Connect with us

Gulf

സര്‍ക്കാര്‍ ടെന്‍ഡറുകള്‍ക്ക് മാത്രം വെബ്‌സൈറ്റ് വരുന്നു

Published

|

Last Updated

ദോഹ: സര്‍ക്കാര്‍ ടെന്‍ഡറുകള്‍ക്ക് മാത്രമായി വെബ്‌സൈറ്റ് തുടങ്ങുന്നു. എല്ലാ വിവരങ്ങളും ലഭിക്കുന്ന ഏക വെബ്‌സൈറ്റ്, ചെറുകിട- ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. ചെറുകിട- ഇടത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പ്രൊക്യുര്‍മെന്റ് നടപടിക്രമങ്ങളുടെ ഭാഗമാക്കിയത് സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഇവ ഏറെ സഹായകരമാകുമെന്ന സര്‍ക്കാറിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ദേശീയ പ്രോക്യുര്‍മെന്റ് ശൃംഖലയിലേക്ക് ഏകോപിപ്പിക്കാന്‍ മന്ത്രാലയവുമായി ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക് സഹകരിക്കുന്നുണ്ട്.
ഈ വര്‍ഷം ജൂണ്‍ 13ന് വെബ്‌സൈറ്റ് ഔദ്യോഗികമായി ആരംഭിക്കും. പ്രൊക്യുര്‍മെന്റ് നിയമം നിലവില്‍ വരുന്ന ദിവസമായതിനാലാണ് അന്ന് സൈറ്റ് തുടങ്ങുന്നത്.
പബ്ലിക് പ്രൊക്യുര്‍മെന്റ്, ലേലം തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ വഴി ലഭിക്കും. ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ടെന്‍ഡറുകള്‍ പുതിയ വെബ്‌സൈറ്റിലും സ്ഥാപനങ്ങളുടെ സ്വന്തം സൈറ്റുകളിലും പ്രസിദ്ധീകരിക്കുമെന്ന് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് റഗുലേഷന്‍സ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് സെയ്ദ് റാശിദ് അല്‍ ത്വാലിബ് പറഞ്ഞു.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഭാഗമാക്കണോ അതോ സ്വതന്ത്ര സൈറ്റാക്കണോ എന്നതുസംബന്ധിച്ച് അന്തിമ തീരുമാനം വരാത്തതിനാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ടെന്‍ഡറില്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. സാങ്കേതിക സഹായം സൈറ്റില്‍ തന്നെ ലഭിക്കും.
ദേശീയ പദ്ധതികളുടെ ചുമതല ലഭിക്കുന്ന വിദേശ കമ്പനികള്‍, കരാറിന്റെ 30 ശതമാനം മൂല്യത്തില്‍ പ്രാദേശിക വിപണി സ്രോതസ്സ് ഉപയോഗിക്കണം. നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഈ വര്‍ഷം ടെന്‍ഡര്‍ വിളിക്കും. ഭാവിയില്‍ ബില്യന്‍ കണക്കിന് റിയാലിന്റെ ടെന്‍ഡറുകളാണ് ഉണ്ടാകുക. ഖത്വര്‍ റെയില്‍, അശ്ഗാല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളാണ് പ്രാദേശിക കമ്പനികളെ തേടിയെത്തുക.
ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടുകള്‍ കണ്ടെത്താനും സുതാര്യമാക്കാനുമാണ് ഇത്തരമൊരു സംരംഭം. ലേല നടപടികളില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നവരെയും ക്രമക്കേട് കാണിക്കുന്നവരെയും ഗൂഢാലോചന നടത്തുന്നവരെയും കര്‍ശന നിയമനടപടികള്‍ വിധേയരാക്കും.