Connect with us

Kozhikode

ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിനെന്ന് പറഞ്ഞ് ചിട്ടി നടത്തി കബളിപ്പിച്ചതായി പരാതി

Published

|

Last Updated

പണപ്പിരിവിന് നല്‍കുന്ന കാര്‍ഡ്‌

താമരശ്ശേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കാനെന്ന പേരില്‍ ചിട്ടി നടത്തി കബളിപ്പിച്ചതായി പരാതി. മലപ്പുറം കാളികാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി പേരില്‍ നിന്നായി പണം കൈക്കലാക്കിയത്. ആഴ്ചയില്‍ 100 രൂപ വീതം നല്‍കി 3000 രൂപയാകുമ്പോള്‍ ഗൃഹോപകരണങ്ങള്‍ നല്‍കുമെന്നും ലാഭത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും വിശ്വസിപ്പിച്ചാണ് ആളുകളെ ചിട്ടിയില്‍ ചേര്‍ത്തത്. പണപ്പിരിവ് എളുപ്പമാക്കാനായി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ആളെ ചേര്‍ത്തിരുന്നത്.
താമരശ്ശേരി, പുതുപ്പാടി, കിഴക്കോത്ത് മേഖലകളില്‍ നിരവധി പേരാണ് തട്ടിപ്പിനിരയായത്. പന്നൂര്‍ സ്വദേശികളായ ഏതാനും പേര്‍ കഴിഞ്ഞ ദിവസം കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 3000 രൂപ പൂര്‍ത്തിയായവര്‍ ഗൃഹോപകരണങ്ങള്‍ക്കായി ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോഴാണ് നമ്പര്‍ നിലവിലില്ലെന്ന് മനസ്സിലായത്. കൊടുവള്ളി, താരമശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്നായിരുന്നു ഏജന്റുമാര്‍ വിശ്വസിപ്പിച്ചിരുന്നതെങ്കിലും ഈ വിലാസങ്ങളില്‍ ഇത്തരത്തിലുള്ള ഓഫീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ആയിഷ ടവര്‍, കാളികാവ്, മലപ്പുറം എന്നതാണ് ഇവരുടെ വെബ്‌സൈറ്റില്‍ നല്‍കിയ വിലാസം. എന്നാല്‍ വിവിധ മേഖലകളില്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ ഹെഡ് ഓഫീസിന്റെ വിലാസം കൊടുക്കുന്നത് വിത്യസ്തമാണ്. കാളികാവ്, നിലമ്പൂര്‍, കോഴിക്കോട് തുടങ്ങിയ വിലാസങ്ങളാണ് ഉപയോഗിക്കുന്നത്. ഏതാനും ദിവസം പ്രവര്‍ത്തിച്ചിരുന്ന ഒരു നമ്പറില്‍ വിളിച്ച സ്ത്രീകളോട് കാളികാവിലെത്തിയാല്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. നിരവധി പേര്‍ വിവിധ തട്ടിപ്പുകള്‍ക്കിരയാവുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്.

Latest