Connect with us

Malappuram

ഗുണനിലവാരം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

മലപ്പുറം: മങ്കട സ്വദേശിയായ അഹമ്മദ് ഹാജി നല്‍കിയ പരാതിയില്‍ അങ്കണ്‍വാടികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഭക്ഷ്യസുരക്ഷാ ഓഫീസറും സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗിലായിരുന്നു ഉത്തരവ്.
നേരത്തെ രജിസ്റ്റര്‍ ചെയ്ത 75 പരാതികളും പുതുതായി ആറ് പരാതികളും പരിഗണിച്ച സിറ്റിംഗില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. ചെറുകര സ്വദേശി ആഇശ ഒലീന മഹിളാ സമാജം വഴി 2008 മുതല്‍ 2013 വരെ എല്‍ ഐ സി യില്‍ പണമടച്ചിട്ടും ഇവരുടെ ക്ലയിം അംഗീകരിക്കുന്നില്ലെന്ന പരാതിയില്‍ ഇവരുടെയും സമാന രീതിയില്‍ പണമടച്ചവരുടെയും ക്ലയിം അംഗീകരിക്കാമെന്ന് എല്‍ ഐ സി സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം ചെവിയുടെ ഓപറേഷന്‍ നടത്തിയപ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു എന്ന പരാതിയില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി. തിരൂര്‍ സ്വദേശിയായ മോഹനന്‍ നല്‍കിയ പരാതിയില്‍ ഓപറേഷനിലെ പാളിച്ച കാരണമല്ല, ശാരീരികമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലാതിരുന്നതിനാലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മാല്‍കോ ടെക്‌സ് ജീവനക്കാരനായ ശമീര്‍ എട്ട് വര്‍ഷമായി ഇലക്ട്രീഷന്‍ തസ്തികയില്‍ ജോലി ചെയ്തിട്ടും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ മുന്‍കാല പ്രാബല്യത്തോടെ ഗ്രേഡ് പ്രമോഷന്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി.
ഓട്ടോ ഡ്രൈവറായ സി ഗിരീഷിന് മഞ്ചേരി നഗരത്തില്‍ പെര്‍മിറ്റ് അനുവദിക്കുന്നില്ലെന്ന പരാതിയില്‍ നഗരസഭയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ആര്‍ ടി ഒ യോട് കമ്മീഷന്‍ ഉത്തരവിട്ടു.
നിലമ്പൂര്‍ സ്വദേശിയായ സരോജിനിയുടെ പേര് ബി പി എല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും ബി പി എല്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചില്ലെന്ന പരാതിയില്‍ ഇവര്‍ക്ക് ബി പി എല്‍ കാര്‍ഡ് അനുവദിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്റെ അടുത്ത സിറ്റിംഗ് തിരൂരില്‍ അടുത്ത മാസം 10നും മലപ്പുറത്ത് 19നും നടക്കും

---- facebook comment plugin here -----

Latest