Connect with us

Malappuram

മത പേരുള്ള സ്ഥല നാമങ്ങള്‍ ഒഴിവാക്കണമെന്ന പ്രമേയം ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചക്കും വേദിയായി

Published

|

Last Updated

പരപ്പനങ്ങാടി: മതപേരുള്ള സ്ഥലനാമങ്ങള്‍ ഒഴിവാക്കണമെന്ന പ്രമേയം ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചക്കും വേദിയായി മാറി. ഇന്നലെ പരപ്പനങ്ങാടി നഗരസഭയിലെ ഭരണസമിതി യോഗത്തിന്റെ നടപടി ക്രമത്തിന്റെ ഭാഗമായി സി പി ഐ (എം) അംഗം ദേവന്‍ അവതരിപ്പിച്ച പ്രമേയമാണ് വാഗ്വാദത്തിനും ചര്‍ച്ചക്കും പ്രതിഷേധ പ്രകടനത്തിനും കാരണമായതും കോണ്‍ഫറന്‍സ് ഹാള്‍ വേദിയായി മാറിയതും. നേരത്തെ സര്‍ക്കാറിന്റെ അംഗീകാരത്തോടെയോ ഗ്രാമപഞ്ചായത്തില്‍ സമ്മതം വാങ്ങിയോ അല്ലാതെ ഈ അടുത്ത കാലങ്ങളില്‍ ഉടലെടുത്ത മത പേരുകളുള്ള സ്ഥലങ്ങളുടെ നാമങ്ങളാണ് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നത്. വിവിധ മതസ്ഥര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഇങ്ങിനെയുള്ള പേരുകള്‍ ഭാവിയില്‍ ദോശം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി പി എം അംഗം പ്രമേയത്തിലൂടെ ശ്രദ്ധ ക്ഷണിച്ചത്. എന്നാല്‍ ഭരണസമിതി പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുകയും അത് പ്രതിപക്ഷം തള്ളുകയും ചെയ്തു. ഇതോടെ പ്രമേയം വോട്ടിനിട്ടു. 18ന് എതിരെ 20 വോട്ടുകള്‍ക്ക് പ്രമേയം തള്ളിപ്പോയി. ബി ജെ പിയുടെ മൂന്ന് കൗണ്‍സിലര്‍മാരും പ്രമേയത്തിന് എതിരെ ഭരണ കക്ഷിയോട് ചേര്‍ന്ന് വോട്ട് ചെയ്തു. പ്രമേയം എതിര്‍ത്ത് തോല്‍പ്പിക്കുക വഴി ഭരണത്തെ താങ്ങി നിര്‍ത്തുന്ന ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് ഭരണ കക്ഷിയായ യു ഡി എഫ് സ്വീകരിച്ചതെന്ന് സി പി എം ജനകീയ വികസന മുന്നണി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അടുത്ത കാലത്ത് ഉയര്‍ന്ന ഇത്തരം പേരുകള്‍ മാറ്റാന്‍ മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടെന്നിരിക്കെ ബി ജെ പിയെ കൂട്ടുപിടിച്ച് അവരുടെ ഹിജന്‍ അജന്‍ഡ നടപ്പാക്കുകയായിരുന്നുവത്രെ. ഇതില്‍ പ്രതിഷേധിച്ച് ഇടത് ജനകീയ വികസന മുന്നണി കൗണ്‍സിലര്‍മാര്‍ പരപ്പനങ്ങാടി ടൗണില്‍ പ്രതിഷേധ പ്രടനം നടത്തി. പ്രകടനത്തിന് ദേവന്‍, കെ പി എം കോയ, സുഹാസ്, ഹനീഫ കൊടപ്പാളി, ശിഫ അശ്‌റഫ്, നൗഫല്‍ ഇല്ലിയന്‍ നേതൃത്വം നല്‍കി.

Latest