Connect with us

Wayanad

ബാണാസുരയില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം: ലക്ഷ്യം ആറ് ലക്ഷം യൂനിറ്റു വരെ

Published

|

Last Updated

കല്‍പ്പറ്റ: മണ്ണണ കെട്ടി വെളളം തടഞ്ഞു നിര്‍ത്തി വൈദ്യുതി ഉത്പാദിപ്പിച്ച് കോടികളുടെ വരുമാനം സര്‍ക്കാരിന് നേടിക്കൊടുക്കുന്ന പടിഞ്ഞാറത്തറ ബാണാസുര ഡാമില്‍ ഇനി സൗരോര്‍ജ്ജ് വൈദ്യുതി ഉല്‍പാദനത്തിലും റിക്കാര്‍ഡ് കുറിക്കും.
ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പാനലുകള്‍ മണ്ണണക്ക് മുകളില്‍ വിനോദ സഞ്ചാരികള്‍ക്ക് തണല്‍ വിരിക്കും വിധത്തില്‍ സംവിധാനിക്കുമ്പോള്‍ തന്നെ പ്രതിവര്‍ഷം ആറുലക്ഷം യൂനിറ്റു വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളത്തിന് മുകളിലെ സൗരോര്‍ജ്ജ പാനലിന്റെയും പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. കരയിലെ പ്രവൃത്തികള്‍ കെല്‍ട്രോണും വെള്ളത്തിലെ പ്രവൃത്തികള്‍ തിരുവനന്തപുരം ആസ്ഥാനമായ ആഡ് ടെക് സിസ്റ്റവുമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഒരു വര്‍ഷത്തിനകം വെള്ളത്തിലെയും കരയിലെയും സൗരോര്‍ജ്ജം നേരിട്ട് ഗ്രിഡ് ചെയ്യാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബി യുടെ പ്രതീക്ഷ. ഇന്ത്യയില്‍ ആദ്യമായാണ് വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. നാലുമാസം മുന്‍പാണ് പരീക്ഷണാര്‍ത്ഥം ഇതിന്റെ ജോലികള്‍ ആരംഭിച്ചത്. കമ്മന സ്വദേശികളായ അജയ്‌തോമസും വി എം സുധിനുമാണ് കെ.എസ്.ഇ.ബി യുടെ ഗവേഷണ സഹായമായി ലഭിച്ച 15 ലക്ഷം രൂപയും അത്രത്തോളം തന്നെ സ്വന്തമായും ചെലവഴിച്ച് സോളാര്‍ പാനല്‍ സംവിധാനിച്ചത്.
മഴക്കാലത്തും വേനല്‍കാലത്തും 20 മീറ്ററോളം വെള്ളം താഴുകയും ഉയരുകയും ചെയ്യുന്ന ഡാം റിസര്‍വ്വോയറില്‍ ഇതിനനുസരിച്ച് പാനല്‍ ഉയരാനും താഴാനുമുള്ള ആങ്കിംഗ് സംവിധാനത്തോടെയാണ് സ്ഥാപിച്ചത്. വായു നിറച്ച കോണ്‍ക്രീറ്റ് ബേസ് മെന്റിലാണ് പാനലുകള്‍ നിര്‍മ്മിച്ചത്. കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെള്ളത്തില്‍ സ്ഥാപിക്കുകയായിരുന്നു. പ്രതവര്‍ഷം 15,000 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനല്‍ 110 സ്്ക്വയര്‍മീറ്റര്‍ പ്രദേശത്ത് സ്ഥാപിച്ച് വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്ത് വിജയം കണ്ടതിനെ തുടര്‍ന്നാണ് 500 കിലോവാട്ട്‌സ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള (പ്രതിവര്‍ഷം ആറുലക്ഷം യൂണിറ്റ്) പാനല്‍ നിര്‍മിക്കാന്‍ കെ എസ്.ഇ ബി. 9.25 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത്. ഈ പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനിക്കും സാങ്കേതിക സഹായങ്ങള്‍ ഇവര്‍ തന്നെയാണ് നല്‍കുന്നത്. ഒമ്പതുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡാമിലെ വെള്ളം ആവിയാക്കി നഷ്ടമാകുന്നത് തടയാനും തണലില്ലാതെ വെയില്‍ ലഭിക്കുന്നതുകാരണം സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിക്കുമെന്നതിനാലും സോളാര്‍ പാനലുകള്‍ക്ക് മാത്രമായി ഭൂമി കണ്ടെത്തേണ്ടതില്ലെന്നതുമാണ് ഒഴുകും സൗരോര്‍ജ പദ്ധതിക്ക് കെ.എസ്.ഇ.ബി. പരിഗണന നല്‍കുന്നത്. ഡാം റിസര്‍വ്വൊയര്‍ കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കുകൂടി അനുഗ്രഹമാകുന്ന രീതിയിലാണ് കരയിലെ സോളാര്‍ സിസ്റ്റം ഒരുക്കുന്നക്. അണക്കെട്ടിന് മുകളിലെ റോഡിന് പന്തലൊരുക്കികൊണ്ടാണ് പാനല്‍ സംവിധാനിക്കുന്നത്. റോഡിലെ ആദ്യത്തെ 280 മീറ്ററോളം ദൂരത്തിലാണ് 400 കിലോ വാട്‌സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി പാനലിന്റെ പണികള്‍ ഇപ്പോള്‍ നടന്നുവരുന്നത്. 4.27 കോടി രൂപാചെലവ് വരുന്ന ഈ പ്രവര്‍ത്തികള്‍ മൂന്നുമാസം കൊണ്ടാണ് കെല്‍ട്രോണ്‍ പൂര്‍ത്തീകരിക്കുക. ബാക്കിവരുന്ന റോഡിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതോടെ കരയിലെ സൗരോര്‍ജ്ജ ഉല്‍പ്പാദനം ഒരു മെഗാവാട്ടായി ഉയര്‍ത്താനവും, സഞ്ചാരികള്‍ക്ക് വെയിലേല്‍ക്കാതെ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1200 കോടി രൂപാചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2005ല്‍ കമ്മീഷന്‍ ചെയ്ത ബാണാസുര ജലവൈദ്യുത പദ്ധതിയിലൂടെ ഇതിനോടകം 1000 കോടി രൂപയോളം സര്‍ക്കാരിന് വൈദ്യുതി വഴി ലാഭം ലഭിച്ചു. ടൂറിസം വഴിയും കോടികള്‍ ഹൈഡല്‍ ടൂറിസത്തിനും ലഭിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ വരുമാനം കൂടിയുണ്ടാകുന്നതോടെ ജില്ലയില്‍ സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം ലഭ്യമാകുന്ന സ്ഥാപനമായി ബാണാസുര മാറും.