Connect with us

Alappuzha

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ സിറാജ് എന്നും മുന്നില്‍: ജി സുധാകരന്‍ എം എല്‍ എ

Published

|

Last Updated

സിറാജ് ആലപ്പുഴ ബ്യൂറോയുടെ നവീകരിച്ച ഓഫീസ് ജിസുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അറുപത് രാഷ്ട്രങ്ങളിലേതിന് തുല്യമായ മുസ്‌ലിം ജനസംഖ്യ ഇന്ത്യയിലുണ്ടായിട്ടും എല്ലാ രംഗത്തും അവര്‍ അവഗണിക്കപ്പെടുകയാണെന്ന് ജി സുധാകരന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. സിറാജ് ആലപ്പുഴ ന്യൂസ് ബ്യൂറോയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ക്കെതിരായ സാമ്രാജ്യത്വ കടന്നുകയറ്റം വ്യാപകമാകുമ്പോള്‍ ഇതിനെതിരെ തുറന്നെഴുതാന്‍ സിറാജ് പോലുള്ള പത്രങ്ങള്‍ക്കേ കഴിയൂ. ലാഭക്കൊതിയോടെ പ്രസിദ്ധീകരിക്കപ്പെടുന്ന മാധ്യമങ്ങള്‍ വസ്തുതകള്‍ക്കെതിരെ കണ്ണടക്കുമ്പോള്‍ സിറാജിന്റെ നിഷ്പക്ഷ നിലപാടുകളും വസ്തുനിഷ്ടമായ വാര്‍ത്തകളും സമൂഹത്തിന് മാര്‍ഗദര്‍ശമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ലിം സാന്നിധ്യം വെറും രണ്ട് ശതമാനത്തില്‍ താഴെയാണ്.അര ലക്ഷത്തോളം മുസ്‌ലിം ചെറുപ്പക്കാര്‍ കാലങ്ങളായി വിചാരണത്തടവുകാരായി കാരാഗ്രഹത്തില്‍ അടക്കപ്പെട്ടിരിക്കുന്നു. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലാഭക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഒരിക്കല്‍ പോലും തയ്യാറാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാര്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള സിറാജിന്റെ പ്രയാണത്തിന് നന്മ ആഗ്രഹിക്കുന്നവരുടെ മുഴുവന്‍ പിന്തുണയുമുണ്ടാകുമെന്ന് തോമസ് ജോസഫ് പറഞ്ഞു. സിറാജ് കൊച്ചി യൂനിറ്റ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എച്ച് അലി ദാരിമി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ത്തകളിലും കാഴ്ചപ്പാടുകളിലുമുള്ള സിറാജിന്റെ നിഷ്പക്ഷ നിലപാടിന് എല്ലാ വിഭാഗത്തിന്റെയും അംഗീകാരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പി ആര്‍ ഒ എന്‍ പി ഉമര്‍ ഹാജി, കൊച്ചി യൂനിറ്റ് മാനേജര്‍ ടി കെ സി മുഹമ്മദ്, പ്രസ്‌ക്ലബ് സെക്രട്ടറി ജി ഹരികൃഷ്ണന്‍, പി ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, സയ്യിദ് ഹാശിം തങ്ങള്‍ സഖാഫി, സയ്യിദ് കൊച്ചുകോയ തങ്ങള്‍, ഹാജി എ ത്വാഹാ മുസ്‌ലിയാര്‍ കായംകുളം, ഹാജി എം എം ഹനീഫ് മൗലവി, പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി, പി എ ഹൈദ്രോസ് ഹാജി, അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പുന്നപ്ര, പി എസ് മുഹമ്മദ് ഹാശിം സഖാഫി, സൂര്യ ശംസുദ്ദീന്‍, പി കെ എം ജലാലുദ്ദീന്‍ മദനി സംസാരിച്ചു. ബ്യൂറോചീഫ് എം എം ശംസുദ്ദീന്‍ സ്വാഗതം പറഞ്ഞു.

Latest