Connect with us

Ongoing News

ഭാവാഭിനയത്തില്‍ ബാര്‍കോഴ മുതല്‍ അക്രമ രാഷ്ട്രീയം വരെ

Published

|

Last Updated

തിരുവനന്തപുരം: സമകാലിക വിഷയങ്ങളെ കുട്ടികള്‍ എത്രമാത്രം ഗൗരവത്തോടെ നോക്കിക്കാണുന്നുവെന്ന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ട് മത്സരം തെളിയിച്ചു. ബാര്‍കോഴ, മുല്ലപ്പെരിയാര്‍, സിറിയയില്‍ അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നം, സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ശോച്യാവസ്ഥ, യാക്കൂബ് മേമന്‍, ദാദ്രി സംഭവം, തെരുവ്‌നായ ശല്യം, ചുംബന സമരം തുടങ്ങിയ വിഷയങ്ങളെല്ലാം വേദിയില്‍ നിറഞ്ഞാടി. എന്നാല്‍, മത്സരത്തിന് തീര്‍ത്തും തണുപ്പന്‍ പ്രതികരണമായിരുന്നുവെന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളൊന്നും ഉണ്ടായില്ലെന്നും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
അപ്പീല്‍ ഉള്‍പ്പെടെ 19 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ മൂന്ന് പേര്‍ ഒഴികെ മറ്റെല്ലാവരും എ ഗ്രേഡ് നേടി. ബാര്‍കോഴയും കൊലപാതക രാഷ്ട്രീയവും വേദിയിലെത്തിച്ച ആലപ്പുഴ മുതുകുളം വി എച്ച് എസ് എസിലെ നന്ദഗോപന്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമൂഹത്തില്‍ രൂഢമൂലമായി നിലനില്‍ക്കുന്ന ജാതി വിവേചനത്തിനെതിരെ അയ്യന്‍കാളിയെയും ശ്രീനാരായണഗുരുവിനെയും അവലംബമാക്കിയുള്ള കോഴിക്കോട് മേന്മുണ്ട എച്ച് എസ് എസിലെ ശ്രീരാഗ് വി കുമാറിന്റെ പ്രകടനവും മികച്ചുനിന്നു. കേരളത്തില്‍ നടക്കുന്ന ശരിയായ സമരങ്ങളും സമരാഭാസങ്ങളും കുട്ടികള്‍ തിരിച്ചറിയുന്നുവെന്നും ഭാവാഭിനയത്തിലൂടെ വ്യക്തമാക്കപ്പെട്ടു.
ചുംബന സമരം ഉദാഹരണമായെടുത്താണ് കാസര്‍കോട് കാറഡുക്ക ഗവ. വി എച്ച് എസ് എസിലെ കൃഷ്ണപ്രസാദ് ഈ വിഷയം വേദിയില്‍ അവതരിപ്പിച്ചത്. മനുഷ്യന്റെ ജീവിത പരിതോവസ്ഥയില്‍ കടുത്ത ഭീഷണിയായി നിലനില്‍ക്കുന്ന തെരുവ്‌നായകളുടെ ആക്രമണം ഉണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് മലപ്പുറം വി പി കെ എം എം എച്ച് എസ് എസിലെ വി ദേവനാദ് വിഷയമാക്കിയത്. മിമിക്രി ആര്‍ട്ടിസ്റ്റുകളായ കെടാമംഗലം വിനോദ്, കൊല്ലം സിറാജ്, കലാഭവന്‍ ജോഷി എന്നിവരാണ് മത്സരത്തിന് വിധികര്‍ത്താക്കളായെത്തിയത്.

Latest