Connect with us

Ongoing News

ആയിരമായിരം ആണ്ടുകള്‍ മുന്‍പേ ആദിമ വേദാക്ഷരമായ്...

Published

|

Last Updated

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് വര്‍ണപ്പൊലിമയേകി സ്വാഗത ഗാനവും ദൃശ്യാവിഷ്‌കാരവും. കേരളത്തിന്റെ സാംസ്‌കാരിക പ്രൗഢി വിളിച്ചോതുന്നതായിരുന്നു സ്വാഗത ഗാനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം. കഥകളി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ തനത് കലാ രൂപങ്ങളും ഒപ്പനയടക്കമുള്ള കലകളും തനിമ തെല്ലും ചോരാതെ രംഗത്തവതരിപ്പിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ കലാസ്വാദകര്‍ക്ക് അത് നവ്യാനുഭൂതിയായി.
“”ആയിരമായിരം ആണ്ടുകള്‍ മുന്‍പേ ആദിമ വേദാക്ഷരമായ്……കലയുടെ നൂപുര നാദമുണര്‍ന്നത് കാലം ചെവിയോര്‍ക്കുന്നു…..”” എന്ന വരികളോടെയാണ് സ്വാഗതഗാനം ആരംഭിച്ചത്. തിരുവനന്തപരം വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 56 സംഗീതാധ്യാപകര്‍ ചേര്‍ന്നാണ് സ്വാഗത ഗാനം അവതരിപ്പിച്ചത്. അമ്പത്തിയാറാമത് സ്‌കൂള്‍ കലോത്സവത്തെ ഓര്‍മിപ്പിക്കാനാണ് 56 സംഗീതാധ്യാപകര്‍ ഗാനം അവതരിപ്പിച്ചത്. 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി അരങ്ങ് തകര്‍ത്തു. കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും മാപ്പിളപ്പാട്ടിന്റെ ഇശലുകളുമെല്ലാം കോര്‍ത്തിണക്കിയതായിരുന്നു സ്വാഗത ഗാനം. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റും പാട്ടില്‍ കടന്നുവന്നു. കോട്ടയം പാലായിലെ പൂവരണി ഗവ. യു പി സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ എസ് വി ആര്യാംബികയാണ് സ്വാഗത ഗാനം രചിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനാണ് വരികള്‍ക്ക് സംഗീതം നല്‍കിയത്.

Latest