Connect with us

Editorial

ആവര്‍ത്തിക്കുന്ന വിഷവായു ദുരന്തങ്ങള്‍

Published

|

Last Updated

മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ കോഴിക്കോട് അഴുക്കുചാല്‍ ദുരന്തത്തിന്റെ നടുക്കവും ദുഃഖവും വിട്ടുമാറും മുമ്പേയാണ് ചൊവ്വാഴ്ച കണ്ണൂര്‍ ചക്കരക്കല്ലില്‍ ഏറെക്കുറെ സമാനമായ മറ്റൊരു ദുരന്തമുണ്ടായത്. ഒരു വീട്ടിലെ സെപ്റ്റിക് ടാങ്ക്് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു വളപട്ടണം മായച്ചാന്‍ കുന്നില്‍ മുനീര്‍, ചെമ്പിലോട് കൊടിവളപ്പില്‍ പി കെ സതി, മകന്‍ പി കെ രതീഷ്‌കുമാര്‍ എന്നിവര്‍ ദാരുണമായി മരണപ്പെട്ടു. മുനീറും ഒപ്പമുണ്ടായിരുന്ന താഴെചൊവ്വ സ്വദേശി ഗില്‍ബര്‍ട്ടും ചേര്‍ന്ന് സെപ്റ്റിക്ടാങ്ക് വൃത്തിയാക്കുന്നതിനിടെ മുനീര്‍ ടാങ്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മുനീറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രതീഷും സതിയും ടാങ്കിനകത്തേക്ക് കുഴഞ്ഞുവീണ് മരിച്ചത്.
രണ്ട് മാസം മുമ്പാണ് കോഴിക്കോട് പാളയത്തിനടുത്ത് 12 അടി താഴ്ചയുള്ള ഭൂഗര്‍ഭ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി അഴക്കു വെള്ളത്തില്‍ വീണ് നരസിംഹ, ഭാസ്‌കര്‍ എന്നീ തൊളിലാളികളും രക്ഷിക്കാന്‍ എടുത്തു ചാടിയ ഓട്ടോ ഡ്രൈവര്‍ നൗഷാദും മരിച്ചത്. കോഴിക്കോട്ട് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ ശ്രമം കൊണ്ടാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തതെങ്കില്‍ ചക്കരക്കല്ലില്‍ മൂന്നര മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിക്കിറങ്ങിയതാണ് രണ്ട് സംഭവങ്ങളിലും ദുരന്തങ്ങള്‍ക്ക് കാരണം. സെപ്റ്റിക് ടാങ്ക്, അഴുക്കുചാല്‍ ശുചീകരണം, ആഴമുള്ള കിണറുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയവ അപകട സാധ്യതയുള്ള ജോലികളാണ്. ഇത്തരം ടാങ്കുകളില്‍ നിന്ന് പുറത്തുവരുന്ന ദുര്‍ഗന്ധം വിഷമയമാണെതിനാല്‍ ശുചീകരണ ജോലികളിലേര്‍പ്പെടുന്നവര്‍ ഗ്ലൗസ്, ബൂട്ട്‌സ്, മാസ്‌ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മാത്രമല്ല, അവയിലിറങ്ങുന്നതിന് മുമ്പേ വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്. പുറത്തുവരുന്ന വിഷവാതകങ്ങള്‍ ഏതവസ്ഥയിലും ജോലിക്കാരുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചേക്കാമെന്നതിനാല്‍ അവരെ നിരീക്ഷിക്കാന്‍ അടുത്ത് ആളുകളുണ്ടായിരിക്കേണ്ടതും ആവശ്യമാണ്. മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളിലും അത്തരം മുന്‍കരുതലുകളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, മുന്‍ അനുഭവങ്ങളില്‍ നിന്ന് ആരും പാഠം പഠിക്കുന്നുമില്ല. കോഴിക്കോട് ദുരന്തം പലവിധ കാരണങ്ങളാലും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. മുന്‍കരുതലില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചു ഉത്തരവാദപ്പെട്ടവര്‍ അന്ന് ചൂണ്ടിക്കാട്ടിയതുമാണ്. എന്നിട്ടും ചക്കരക്കല്ലിലെ സെപ്ടിക് ടാങ്ക് ശുചീകരണത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടതുണ്ട്.
കിണര്‍ വൃത്തിയാക്കുന്ന വേളയിലുമുണ്ടാകാറുണ്ട് ഇത്തരം ദുരന്തങ്ങള്‍. ആഴമുള്ള കിണറുകളുടെ താഴ്ഭാഗത്ത് ശുദ്ധവായു കുറവായിരിക്കുമെന്നതിനാല്‍ അവയിലിറങ്ങുന്ന തൊഴിലാളികള്‍ക്ക് തലകറക്കവും തളര്‍ച്ചയും മരണവും സംഭവിക്കാറുണ്ട്. പാലക്കാട് തിരുവില്വാമല ആക്കപ്പറമ്പിലും മുവ്വാറ്റുപുഴ വാളകത്തും തൃശൂര്‍ പട്ടിക്കാട് താണിപാടത്തും കൊല്ലം അഞ്ചലിലും ആളുകള്‍ ഇങ്ങനെ ശ്വാസം മുട്ടിമരിച്ചത് സമീപ കാലത്താണ്. കിണറിനടിയില്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ പെട്ടെന്ന് കരയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാന്‍ പ്രയാസമാണെന്നതിനാല്‍ ഇവിടെയും നല്ല മുന്‍കരുതലുകള്‍ ആവശ്യമാണ്. മിക്ക പേരും പക്ഷേ, ഇത് ശ്രദ്ധിക്കാറില്ല.
പൊതുസ്ഥാപനങ്ങളുടെ കീഴിലെ ശുചീകരണ പ്രവൃത്തികള്‍ ഏറെയും പുറം ഏജന്‍സികളെയും കരാറുകാരെയും ഏല്‍പ്പിക്കുകയാണ് പതിവ്. ഇത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോ കരാറുകാരോ തൊഴിലാളികളുടെ സുരക്ഷയില്‍ ഒട്ടും ശ്രദ്ധിക്കാറില്ല. കോഴിക്കോട് സംഭവത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം എന്ന കമ്പനിയെയായിരുന്നു ജല അതോറിറ്റി ഓവുചാല്‍ നവീകരണ പ്രവൃത്തി ഏല്‍പ്പിച്ചത്. തൊഴിലാളികളെ ഓവുചാലില്‍ ഇറക്കുമ്പോള്‍ കമ്പനി ഒരുവിധ സുരക്ഷാ സംവിധാനങ്ങളും പാലിച്ചിരുന്നില്ല. കരാര്‍ നല്‍കിയാലും ജോലി സ്ഥലത്തെ സുരക്ഷ പരിശോധിക്കാനുള്ള ഉത്തരവാദിത്വം ജല അതോറിറ്റിക്കുണ്ട്. അവരും അക്കാര്യം നിര്‍വഹിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇക്കാര്യത്തില്‍ കനത്ത അലംഭാവമാണ് കാണിക്കുന്നത്. സ്വകാര്യ മേഖലയിലായാലും അപകട സാധ്യതയേറിയ ഇത്തരം ജോലികള്‍ക്ക് തൊഴിലാളികളെ നിയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ടതും അവര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കേണ്ടതും ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു പൊതുസമൂഹം വേണ്ടത്ര ബോധവാന്മരല്ലാത്തതിനാല്‍ അവരെ ബോധവത്കരിക്കാനുള്ള നടപടികളുമുണ്ടാകണം.

Latest