Connect with us

Ongoing News

വെസ്റ്റ് ഇന്‍ഡീസ് താരം ശിവനരേന്‍ ചന്ദര്‍പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

Published

|

Last Updated

ഗയാന: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ശിവനരേന്‍ ചന്ദര്‍പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. നാല്‍പ്പത്തിയൊന്നുകാരനായ ചന്ദര്‍പോളിന് ഏറെ നാളായി ടീമില്‍ ഇടംലഭിച്ചിരുന്നില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ 11,867 റണ്‍സ് നേടിയാണ് ചന്ദര്‍പോള്‍ രാജ്യാന്തര മത്സരങ്ങളില്‍നിന്നും വിടവാങഅങുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും അധികം റണ്‍സ് നേടിയതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ 87 റണ്‍സ്‌കൂടി മതിയായിരുന്നു ഈ ഗയാന സ്വദേശിക്ക്. റണ്‍ വേട്ടയില്‍ ബ്രയാന്‍ ലാറയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായാണ് ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടെസ്റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ചന്ദര്‍പോള്‍ 1994ല്‍ ഇംഗ്ലണ്ടിനതിരെ ഗയാനയിലാണ് അരങ്ങേറിയത്. അരങ്ങേറ്റത്തില്‍തന്നെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 2015 മേയിലാണ് അവസാനമായി വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ കളിച്ചത്. അലിസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലണ്ടി നെതിരേയായിരുന്നു അത്. അന്ന് വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു. തുടര്‍ന്ന് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് ചന്ദര്‍പോളിനെ ഒഴിവാക്കി. ദിനേഷ് രാംദിനായിരുന്നു വിന്‍ഡീസ് നായകന്‍.

164 ടെസ്റ്റില്‍നിന്ന് 30 സെഞ്ചുറിയും 66 അര്‍ധ സെഞ്ചുറിയും ആ ബാറ്റില്‍നിന്ന് പിറന്നു. പുറത്താകാതെ നേടിയ 203 റണ്‍സ് ആണ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഒമ്പതു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 268 ഏകദിനങ്ങളില്‍ വിന്‍ഡീസ് നിറമണിഞ്ഞ ചന്ദര്‍പോള്‍ 41.60 ശരാശരിയില്‍ 8,778 റണ്‍സും സ്വന്തമാക്കി. 1994 ഒക്ടോബറില്‍ ഇന്ത്യക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 2011 മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരായ മത്സരത്തോടെ ഏകദിനപിച്ചില്‍നിന്ന് വിടവാങ്ങി.

2004ല്‍ സ്‌പോണ്‍സര്‍ഷ്, പ്രതിഫല പ്രശ്‌നങ്ങളില്‍ കുടുങ്ങി പ്രതിഷേധങ്ങളുമായി ടീം അംഗങ്ങള്‍ ചേരിതിരിഞ്ഞപ്പോള്‍ വ്യത്യസ്ത നിലപാടുമായി ചന്ദര്‍പോള്‍ നിന്നു. പ്രതിഷേധസൂചകമായി പരിശീലനത്തില്‍നിന്ന് വിട്ടുനിന്നെങ്കിലും ചന്ദര്‍പോളിന് ടീമില്‍നിന്ന് പുറത്തുപോകേണ്ടിവന്നില്ല. അന്ന് ഏഴ് പ്രമുഖരെ തഴഞ്ഞാണ് വിന്‍ഡീസ് സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുത്തത്. അങ്ങനെ ബ്രയാന്‍ ലാറയ്ക്ക് പകരമായി വിന്‍ഡീസ് നായകസ്ഥാനത്തും അക്കാലത്ത് ചന്ദര്‍പോള്‍ എത്തി. നായകസ്ഥാനത്ത് ഒരു വര്‍ഷംപോലും തികയ്ക്കാതെ സ്വയം പടിയിറങ്ങുകയായിരുന്നു ചന്ദര്‍പോള്‍.