Connect with us

Kozhikode

ഷിബിന്‍ വധം: സമയം പാകമാകുമ്പോള്‍ തിരിച്ചടിക്കും- എം എം മണി

Published

|

Last Updated

വെളളൂരില്‍ ഷിബിന്‍ രക്തസാക്ഷി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം എം എം മണി നിര്‍വഹിക്കുന്നു

നാദാപുരം: ഷിബിന്‍ വധത്തില്‍ സമയം പാകമാകുമ്പോള്‍ തിരിച്ചടിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണി. തൂണേരി വെള്ളൂരില്‍ ഷിബിന്റെ ഒന്നാം രക്തസാക്ഷി ദിനാചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് താന്‍ ചെയ്യണമെന്നില്ല. വേണ്ടപ്പെട്ടവര്‍ ചെയ്യും. 71 കാരനായ തനിക്ക് അതിന് കഴിയില്ല. എന്നാല്‍ അണികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ തനിക്ക് കഴിഞ്ഞേക്കാം. ഒരു കുരുന്നാണ് കൊലപ്പെട്ടത്. പ്രായമുള്ള ആളാണെങ്കില്‍ പൊതു പ്രവര്‍ത്തനം നടത്തി ഭീഷണിയായതാണെന്ന് പറയാം. കൊന്നത് എന്തിന് വേണ്ടിയെന്ന് ലീഗ് നേതൃത്വം വെളിപ്പെടുത്തണം. അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് തീര്‍ച്ച. പൊതുയോഗം നടത്തി സംഘര്‍ഷമുണ്ടാക്കാന്‍ സി പി എമ്മിന് വട്ടൊന്നുമില്ല. അടിച്ചാല്‍ തിരിച്ചടിക്കും. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സി പി എമ്മെന്നും അദ്ദേഹം പറഞ്ഞു. നെല്ല്യേരി ബാലന്‍ അധ്യക്ഷത വഹിച്ചു. കെ കെ ലതിക എം എല്‍ എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണന്‍, വി രാജീവന്‍, എ മോഹന്‍ദാസ്, ഷിബിന്റെ പിതാവ് ഭാസ്‌കരന്‍, ലോക്കല്‍ സെക്രട്ടറി ടി എം ബാലകൃഷ്ണന്‍ പങ്കെടുത്തു. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വേറ്റുമ്മലില്‍ നിന്ന് വെള്ളൂരിലേക്ക് സി പി എമ്മിന്റെ ശക്തി പ്രകടനവും നടന്നു. റൂറല്‍ എസ് പി പ്രതീഷ് കുമാര്‍, എ എസ് പി കറുപ്പസ്വാമി, എസ് ബി ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേത്യത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഷിബിന്റെ വീടിനടുത്ത് വെച്ചാണ് പൊതുസമ്മേളനം നടന്നത്.