Connect with us

Wayanad

ഡിഎം വിംസില്‍ അന്താരാഷ്ട്ര ശില്‍പ്പശാല നടത്തി

Published

|

Last Updated

മേപ്പാടി: വയനാട് ഡിഎം വിംസ് കോളജ് ആന്‍ഡ് ആശുപത്രിയില്‍ നടക്കുന്ന അന്താരാഷ്ട്ര ശില്‍പ്പശാലാ പരമ്പരയുടെ ഭാഗമായി ഡിഎം വിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വകുപ്പും ഡോ. മൂപ്പന്‍സ് അക്കാദമിയും ചേര്‍ന്ന് അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്‌മെന്റിനെക്കുറിച്ച് അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിച്ചു. ആസ്റ്റര്‍ ഗ്രൂപ്പ് എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ ശില്‍പ്പശാലയില്‍ ഡോക്ടര്‍മാര്‍, റെസിഡന്റുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യസേവനരംഗത്തെ ജീവനക്കാര്‍ തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള വിദഗ്ധരുമായി ആശയവിനിമയം നടത്തി.
യുകെയില്‍ സേവനമനുഷ്ടിക്കുന്ന ഡോ. മെഹര്‍ഷാ അവിടെ എയര്‍വേ മാനേജ്‌മെന്റിന് ചെയ്യുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ പരിചയപ്പെടുത്തി. അടിസ്ഥാനതലം, ഉയര്‍ന്നതലം, ശസ്ത്രക്രിയ ആവശ്യമുള്ളത്, വീഡിയോയുടെ സഹായത്താലുള്ളത്, പ്രയാസമേറിയത് തുടങ്ങിയ വിവിധരീതിയില്‍ എയര്‍വേകള്‍ കൈകാര്യം ചെയ്യുന്നതിന് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് പരിശീലനം നല്കി.
ഉയര്‍ന്നതലത്തില്‍ ഇന്‍വേസീവ് വൈദ്യശാസ്ത്ര നടപടികള്‍ വഴി രോഗിയുടെ ശ്വാസകോശത്തിനും പുറമേയുമായി ഒരു തുറന്ന വഴി ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഇത് കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ളതും എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതുമാണ്. എയര്‍വേ അനാട്ടമി, മോക് ഡ്രില്‍, എയര്‍വേ മാനേജ്‌മെന്റില്‍ അള്‍ട്രാസൗണ്ടിന്റെ ഉപയോഗം, വീഡിയോയുടെ സഹായത്തോടെയുള്ള ക്രികോതൈറോട്ടമി, എയര്‍വേ അസസ്‌മെന്റ് രീതികള്‍, പ്രയാസമേറിയ എയര്‍വേകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കി.
യുകെയില്‍നിന്നുള്ള ഡോ. മെഹര്‍ ഷാ, ഡോ. സോമശേഖര റെഡ്ഢി, ഡോ. യാസര്‍ ചോമയില്‍, ഡോ. അലക്‌സ് ആന്റണി, ഡോ. അബീര്‍ അറങ്ങോടന്‍, ഡോ. ഷിബു ടി. വര്‍ഗീസ്, ഡോ. അര്‍ച്ചന, ഡോ. രേണുക, ഡോ. സബീര്‍, ഡോ. ഹര്‍ഷ എന്നിങ്ങനെ അടിയന്തര വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരും അധ്യാപകരും അടങ്ങിയതായിരുന്നു പരിശീലകസംഘം. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്താനും എയര്‍വേ സംരക്ഷിക്കുന്നതിനുമുള്ള രീതികളും നടപടികളും മനസിലാക്കുന്നതിനുള്ള അവസരം ലഭിച്ചു.

Latest