Connect with us

Kozhikode

സിറ്റി പോലീസിന്റെ റോഡ് സുരക്ഷാ പരിപാടിക്ക് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: ജനങ്ങളില്‍ ട്രാഫിക് ബോധവത്കരണമുണ്ടാക്കുന്നതിനായി കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി റോഡ് സുരക്ഷാ പരിപാടി സംഘടിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റ ഐ പി എസ് അറിയിച്ചു. ഈ മാസം 23 മുതല്‍ 26 വരെയാണ് വിവിധ പരിപാടികളോടെ ബോധവത്കരണം സംഘടിപ്പിക്കുന്നത്. കോഴിക്കോടിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഗതാഗത പ്രശ്‌നമാണ്.
കഴിഞ്ഞ 15 ദിവസത്തിനുളളില്‍ നഗരത്തില്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നഗരത്തെ ഗതാഗത പ്രശ്‌ന രഹിതമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. റോഡ് സുരക്ഷാ പരിപാടി 23ന് രാവിലെ 9ന് മാനാഞ്ചിറയില്‍ നടക്കുന്ന പ്രതിജ്ഞയോടെ തുടക്കമാകും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, പോലീസുകാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പ്രതിജ്ഞയില്‍ പങ്കെടുക്കും. സിനിമാ താരം മൈഥിലി പങ്കെടുക്കും. 9. 15ന് ഒപ്പ് ശേഖരണ പരിപാടി നടക്കും. 9. 30ന് സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കും. 2. 30 ന് ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ട്രാഫിക് ബോധവത്കരണ ക്ലാസ് നല്‍കും. 24ന് ഉച്ചക്ക് 2. 30ന് മാനാഞ്ചിറ ബി ഇ എം പി സ്‌കൂളില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ്, ക്വിസ് മത്സരം സംഘടിപ്പിക്കും. 25ന് രാവിലെ 9. 30ന് വെസ്റ്റ് ഹില്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലും ബൈപ്പാസ് ഹൈസ്‌കൂളിലും മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
26ന് രാവിലെ 9ന് കോഴിക്കോട് പോലീസ് ക്ലബ്ബിന് സമീപത്ത് ഡ്രൈവര്‍മാര്‍ക്ക് കണ്ണ്, ചെവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. പുതിയ ബസ് സ്റ്റാന്‍ഡില്‍ ഫോട്ടോ പ്രദര്‍ശനവുമൊരുക്കും. 2. 30ന് രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് റോഡ് സുരക്ഷാ ബോധവത്കരണ വാഹന റാലി സംഘടിപ്പിക്കും. 5. 30ന് സമാപന സമ്മേളനം നടക്കും. വാഹനാപകടങ്ങളില്‍ ഇരകളായവരുടെ കുടുംബാംഗങ്ങള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡപ്യൂ. കമ്മീഷണര്‍ ഡി സാലി ഐ പി എസ്, അസി. പോലീസ് കമ്മീഷണര്‍മാരായ അരവിന്ദാക്ഷന്‍, എ കെ ബാബു പങ്കെടുത്തു.

Latest