗമ ഭൂമിയായി തിരുവനന്തപുരം നഗരവീഥിയെ മാറ്റുകയായിരുന്നു ഘോഷയാത്ര. വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും വേഷവിധാനങ്ങളും ഘോഷയാത്രയില്‍ ഉള്‍ച്ചേര്‍ന്നു.
കേരളത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മോട്ടോര്‍ സ്‌പോര്‍ട്‌സ് വനിത ഡ്രൈവറായ ആതിര മുരളിയുടെ നേതൃത്വത്തില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ പ്രകടനങ്ങളായിരുന്നു മുന്‍ നിരയില്‍. തുടര്‍ന്ന് അശ്വാരൂഢ സേനയും ബാന്‍ഡ് മേളവും എത്തി. കേരളത്തിന്റെ തനത് കലകളായ ഒപ്പന, മാര്‍ഗം കളി, ഭരതനാട്യം, മോഹിനിയാട്ടം, വേലകളി, ദഫ്മുട്ട്് , കോല്‍ക്കളി എന്നിവ കാണികള്‍ക്ക് ദൃശ്യഭംഗി പകര്‍ന്നു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ഭഗത് സിംഗ്, അബ്ദുല്‍ കലാം തുടങ്ങിയ മഹാന്‍മാരുടെ വേഷത്തില്‍ കുട്ടികളെത്തിയത് കാണികളില്‍ കൗതുകം നിറച്ചു. വൈകല്യത്തെ അതിജിവിച്ച കഥ പറയാനായിട്ടായിരുന്നു കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഫ്‌ളോട്ട് ഒരുക്കിയത്. ഘോഷയാത്രയെ ഏറ്റവുമധികം കയ്യാളിയത് കുട്ടി്‌പോലീസുകാരായിരുന്നു. സ്‌പെഷ്യല്‍ പോലീസ് കേഡറ്റും എന്‍ സി സിയും ഫെസ്റ്റ് ഫോഴ്‌സ് തുടങ്ങി കുട്ടിപോലീസിന്റെ ഒരു നീണ്ടനിര തന്നെ ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാനത്ത് എത്തിയ കലോത്സവത്തിന് വന്‍ സ്വീകരണമാണ് ഘോഷയാത്രയിലൂടെ തലസ്ഥാനത്തെ കുട്ടികള്‍ നല്‍കിയത്. അമ്പതോളം സ്‌കൂളില്‍ നിന്നായി പതിനായിരത്തോളം കുട്ടികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ഒപ്പം അധ്യാപകരും അധ്യാപികമാരും മറ്റ് ജീവനക്കാരും പങ്കാളികളായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയ സംഘം കുട്ടികളുടെ പ്രകടനം കാണാന്‍ എത്തിയിരുന്നു. ഘോഷയാത്രക്ക് തൊട്ട് മുമ്പ് തന്നെ സംസ്‌കൃത കോളജും പരിസരവും നിറഞ്ഞ് കവിഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലും മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമായില്ല. തകരപറമ്പ് മേല്‍പ്പാലത്തിന് മുകളിലും ജനങ്ങള്‍ ഘോഷയാത്ര കാണാന്‍ തിക്കി തിരക്കി. ഘോഷയാത്രയില്‍ പങ്കാളികളായ കുട്ടികള്‍ക്ക് വിവിധയിടങ്ങളില്‍ വെച്ച് ശ്രീമൂലം ക്ലബ്ബ്, മില്‍മ, ലയണ്‍സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം ക്ലബ്ബ്, വ്യാപാരി വ്യവസായി സമിതി എന്നിവര്‍ ലഘുഭക്ഷണ വിതരണവും നടത്തി.
പാളയം സംസ്‌കൃത കോളജില്‍ നിന്ന് ഉച്ചക്ക് മുന്ന് മണിയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. കലോത്സവത്തിന്റെ പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് വൈകീട്ട് ആറ് മണിയോടെ ഘോഷയാത്ര സമാപിച്ചത്.

Latest