Connect with us

National

ഇസില്‍ ഭീഷണി: രാജ്യവ്യാപക റെയ്ഡില്‍ 14 പേര്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയില്‍ തലസ്ഥാന നഗരമുള്‍പ്പെടെ കനത്ത ജാഗ്രതയില്‍. രാജ്യം 66ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് ഭീകരാക്രമണ ഭീഷണി നേരിടുന്നത്. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷ പരേഡിനിടെ ഇസില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പരിശോധനയും കൂട്ട അറസ്റ്റും നടക്കുകയാണ്. ഇസിലുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി അവകാശപ്പെടുന്ന പതിനാറ് പേരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്.
ഇതോടെ രാജ്യത്തെ ഇസില്‍ അനുകൂല ഭീകരപ്രവര്‍ത്തന നീക്കം പൊളിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും ഇസില്‍ ഭീതിയോടെ തന്നെയാണ് ആഘോഷങ്ങള്‍ക്ക് അന്തിമഘട്ട ഒരുക്കങ്ങള്‍ നടത്തുന്നത്. ഇന്നലെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇസില്‍ ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി തീവ്രവാദ ബന്ധമാരോപിച്ച് പിടിയിലായവരെക്കൂടി ചേര്‍ക്കുമ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആകും.
സംസ്ഥാന പോലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, എന്‍ ഐ എ എന്നിവരാണ് തിരച്ചിലില്‍ പങ്കെടുത്തത്. അറസ്റ്റിലായവരില്‍ ഇസിലിന്റെ സ്വയം പ്രഖ്യാപിത അമീറും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇസിലിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇവര്‍ ചേര്‍ന്ന് ജനൂദുല്‍ ഖലീഫ ഇ ഹിന്ദ് എന്ന സംഘടന രൂപവത്കരിച്ചതായും എന്‍ ഐ എ പറയുന്നു. പിടിയിലായവരില്‍ നിന്ന് 42 മൊബൈല്‍ ഫോണുകള്‍, സ്‌ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, വയറുകള്‍, ബാറ്ററികള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയും പിടിച്ചെടുത്തതായി എന്‍ ഐ എ അറിയിച്ചു. പിടിയിലായ അമീറിന് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്നും എന്‍ ഐ എ കരുതുന്നുണ്ട്. സംയുക്ത ഓപറേഷനിലൂടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി (ആഭ്യന്തര സുരക്ഷ) എം എ ഗണപതി അറിയിച്ചു.
മുദാബിര്‍ മുഷ്താഖ്, മുഹമ്മദ് നഫീസ് ഖാന്‍, മുഹമ്മദ് ശരീഫ് മൗനുദ്ദീന്‍ ഖാന്‍, നജ്മുല്‍ ഹുദ, മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളെ ഇസിലില്‍ ചേരാന്‍ ഇവര്‍ പ്രേരിപ്പിച്ചതായി എന്‍ ഐ എ പറയുന്നു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ ആറ് യുവാക്കള്‍ പിടിയിലായതായി സംസ്ഥാന ആഭ്യന്തര മന്ത്രി പി പരമേശ്വര സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേരെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.
മുംബൈ സ്വദേശിയായ മുദാബിര്‍ മുഷ്താഖാണ് സ്വയംപ്രഖ്യാപിത അമീറെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു. ഇയാള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ വിദേശികളടക്കമുള്ളവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചതായും സുരക്ഷാ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന മേഖലയില്‍ വിദൂരനിയന്ത്രിത ചെറുവിമാനങ്ങള്‍ പറത്തുന്നതിന് പോലീസ് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം സുരക്ഷാ കാരണങ്ങളാല്‍ പരേഡ് ഇത്തവണ തൊണ്ണൂറ് മിനുട്ടാക്കി വെട്ടിച്ചുരുക്കുയും ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെയാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി. റിപ്പബ്ലിക്ദിന ചടങ്ങില്‍ ഹോളണ്ടെ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസം ഇസിലിന്റെ പേരില്‍ ഫ്രഞ്ച് എംബസിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം