Connect with us

Malappuram

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: രേഖകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ കോടതി

Published

|

Last Updated

മഞ്ചേരി: വളാഞ്ചേരി ഇന്റേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനോട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ഭാര്യയേയും സുഹൃത്തിനെയും പ്രതി ചേര്‍ത്ത് വളാഞ്ചേരി സി ഐ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിനായാണ് ജില്ലാ ജഡ്ജി എം ആര്‍ അനിത രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഒന്നാം പ്രതി എറണാകുളം എളങ്കുളം വൃന്ദാവനം കോളനി വെട്ടിച്ചിറ സുശൈലത്തില്‍ പന്തനാനിക്കല്‍ ജസീന്ത എന്ന ജ്യോതി (60)യുടെ ജാമ്യാപേക്ഷതള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദ്ദേശം. മൂന്നാം തവണയാണ് ജ്യോതിയുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളുന്നത്.
കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് റോഡ് ഫ്‌ളവര്‍ എന്‍ക്ലൈവ് നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്ന സാജിദ് (51) ആണ് രണ്ടാം പ്രതി. 2015 ഒക്‌ടോബര്‍ എട്ടിന് രാത്രി വിനോദ്കുമാറും ഭാര്യയും വാടകക്ക് താമസിക്കുന്ന ഇരിമ്പിളിയം ആലിന്‍ചുവട് വീട്ടിലാണ് സംഭവം. സാജിദിനെ വീടിനകത്ത് ഒളിപ്പിക്കുകയും ഭര്‍ത്താവ് ഉറങ്ങിയ ശേഷം കിടപ്പറയുടെ വാതില്‍ തുറന്ന് കൊടുക്കുകയുമായിരുന്നു. ഒന്നാം പ്രതി നല്‍കിയ വെട്ടുകത്തി ഉപയോഗിച്ച് രണ്ടാം പ്രതി വിനോദ് കുമാറിനെ വെട്ടുകയും മരിച്ചെന്നു കരുതി പുറത്തിറങ്ങുകയുമായിരുന്നു. തെളിവു നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കെ വിനോദ് കുമാര്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട് വീണ്ടും അകത്തു കയറി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. വിനോദ് കുമാറിന്റെ ശരീരത്തില്‍ 99 വെട്ടുകള്‍ ഏറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിനോദ് കുമാറിന് മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ടെന്ന വിവരം ലഭിച്ചതിലുള്ള വിദ്വേഷവും തന്റെ മകന് സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയുമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊലക്ക് പ്രതിഫലമായി എറണാകുളത്ത് ഒരു ഫ്‌ളാറ്റും അഞ്ചു ലക്ഷം രൂപയും ജ്യോതി രണ്ടാം പ്രതി സാജിദിന് വാദ്ഗാനം നല്‍കിയിരുന്നു. ഇതില്‍ 4.25 ലക്ഷം രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
കൃത്യത്തിനു ശേഷം വിനോദ് കുമാറിന്റെ ഇന്നോവ കാറുമായി രക്ഷപ്പെട്ട സാജിദ് കാര്‍ മാണൂരില്‍ ഉപേക്ഷിച്ച് ബസ്സില്‍ എറണാകുളത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് മോഷ്ടാക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ സാജിദിന്റെ സഹായത്തോ ജ്യോതി സ്വന്തം കഴുത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യോതിയെ ഡിസ്ച്ചാര്‍ജ്ജ് ചെയ്ത ശേഷം ഒക്‌ടോബര്‍ 14നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതി വിദേശത്തേക്ക് രക്ഷപ്പെട്ടേക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടാണ് വീണ്ടും ജാമ്യം തള്ളാനുള്ള കാരണം.

---- facebook comment plugin here -----

Latest