Connect with us

Ongoing News

ജില്ലയില്‍ തള്ളിയ സെന്റ്‌ജോസഫിന് മേളപ്പെരുക്കത്തില്‍ ഒന്നാം സ്ഥാനം

Published

|

Last Updated

തിരുവനന്തപുരം: ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കിലെന്ന വാശിയോടെയാണ് കോഴിക്കോട്ട് നിന്ന് സെന്റ് ജോസഫ് ബോയ്‌സ് എച്ച് എസ് എസ് വിദ്യാര്‍ഥികള്‍ വണ്ടികയറിയത്. ജില്ലയില്‍ തഴയപ്പെട്ടിട്ടും കോടതി വിധിയുടെ പിന്‍ബലത്തിലുള്ള യാത്ര വെറുതേയായില്ല. ഫലം വന്നപ്പോള്‍ അവര്‍ക്കുതന്നെ ഇത്തവണയും ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം ഒരു താളത്തിന്റെ പിഴവില്‍ നഷ്ടപ്പെട്ട ഒന്നാം സമ്മാനം തിരിച്ചുപിടിക്കുന്നതിനായി എത്തിയ കോഴിക്കോട് ജി വി എച്ച് എസ് എസ് ബോയ്‌സ് കൊയിലാണ്ടിക്ക് ഇക്കുറിയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനക്കാരായ സെന്റ് ജോസഫ് ബോയ്‌സ് എച്ച് എസ് എസ് കോടതി ഉത്തരവിലൂടെയായിരുന്നു സംസ്ഥാനതലത്തില്‍ മത്സരിച്ച് വിജയിച്ചത്. അഞ്ച് അടന്തയിലെ 16 അക്ഷരത്തിലെ രണ്ട് കാലം കൊട്ടിയായിരുന്നു ഇത്തവണത്തെ വിജയം. മണി കണ്ണന്‍ഞ്ചേരിയാണ് പരിശീലകന്‍. അജിത്‌പ്രേം, അമര്‍ എന്നിവര്‍ ചെണ്ടയും ആദര്‍ശ് വലംതലയും ഋത്വിക്ക്, അമര്‍ജിത്ത് എന്നിവര്‍ താളവും ഋത്വിന്‍ കൊമ്പും അഭയ് കുഴലും കൈകാര്യം ചെയ്തു.
പതിനെട്ടു ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ 12 പേര്‍ക്ക് എ ഗ്രേഡും മൂന്ന് പേര്‍ക്ക് ബി ഗ്രേഡും ലഭിച്ചു. പെണ്‍കുട്ടികള്‍ മാത്രമുള്ള ടീമായ എ എസ് എച്ച് എസ് എസ് പാരിപ്പള്ളിക്ക് എ ഗ്രേഡ് ലഭിച്ചു. എട്ടാം തവണയാണ് ചെണ്ടമേളവുമായി അമൃത പാരിപ്പള്ളി സ്‌കൂള്‍ സംസ്ഥാനതലത്തില്‍ മത്സരത്തില്‍ എത്തുന്നത്.