Connect with us

Ongoing News

വാപ്പയുടെ വിളി വന്നു; ഇന്ദ്രനായി വേദിയില്‍ നിറഞ്ഞ് സുഹൈല്‍

Published

|

Last Updated

തിരുവനന്തപുരം: വേദിയിലേക്ക് കയറും മുമ്പ് സുഹൈലിന് ഗള്‍ഫില്‍ നിന്ന് വാപ്പയുടെ വിളിയെത്തി. വാപ്പയുടെ ആശംസയും അനുഗ്രഹവും ഊര്‍ജ്ജമാക്കി വേദിയില്‍ കയറിയ സുഹൈല്‍ കാണികളുടെ മനം കവര്‍ന്ന് ഇന്ദ്രനായി നിറഞ്ഞാടി. സദസിന്റെ നിറഞ്ഞ കയ്യടി നേടിയാണ് സുഹൈല്‍ മടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി കഥകളി ഗ്രൂപ്പ് വിഭാഗത്തിലാണ് കഴക്കൂട്ടം ജ്യോതിനിലയം എച്ച് എസ് എസിലെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ സുഹൈല്‍ സുനീര്‍ വേഷപ്പകര്‍ച്ചയിലൂടെ ഇന്ദ്രനായെത്തി കാണികളുടെ കയ്യടി നേടിയത്. സുനീര്‍ ഖാന്‍-നസീത ദമ്പതികളുടെ മകനായ സുഹൈല്‍ ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നത്. കാലകേയവധമാണ് സൊഹൈലും പ്ലസ് വണില്‍ ഒപ്പം പഠിക്കുന്ന ശ്രുതി സുരാജും ചേര്‍ന്ന് വേദിയില്‍ അവതരിപ്പിച്ചത്. മകനായ അര്‍ജുനനെ ആദ്യമായി കാണുമ്പോള്‍ തന്റെ സിംഹാസനത്തിന്റെ പകുതി പകുത്തു നല്‍കുന്ന ഇന്ദ്രന്റെ വേഷമാണ് സുഹൈല്‍ ഭാവരസം ചോരാതെ അവതരിപ്പിച്ചത്. അര്‍ജുന വേഷം ഭദ്രമായി കൈകാര്യം ചെയ്ത് ശ്രുതി സുരാജും വേദിയില്‍ നിറഞ്ഞു നിന്നു. മികച്ച പ്രകടനത്തിന് എ ഗ്രേഡും നേടിയാണ് ഇവര്‍ മടങ്ങുന്നത്.
സൗദി അറേബ്യയില്‍ ജനിച്ചു വളര്‍ന്ന സൊഹൈല്‍ ഒന്നാം ക്ലാസു മുതല്‍ ഏഴാം ക്ലാസുവരെ പഠിച്ചത് ജിദ്ദക്ക് അടുത്തുള്ള യാന്‍ബുവിലാണ്. നാട്ടില്‍ പഠിക്കണമെന്ന ആഗ്രഹത്തിലാണ് സുഹൈല്‍ ഏഴാം ക്ലാസിന് ശേഷം തിരികെ നാട്ടിലെത്തുന്നത്. നാട്ടില്‍ വന്നപ്പോഴാണ് സൊഹൈല്‍ ആദ്യമായി കഥകളി കാണുന്നതും അതില്‍ ആകൃഷ്ടനാകുന്നതും. കഥകളി പഠിക്കണമെന്ന മോഹം മനസില്‍ തോന്നിയപ്പോള്‍ ആദ്യം വാപ്പയോടാണ് സൊഹൈല്‍ തന്റെ ആഗ്രഹം പങ്കുവെച്ചത്. തന്റെ കലാഭിരുചിക്ക് വാപ്പയും ഉമ്മയും സഹോദരി സുഹൈലയും സര്‍വപിന്തുണയും അറിയിച്ചതോടെ സൊഹൈല്‍ കഥകളിയുടെ കളിത്തട്ടിലേക്ക് കാലെടുത്തു വെച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി കലാമണ്ഡലം ബാലസുബ്രമണ്യത്തിന്റെ ശിക്ഷണത്തിലാണ് സൊഹൈല്‍ കഥകളി അഭ്യസിക്കുന്നത്. കണിയാപുരത്ത് സ്ഥിരതാമസമായ സുഹൈല്‍ അധികം അകലെയല്ലാതെ കഴക്കൂട്ടത്ത് ബാലസുബ്രമണ്യം നടത്തുന്ന അര്‍ജ്ജുന സ്‌കൂള്‍ എന്ന കളരിയിലാണ് സുഹൈലിന്റെ ശിക്ഷണം. കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കുന്ന സൊഹൈലിനേക്കുറിച്ച് ഗുരുവിനും നല്ല മതിപ്പാണ്. ജിദ്ദക്കടുത്ത് യാന്‍ബുവില്‍ ബിസിനസ് നടത്തുന്ന സുഹൈലിന്റെ വാപ്പ സുനീര്‍ ഖാന്‍ നാട്ടിലെത്തിയാല്‍ മകന്റെ കലാസപര്യകള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് ഗുരുവിന്റെ സാക്ഷ്യപത്രം.