Connect with us

Editorial

കാര്യക്ഷമതാ റിപ്പോര്‍ട്ട് ഫ്രീസറിലേക്കോ?

Published

|

Last Updated

ജീവിതച്ചെലവ് വര്‍ധിച്ചുവരികയാണ് അനുദിനം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിത്യോപയോഗ സാധനങ്ങള്‍ക്ക് തീപ്പിടിച്ച വിലയാണ്. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിവയക്കും പൊള്ളുന്ന വില. വിദ്യാഭ്യാസത്തിനും ചെലവേറി. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞാലും അതിന്റെ ഗുണം ജനങ്ങളില്‍ എത്താതിരിക്കാന്‍ തീരുവക്കൊള്ളയുമായി സര്‍ക്കാറും രംഗത്തുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ശമ്പള നിരക്കില്‍ വര്‍ധന വേണമെന്ന ജീവനക്കാരുടെ ആവശ്യം സ്വാഭാവികമാണ്. ഇതു സംബന്ധിച്ചു ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ 10-ാം ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ച ശിപാര്‍ശകള്‍ കാര്യമായ വെട്ടിത്തിരുത്തലുകള്‍ കൂടാതെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയുമുണ്ടായി.
ഏറെക്കുറെ മെച്ചപ്പെട്ട വര്‍ധനവാണ് 2014 ജൂലൈ ഒന്ന് മുതല്‍ക്കുള്ള മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2,000 മുതല്‍ 12,000 രൂപ വരെ വര്‍ധനവുണ്ട്. മിനിമം ശമ്പളം 16,500ലേക്ക് ഉയരും. പല മേഖലയിലും ഇരട്ടിയോളം വരും വര്‍ധന. എല്‍ ഡി ക്ലാര്‍ക്കിന്റേത് നിലവിലെ 9,940ല്‍ നിന്ന് 19,000 ആയും പോലീസ് കോണ്‍സ്റ്റബിളിന്റേത് 10,480ല്‍ നിന്ന് 22,200 ആയും എല്‍ പി, യു പി അധ്യാപകരുടേത് 13,210ല്‍ നിന്ന് 25,200 ആയും വര്‍ധിക്കുകയാണ്. വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങിയവയിലും ഗണ്യമായ വര്‍ധനയുണ്ട്.
ആനുകൂല്യങ്ങള്‍ ഉയരുന്നതിന് അനുസൃതമായി ജീവനക്കാര്‍ ജനങ്ങള്‍ക്കും നാടിനും തിരിച്ചു നല്‍കുന്ന സേവനങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. രാമചന്ദ്രന്‍ കമ്മീഷന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടുകയും ഈ ലക്ഷ്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും അതെല്ലാം സര്‍ക്കാര്‍ ശീതീകരണിയിലേക്ക് മാറ്റിയിരിക്കയാണ്. ഇതേക്കുറിച്ചു പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിഗണിക്കുമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാനും വിമര്‍ശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമുള്ള അടവെന്നതില്‍ കവിഞ്ഞ് സമിതി നിയമനത്തിന് ഒരു പ്രസക്തിയുമില്ലെന്നു മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.ഒമ്പതാം ശമ്പള പരിഷ്‌കരണ കമ്മീഷനും സമാനമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളുകയാണുണ്ടായത്. അല്ലെങ്കില്‍ ഇനിയുമെന്താണ് ഇക്കാര്യത്തില്‍ കൂടുതല്‍ പഠിക്കാനുള്ളത്? ചുരുക്കം ചിലരെ മാറ്റിനിര്‍ത്തിയാല്‍ ജീവനക്കാരുടെ പ്രവര്‍ത്തനം ഒട്ടും കാര്യക്ഷമമല്ലെന്നും അഴിമതി വ്യാപകമാണെന്നും സ്‌കൂളുകളില്‍ പഠനനിലവാരം പിന്നോട്ടടിക്കുകയാണെന്നും ആര്‍ക്കാണറിയാത്തത്? എസ് ഇ ആര്‍ ടിയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിലവാരത്താഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഉന്നത പഠനമേഖലകളിലും സംസ്ഥാനം പിറകിലാണ്. ഇത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി റിപ്പോര്‍ട്ടിലുണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചിരുന്നതുമാണ്. ഇതടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം തയ്യാറാക്കിയതും.
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നാണ് സംഘടനകളുടെ ആരോപണം. അവധി ദിനങ്ങള്‍ കുറക്കുക, ഹാജര്‍ നിര്‍ബന്ധമാക്കുക, എല്ലായിടത്തും പഞ്ചിംഗ് സിസ്റ്റം, പ്രതിവര്‍ഷം കുറഞ്ഞത് 285 പ്രവൃത്തിദിവസങ്ങള്‍, 25 പൊതുഅവധി 15 ആയും 10 നിയന്ത്രിതാവധി അഞ്ചായും കുറക്കുക, തുല്യതസ്തികകളിലേക്കു പൊതുപരീക്ഷ, പ്രധാന തസ്തികകളിലേക്ക് രണ്ട് തട്ടില്‍ പരീക്ഷ, വിവിധ വകുപ്പുകളിലെ അധികജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലുള്‍പ്പെടെ പുനര്‍വിന്യസിക്കുക, സ്ഥാനക്കയറ്റത്തിന് സര്‍വീസ് കാലാവധിക്ക് പുറമെ എഴുത്തുപരീക്ഷ കൂടി മാനദണ്ഡമാക്കുക തുടങ്ങിവയാണ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍. ഇതിലെവിടെയാണ് ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത്? ജോലിയില്‍ ഉദാസീനത കാണിക്കുകയും ഉഴപ്പി നടക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഓഫീസുകളില്‍ ഹാജരാകാനും സ്വാധീനത്തിലൂടെയും സമ്മര്‍ദത്തിലൂടെയും അനര്‍ഹമായി സ്ഥാനക്കയറ്റം നേടാനുള്ള അവസരം നഷ്ടമാകുകയും ചെയ്യുമെന്നതൊഴിച്ചാല്‍ ദോഷകരമായി ബാധിക്കുന്ന നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചു ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ അത് നിരാകരിക്കുന്നതിന് പിന്നില്‍. ജീവനക്കാരുടെ സങ്കുചിത താത്പര്യത്തിന് മുന്നില്‍ അവര്‍ക്ക് വേതനത്തിനാവശ്യമായ തുക പൊതുഖജനാവിലെത്തിച്ചു കൊടുക്കുന്ന പൊതുജനങ്ങളുടെ താത്പര്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാകുമ്പോള്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശക്കുമായി വിനിയോഗിക്കേണ്ടിവരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇത് 61 മുതല്‍ 65 ശതമാനം വരെയായിരുന്നു. പരിഷ്‌കരണത്തിന് കമ്മീഷന്‍ കണക്കാക്കുന്ന അധിക ബാധ്യത 5,277 കോടി രൂപയാണെങ്കിലും 7,222 കോടി വരുമെന്നാണ് ധനകാര്യവകുപ്പിന്റെ വിലയിരുത്തല്‍. ആ പരിധിയും കടന്നു 10,767 കോടിയിലെത്തുമെന്നും അഭിപ്രായമുണ്ട്. പൊതുജനത്തെ പിഴിഞ്ഞാണല്ലോ ഈ തുക കണ്ടെത്തേണ്ടത്. എങ്കില്‍ ജീവനക്കാരില്‍ നിന്ന് മെച്ചപ്പെട്ട സേവനവും അധ്യാപകരില്‍ നിന്ന് മെച്ചപ്പെട്ട അധ്യാപനവും ലഭിക്കണമെന്ന പൊതുസമൂഹത്തിന്റെ താത്പര്യത്തിന് നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നത് ന്യായമാണോ?