Connect with us

Wayanad

ബാലവേലക്കായി കടത്തിക്കൊണ്ടുവന്ന കുട്ടികളെയും വാഹനവും കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കല്‍പ്പറ്റ: ബാലവേലക്കായി കുട്ടികളെയുംകൊണ്ടു വരികയായിരുന്ന വാഹനവും കുട്ടികളെയും ചൈല്‍ഡ്‌ലൈന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു.
കാലത്ത് ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റയില്‍ നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്.
വിവിധ കോളനികളില്‍ നിന്നും കല്‍പ്പറ്റ – പുഴമുടിയിലുള്ള തോട്ടത്തിലേക്കാണ് കുട്ടികളെ ജോലിക്കായി കൊണ്ടുപോയത്. മറ്റൊരു സംഭവത്തില്‍ മേപ്പാടി – മുക്കംകുന്നിലുള്ള കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നാല് ആദിവാസികുട്ടികളെ മേപ്പാടി പോലീസിന്റെ സഹായത്തോടെ മോചിപ്പിച്ചു. വിദ്യാലയത്തില്‍ പോകാതെ ഇവര്‍ ദിവസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തോട്ടം മേഖലയില്‍ ആദിവാസി കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ചൈല്‍ഡ്‌ലൈന്‍, പോലീസ്, തൊഴില്‍ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രത്യേക നിരീക്ഷണത്തിന്റെ ഭാഗമായാണ് കുട്ടികളെ മോചിപ്പിച്ചത്.
കുട്ടികളെകൊണ്ട് ജോലി ചെയ്യിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും. കല്‍പ്പറ്റയില്‍ എ.എസ്.ഐ. വാസുദേവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍, ടീം അംഗങ്ങളായ സി.ജെ. ഷാജി, പി.വി. സതീഷ്‌കുമാര്‍, ഷെമീര്‍ എന്നിവരുടെയും, മേപ്പാടിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ മജീദ്, ചൈല്‍ഡ്‌ലൈന്‍ ടീം അംഗങ്ങളായ പി.വി. സതീഷ്‌കുമാര്‍, ലക്ഷ്മണ്‍ ടി.എ., ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍ അമൃത എന്നിവരുടെയും നേതൃത്വത്തിലുമാണ് കുട്ടികളെ മോചിപ്പിച്ചത്. തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

Latest