Connect with us

International

2050 ഓടെ സമുദ്രങ്ങളില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം നിറയും

Published

|

Last Updated

കൊളോഗ്‌നി: 2050ഓടെ ലോകത്തെ സമുദ്രങ്ങളില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാകുമെന്ന് പഠന റിപ്പോര്‍ട്ട്. എലന്‍ മാക്ആര്‍തര്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോക സാമ്പത്തിക ഫോറമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തില്‍ 20 മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം പ്ലാസ്റ്റിക് പാക്കിംഗ് വസ്തുക്കളും ഒരിക്കല്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവയാണ്. മാത്രമല്ല 40 ശതമാനം പ്ലാസ്റ്റിക്കുകളും ഭൂമിയില്‍ നിറയുകയാണ്. അഞ്ച് ശതമാനം മാത്രമാണ് കാര്യക്ഷമമായി പുനരുപയോഗിക്കുന്നത്. ഇത്തരത്തില്‍ എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് ഓരോ വര്‍ഷവും സമുദ്രങ്ങളിലെത്തുന്നത്. ഓരോ മിനുട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് മാലിന്യമെന്ന നിരക്കിലാണിത്. 2030 ല്‍ ഇത് ഒരു മിനുട്ടില്‍ രണ്ട് ട്രക്ക് എന്ന നിരക്കിലും 2050ല്‍ ഒരു മിനുട്ടില്‍ നാല് ട്രക്ക് എന്ന നിരക്കിലുമായി മത്സ്യങ്ങളേക്കാള്‍ സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെന്ന സ്ഥിതിവരുമെന്നും പഠനത്തില്‍ പറയുന്നു. 180ഓളം വിദഗ്ധരുമായി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Latest