Connect with us

Gulf

പതിറ്റാണ്ടിനിടെ ഖത്വറിന്റെ ഊര്‍ജ ഉപയോഗം 190 ശതമാനം വര്‍ധിച്ചു

Published

|

Last Updated

ദോഹ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് ഖത്വറിലെ ഇന്ധന ഉപയോഗം 190 ശതമാനം അധികമായി ഉയര്‍ന്നു. 2004- 14 കാലയളവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഉത്പാദിപ്പിക്കുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇന്ധന ഉപയോഗം 47 ശതമാനം അധികമായിട്ടുണ്ട്. സഊദി അറേബ്യയില്‍ പ്രതിദിനം 13 ലക്ഷം ബാരല്‍ (67 ശതമാനം) ഇന്ധനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ബി പി സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ ഓഫ് വേള്‍ഡ് എനര്‍ജി 2015 റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്വറിന്റെ ഉപയോഗം 2004ല്‍ പ്രതിദിനം 1.06 ലക്ഷം ബാരല്‍ ആയിരുന്നത് 2014ല്‍ 3.07 ലക്ഷം ബാരല്‍ ആയി ഉയര്‍ന്നു. സഊദി അറേബ്യയുടെത് 2004ല്‍ 19 ലക്ഷം ബാരലായിരുന്നത് 2014ല്‍ 32 ലക്ഷം ബാരല്‍ ആയി. ഇറാന്‍ ആണ് ഏറ്റവും കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന മേഖലയിലെ രണ്ടാമത്തെ രാഷ്ട്രം. 16 ലക്ഷം ബാരലില്‍ നിന്ന് 20 ലക്ഷം ബാരലിലേക്കാണ് ഇറാന്റെ പ്രതിദിന ഉപയോഗം വര്‍ധിച്ചത്. യു എ ഇ ആണ് മൂന്നാമത്. 4.84 ലക്ഷം ബാരലില്‍ നിന്ന് 8.73 ലക്ഷം ബാരല്‍ ആയി യു എ ഇയുടെത് ഉയര്‍ന്നു. മിഡില്‍ ഈസ്റ്റിലെ മൊത്തം ഇന്ധന ഉപയോഗം 2004ലെ 59 ലക്ഷം ബാരലില്‍ നിന്ന് 87 ലക്ഷം ബാരല്‍ ആയി 2014ല്‍ വര്‍ധിച്ചിട്ടുണ്ട്.
ജനസംഖ്യാ വര്‍ധനവും നിരവധി വികസന പദ്ധതികളുമാണ് ഇന്ധന ഉപയോഗം വര്‍ധിക്കാനുള്ള പ്രധാന കാരണം. വൈദ്യുതി, കുടിവെള്ള ഉത്പാദനങ്ങള്‍ക്ക് ഈ രാഷ്ട്രങ്ങളില്‍ എണ്ണയും വാതകവുമാണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ അവലംബിക്കുന്നത് ചുരുക്കാനും രാഷ്ട്രങ്ങള്‍ പദ്ധതിയിടുന്നുണ്ട്. സോളാര്‍ ഊര്‍ജത്തില്‍ നിന്ന് 41ഉം ആണവോര്‍ജത്തില്‍ നിന്ന് 18ഉം മറ്റ് പുതുക്കാവുന്ന ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് നാലും ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഊദി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ധന വില കുത്തനെ താഴ്ന്നതിനാല്‍ ഫോസില്‍ ഇന്ധനങ്ങളെ അവലംബിക്കുന്നത് കുറക്കാന്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ സമീപഭാവിയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.