Connect with us

Ongoing News

ക്ലാര്‍നെറ്റില്‍ വിജയരാഗം മീട്ടി ജോയല്‍

Published

|

Last Updated

തിരുവനന്തപുരം: കുമരംങ്കരിക്കാരുടെ സോളമന്‍ ആമേന്‍ എന്ന സിനിമയിലെ കഥാപാത്രമാണെങ്കില്‍ കുളനട കുടശനക്കാട്ടുകാരെ ക്ലാര്‍നെറ്റ് വായിച്ച് രസിപ്പിക്കാന്‍ മറ്റൊരു സോളമനുണ്ട്. കുളനട പഞ്ചായത്ത് എച്ച്എസ്എസിലെ ജോയല്‍ മാത്യു ജോസ് ആണ് കുടശനാട്ടുകാരുടെ സോളമന്‍. “ആമേന്‍” എന്ന സിനിമ ചിത്രീകരിച്ച കുമരംമകരി ഗ്രാമത്തില്‍നിന്ന് അധികം ദൂരെയല്ല പന്തളത്തെ കുടശനാട്. ചിരവൈരികളായ മാര്‍ത്താമറിയം ബാന്റിനോട് പോരാടി കുമരംകരി ഗീവര്‍ഗീസ് ബാന്റിന് വിജയം നേടിക്കൊടുക്കുന്ന നായകനാണ് സിനിമയിലെ സോളമന്‍. ആ സോളമനുമായി ചില സാമ്യമൊക്കെയുണ്ട് ജോയലിന്. എച്ച്എസ്എസ് വിഭാഗം ബ്യൂഗിള്‍- ക്ലാര്‍നെറ്റ് മത്സരത്തില്‍ 14 പേരോട് മത്സരിച്ചാണ് ജോയല്‍ ഒന്നാംസ്ഥാനം നേടിയത്.
പിന്നെയുമുണ്ട് ജോയലിന്റെ വിശേഷങ്ങള്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് മത്സരത്തില്‍ അവതരിപ്പിക്കാനുള്ള ട്യൂണുകള്‍ പഠിച്ചത്. സാജു ഫിലിപ്പ് സെബാസ്റ്റിയന്‍ എന്ന അധ്യാപകന്‍ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു. യൂട്യൂബിന്റെ സഹായത്തോടെ പാശ്ചാത്യ രീതിയിലുള്ള ട്യൂണുകള്‍ പരിശീലിച്ചു. ഇത്തരത്തില്‍ ഒരുവര്‍ഷം പരിശീലിച്ച ശേഷമാണ് കലോത്സവത്തില്‍ ഒരുകൈ നോക്കാമെന്ന് തീരുമാനിച്ചത്. സംസ്ഥാനതലംവരെയെത്തി. പക്ഷേ ഒന്നാംസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. തന്റെ ഇരട്ടസഹോദരനായ ജോവേല്‍ വര്‍ഗീസ് ജോസ് ആണ് ജോയലിന്റെ ഉപദേഷ്ടാവ്. ഇരുവരും ലണ്ടന്‍ ട്രിനിറ്റി മ്യൂസിക് കോളേജിന്റെ അംഗീകാരത്തോടെ പന്തളത്ത് പ്രവര്‍ത്തിക്കുന്ന “രാഗമാലിക” എന്ന സ്ഥാപനത്തിലെ സംഗീത വിദ്യാര്‍ഥികളാണ്. ജോയല്‍ പാശ്ചാത്യ സംഗീതവും (വോക്കല്‍) ജോവേല്‍ വയലിനും പഠിക്കുന്നു. കൂരമ്പാല ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയായ ഫാ. ജോസ് തോമസിന്റെയും സൂസി ജോര്‍ജിന്റെയും മകനാണ് ജോയല്‍.

---- facebook comment plugin here -----

Latest